
ആഗോളതലത്തിൽ ഏറ്റവും പ്രശസ്‍തമായ എസ്‌യുവികളിൽ ഒന്നാണ് നിസാൻ പട്രോൾ. അതിന്റെ മികച്ച ഈട്, ശക്തമായ ഓഫ്-റോഡ് കഴിവുകൾ, ഗംഭീരമായ റോഡ് സാന്നിധ്യം തുടങ്ങിയവ തലമുറകളായി പ്രശംസിക്കപ്പെടുന്നു. ഇരട്ട-ടർബോ V6 എഞ്ചിനും ഹൈടെക് ഇന്റീരിയറും ഉള്ള എസ്‌യുവി നിര നിലവിൽ ഏഴാം തലമുറയിലാണ്. ഉയർന്ന നികുതി, പൂർണ്ണ വലുപ്പത്തിലുള്ള ഓഫ്-റോഡറുകൾക്കുള്ള കുറഞ്ഞ വിപണി ആവശ്യകത, അതിന്റെ പ്രീമിയം പൊസിഷനിംഗ് എന്നിവ കാരണം ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇതുവരെ പട്രോൾ ഇന്ത്യയിൽ കൊണ്ടുവരുന്നത് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു.
സിബിയു (കംപ്ലീറ്റ്‌ലി ബിൽറ്റ്-അപ്പ്) റൂട്ട് വഴി ഇന്ത്യയിൽ നിസാൻ പട്രോൾ അവതരിപ്പിക്കുന്നത് നിസാൻ വിലയിരുത്താൻ തുടങ്ങിയതായിട്ടാണ് റിപ്പോർട്ടുകൾ. ഹോമോലോഗേഷൻ-ഫ്രീ ഇറക്കുമതി റൂട്ടിൽ പട്രോൾ എസ്‌യുവി പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ടെന്ന് ചീഫ് പെർഫോമൻസ് ഓഫീസർ (സിപിഒ) ഗില്ലൂം കാർട്ടിയർ ഓട്ടോ കാർ ഇന്ത്യയോട് വെളിപ്പെടുത്തി. പൂർണ്ണ ഹോമോലോഗേഷൻ ഇല്ലാതെ തന്നെ പ്രതിവർഷം 2,500 സിബിയു യൂണിറ്റുകൾ അല്ലെങ്കിൽ എസ്‌കെഡി കിറ്റുകൾ വരെ ഇറക്കുമതി ചെയ്യാൻ നിർമ്മാതാക്കൾക്ക് ഈ പദ്ധതി അനുവദിക്കുന്നു.
നിസാൻ പട്രോൾ ബ്രാൻഡിന് ഒരു ഹാലോ ഉൽപ്പന്നമായി വർത്തിക്കുകയും ഇന്ത്യയിലെ ടൊയോട്ട LC300, ലാൻഡ് ക്രൂയിസർ പ്രാഡോ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യും. ഇതിന്റെ എക്സ്-ഷോറൂം വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോളതലത്തിൽ, എസ്‌യുവി നിര നിലവിൽ രണ്ട് പെട്രോൾ V6 എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത് - 3.8L, നാച്ചുറലി ആസ്പിറേറ്റഡ്, 3.5L ട്വിൻ-ടർബോ. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 316bhp കരുത്തും 386Nm ടോർക്കും നൽകുന്നു, അതേസമയം ട്വിൻ-ടർബോ യൂണിറ്റ് 425bhp കരുത്തും 700Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ ഒരു ഫുൾ-ടൈൻ എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവുമായാണ് വരുന്നത്.
സാൻഡ്, റോക്ക്, മഡ്/റട്ട്, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകൾ പട്രോൾ വാഗ്ദാനം ചെയ്യുന്നു. ഇതിന് 244 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. യഥാക്രമം 32 ഡിഗ്രിയും 25.5 ഡിഗ്രിയും അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളുണ്ട്. ടെറൈൻ മാനേജ്മെന്റ് സിസ്റ്റം, ലോക്കിംഗ് ഡിഫറൻഷ്യൽ, 4WD ട്രാൻസ്ഫർ മോഡ് ഇന്റർലോക്ക് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ അതിന്റെ ഓഫ്-റോഡ് കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു.