
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കോംപാക്ട് എസ്‌യുവിയായ നെക്സോണിന് തലമുറ മാറ്റം വരുന്നു. 2027ൽ പുതിയ തലമുറ നെക്സോൺവിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. പുതിയ മോഡൽ നിലവിൽ വിപുലമായ പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ വാഹനത്തെ കണ്ടെത്തിയതോടെ പുതിയ മോഡലിനെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ നെക്സോണിൽ ഡിസൈനിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ പ്രീമിയം ഇന്റീരിയർ, പുതിയ ഫീച്ചറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം നിലവിലുള്ള എൻജിൻ ഓപ്ഷനുകൾ തന്നെ നിലനിർത്താനാണ് സാധ്യത.
‘ഗരുഡ്’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ നെക്സോൺ ടാറ്റയുടെ പുതിയ എ.ടി.എൽ.എ.എസ് പ്ലാറ്റ്‌ഫോമിലേക്ക് മാറും. ടാറ്റ കർവ്വിലും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം വിവിധ ബോഡി ശൈലികൾക്കും വാഹന വലുപ്പങ്ങൾക്കും സെഗ്‌മെന്റുകൾക്കും പവർട്രെയിനുകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലൗഡ് കണക്റ്റിവിറ്റി, കൂടുതൽ നൂതനമായ ഇലക്ട്രിക് ആർക്കിടെക്ചർ തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾക്കും എ.ടി.എൽ.എ.എസ് പ്ലാറ്റ്‌ഫോം അനുയോജ്യമാണെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷണയോട്ടത്തിനിടെ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് 2027 നെക്സോണിന്റെ മുൻഭാഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാകും. സ്പ്ലിറ്റ് സജ്ജീകരണത്തിലുള്ള എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എയർ ഇൻലെറ്റുകളുള്ള പരിഷ്കരിച്ച ഗ്രിൽ, പുതുക്കിയ ബമ്പർ എന്നിവ വാഹനത്തിന് ലഭിച്ചേക്കും. ബോണറ്റിന്റെ താഴത്തെ ഭാഗത്തോട് ചേർന്ന് സ്ലീക്ക് എൽ.ഇ.ഡി ഡി.ആർ.എല്ലുകളും നൽകും. ലെവൽ 2 എ.ഡി.എ.എസ് സംവിധാനത്തിനായുള്ള ചതുരാകൃതിയിലുള്ള റഡാർ സെൻസറും മുൻ ബമ്പറിൽ സംയോജിപ്പിച്ച നിലയിൽ കാണപ്പെടുന്നുണ്ട്.
പുതിയ അലോയ് വീലുകൾ, കൂടുതൽ ശ്രദ്ധേയമായ റൂഫ് റെയിലുകൾ, ഒ.ആർ.വി.എം ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകൾ, വലുതാക്കിയ വീൽ ആർച്ചുകൾ എന്നിവയാണ് പുറംഭാഗത്തെ മറ്റ് പ്രധാന മാറ്റങ്ങൾ. പിന്നിൽ കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, പരിഷ്കരിച്ച റിയർ ബമ്പർ, കൂടുതൽ ചരിഞ്ഞ വിൻഡ്‌ഷീൽഡ് എന്നിവയും പുതിയ നെക്സോണിൽ പ്രതീക്ഷിക്കുന്നു.
അകത്തളത്തിലും നെക്സോണിന് വലിയ മാറ്റങ്ങളുണ്ടാകും. പുതിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, പരിഷ്കരിച്ച ട്രിമുകൾ, പുതിയ ക്യാബിൻ തീം എന്നിവ ലഭിച്ചേക്കും. ഫീച്ചറുകളുടെ കാര്യത്തിൽ പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പരിഷ്കരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പൂർണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവ പ്രതീക്ഷിക്കാം.
ലെവൽ 2 എ.ഡി.എ.എസ് സംവിധാനമാണ് പുതിയ നെക്സോണിലെ പ്രധാന സുരക്ഷാ അപ്‌ഗ്രേഡുകളിലൊന്ന്. ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയവയും സുരക്ഷാ പാക്കേജിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
എൻജിൻ ഓപ്ഷനുകളിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. നിലവിലുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ പ്ലസ് സി.എൻ.ജി പവർട്രെയിനുകൾ പുതിയ നെക്സോണിലും തുടർന്നേക്കും. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എ.എം.ടി, 7 സ്പീഡ് ഡി.സി.ടി എന്നീ ഗിയർബോക്സ് ഓപ്ഷനുകളും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ തലമുറ നെക്സോൺ നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയം ഫീച്ചറുകളും സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന വാഹനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.