
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. വില, ഡിസൈൻ, സവിശേഷതകൾ തുടങ്ങിയവ കാരണം, ഈ എസ്‌യുവി വളരെക്കാലമായി ഇന്ത്യൻ വിപണിയിൽ മുന്നിട്ടുനിൽക്കുന്നു. ഇപ്പോഴിതാ ഈ കോംപാക്റ്റ് എസ്‌യുവി സുരക്ഷയിലും മിടുക്കനാണെന്ന് തെളിയിച്ചിരിക്കുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയാണ് നിസാൻ മാഗ്നൈറ്റ് ഫേസ്‍ലിഫ്റ്റ് കരുത്ത് തെളിയിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി മാഗ്നൈറ്റിന് മൂന്ന് സ്റ്റാർ റേറ്റിംഗും ലഭിച്ചു. മാഗ്നറ്റ് മുമ്പ് പങ്കെടുത്ത പഴയ ക്രാഷ് ടെസ്റ്റ് റേറ്റിംഗിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് പ്രത്യേകത.
മാഗ്നൈറ്റിന്റെ പുതുക്കിയ മോഡലിന്റെ സുരക്ഷാ പാക്കേജിൽ നിസാൻ നിരവധി സവിശേഷതകൾ ചേർത്തിട്ടുണ്ട്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) തുടങ്ങി നിരവധി പ്രധാന മാറ്റങ്ങൾ അതിന്റെ പരിഷ്‍കരിച്ച മോഡലിൽ നൽകിയിട്ടുണ്ട്. നിലവിലെ ആഗോള എൻസിഎപി ടെസ്റ്റ് മാനദണ്ഡങ്ങൾ പ്രകാരം മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിംഗ് നേടിയ ദക്ഷിണാഫ്രിക്കയിൽ വിറ്റഴിക്കപ്പെട്ട ആദ്യത്തെ വാഹനമായി മാഗ്നൈറ്റ് മാറി. മാഗ്നൈറ്റിന്റെ മുൻ പതിപ്പിന് സ്റ്റാൻഡേർഡായി രണ്ട് എയർബാഗുകൾ ഉണ്ടായിരുന്നു. ഇതിന് രണ്ട് സ്റ്റാർ റേറ്റിംഗ് മാത്രമേ ലഭിച്ചിരുന്നുള്ളൂ.
നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ 1.0 ലിറ്റർ എൻഎ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിലാണ് വരുന്നത്. 1.0 ലിറ്റർ എൻഎ പെട്രോൾ എഞ്ചിൻ 71 bhp പവറും 96 Nm ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് എംടിഅല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്‍മിഷനിൽ ഈ മോഡൽ സ്വന്തമാക്കാം. 6-സ്പീഡ് എംടി അല്ലെങ്കിൽ സിവിടി ഗിയർ ബോക്സിലും നിസാൻ മാഗനൈറ്റ് ലഭ്യമാണ്. ഈ കാർ ക്ലാസ് കംഫർട്ടിൽ ഏറ്റവും മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 360 ഡിഗ്രി ലെതർ ടച്ച് ലഭിക്കുന്നു. ഈ സെഗ്‌മെന്റിൽ ഇത് ആദ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
വയർലെസ് ചാർജർ, എറൗണ്ട് വ്യൂ മോണിറ്റർ, പുതിയ ഐ കീ, വാക്ക് എവേ ലോക്ക്, 60 മീറ്ററിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് തുടങ്ങിയ നൂതന സവിശേഷതകൾ നിസാൻ മാഗ്നെറ്റിൽ ഉണ്ട്. ശുദ്ധവായു ലഭിക്കാൻ, കമ്പനി അതിൽ ഒരു നൂതന എയർ ഫിൽട്ടർ സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോ ഡിം ഫ്രെയിംലെസ് ഐആർവിഎം (ഇൻസൈഡ് റിയർ-വ്യൂ മിറർ) ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു. സുരക്ഷാ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, 6 എയർബാഗുകൾ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ ഇതിലുണ്ട്. ഇതിന് നാല് ആംബിയന്‍റ് ലൈറ്റിംഗ് ഉണ്ട്. 540 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് ഉണ്ട്. 6.14 ലക്ഷം രൂപ മാത്രമാണ് നിസാൻ മാഗ്നൈറ്റിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില.
ഇന്ത്യൻ വിപണിയിലെ കമ്പനിയുടെ ഏറ്റവും ജനപ്രിയ കാറാണ് മാഗ്നൈറ്റ്. 2020 ൽ പുറത്തിറങ്ങിയതിനുശേഷം മാഗ്നൈറ്റ് എസ്‌യുവിയുടെ രണ്ടുലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. 2024 ഒക്ടോബറിൽ നിസാൻ മാഗ്നൈറ്റ് പുനർരൂപകൽപ്പന ചെയ്തു. അടുത്തിടെ, മാഗ്നൈറ്റ് സിഎൻജി പുറത്തിറക്കിയിരുന്നു. കാറിന് ഇപ്പോൾ ഒരു റിട്രോഫിറ്റഡ് സിഎൻജി ഓപ്ഷൻ ലഭിക്കുന്നു. ഈ പതിപ്പിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 75,000 രൂപ വില കൂടുതലാണ്.