
2026 മധ്യത്തിൽ ഇന്ത്യൻ വിപണിയിൽ പുതിയ എസ്‍യുവി അവതരിപ്പിച്ചുകൊണ്ട് ഇടത്തരം എസ്‌യുവി വിഭാഗത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ. കമ്പനി അടുത്തിടെ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഇടത്തരം എസ്‌യുവിയുടെ ആഗോള പ്രീമിയർ നടത്തി. 'ടെക്‌ടൺ' ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഈ എസ്‍യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം.
സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിൽ എത്തുന്ന നിസാൻ ടെക്‌ടണിൽ പെട്രോൾ മാത്രം ഉപയോഗിക്കുന്നതും ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളും ഉണ്ടായിരിക്കും. ഉയർന്ന വേരിയന്റുകളിൽ എഡബ്ല്യുഡി സിസ്റ്റവും ലഭിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഉയർന്ന വേരിയന്റുകളിൽ മാത്രമേ ശക്തമായ ഹൈബ്രിഡ് സജ്ജീകരണം ലഭ്യമാകൂ. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും.
പുതുതലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ടെക്റ്റൺ നിർമ്മിച്ചിരിക്കുന്നതെങ്കിലും, ബ്രാൻഡിന്റെ പട്രോൾ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുറം രൂപകൽപ്പന. മുൻവശത്ത് ഡ്യുവൽ ക്രോം സ്ട്രിപ്പുകളുള്ള മെലിഞ്ഞ ഗ്രില്ലും നിസ്സാൻ ലോഗോ മധ്യഭാഗത്തും കാണാം. ക്ലാംഷെൽ ബോണറ്റ്, ഡ്യുവൽ-ടോൺ ഫ്രണ്ട് ബമ്പർ, വീൽ ആർച്ചുകൾക്ക് സമീപമുള്ള ബോഡി ക്ലാഡിംഗ്, മൾട്ടി-സ്പോക്ക് 18 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സ്റ്റൈലിംഗ് ഹൈലൈറ്റുകൾ.
മുൻവശത്തെ വാതിലുകളിൽ എയർ ഇൻടേക്ക് പോലുള്ള ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇവ വെള്ളി തീമിൽ പൂർത്തിയാക്കിയിരിക്കുന്നു. മാരുതി സ്വിഫ്റ്റിന് സമാനമായി പിൻവശത്തെ വാതിലുകളുടെ വിൻഡോയിൽ ഗ്രാബ് ഹാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു. പിൻവശത്തെ പ്രൊഫൈലിൽ കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ സിൽവർ, ബ്ലാക്ക് ബമ്പർ, റൂഫ്-മൗണ്ടഡ് സ്‌പോയിലർ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളായി ലഭിക്കുന്നു.
നിസാൻ ടെക്റ്റണിന്റെ ഇന്റീരിയർ ക്യാബിൻ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. പകരം ഡാഷ്‌ബോർഡിന്റെ ചില ഭാഗങ്ങൾ ടീസർ ചെയ്തിട്ടുണ്ട്, അവിടെ ആംബിയന്‍റ് ലൈറ്റിംഗുള്ള ട്രിപ്പിൾ-ലെയേർഡ് ഡാഷ് യൂണിറ്റിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുടെ ഉപയോഗം നമുക്ക് കാണാൻ കഴിയും. എസി വെന്റുകളിൽ നിന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് ഓടുന്ന ഒരു സ്ലീക്ക് കോപ്പർ നിറമുള്ള സ്ട്രിപ്പും ടീസർ ചിത്രത്തിൽ കാണിക്കുന്നു. ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെ നിസാൻ ടെക്‌ടൺ റെനോ ഡസ്റ്ററിനേക്കാൾ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളുമെന്ന് റിപ്പോർട്ടുണ്ട്.
2026 മധ്യത്തോടെ നിസാൻ ടെക്റ്റൺ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ചെന്നൈയിലെ റെനോ-നിസാൻ ഫാക്ടറിയിൽ ഇത് പ്രാദേശികമായി നിർമ്മിക്കുന്നതിനൊപ്പം നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിക്ക് ശേഷം ജാപ്പനീസ് ബ്രാൻഡിന്റെ ഇന്ത്യയിലെ പോർട്ട്‌ഫോളിയോയിലെ രണ്ടാമത്തെ എസ്‌യുവി മോഡലായിരിക്കും ടെക്ടൺ. ഇതിന് 9-14 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരാം.