
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മോട്ടോർ കോർപ്പറേഷൻ ഡ്രൈവറില്ലാ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. 14 ക്യാമറകൾ, ചുറ്റും സ്ഥാപിച്ചിരിക്കുന്ന ആറ് ലിഡാർ സെൻസറുകൾ, ഒമ്പത് റഡാറുകൾ എന്നിവ ഉൾപ്പെടുന്ന ഡ്രൈവറില്ലാ സാങ്കേതികവിദ്യ നിറഞ്ഞ വാഹനം ജപ്പാനിലെ നിരത്തുകളിൽ നിസാൻ പരീക്ഷിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചൈനയും അമേരിക്കയും വൻ ആധിപത്യം പുലർത്തുന്ന ഓട്ടോണമസ് വാഹന വിപണിയിൽ ജപ്പാനും ക്രമേണ മുന്നേറുകയാണ് എന്ന് ഉറപ്പായി.
ഡ്രൈവറില്ലാ കാറുകൾ ഉപയോഗിച്ച് മികച്ച വിജയം നേടുക എന്ന സ്വപ്‍നത്തിലേക്ക് ജപ്പാൻ അടുത്തുകൊണ്ടിരിക്കുകയാണ്. ടെസ്‌ലയും ഗൂഗിളിന്റെ വേമോയും ഇതിനകം യുഎസിൽ നേതൃത്വം നേടിയിട്ടുണ്ട്. എന്നാൽ സ്വയം ഓടിക്കുന്ന വാഹനങ്ങളിലേക്കുള്ള ജപ്പാന്റെ യാത്ര ഇതുവരെ മന്ദഗതിയിലായിരുന്നു. എപി റിപ്പോർട്ട് അനുസരിച്ച്, മറ്റ് കാറുകളും കാൽനടയാത്രക്കാരും നിറഞ്ഞ തിരക്കേറിയ തെരുവുകളിലാണ് നിസാന്റെ പരീക്ഷണം നടന്നത്. സ്വയം ഓടിക്കുന്ന വാൻ ആ പ്രദേശത്തിന്റെ പരമാവധി വേഗത പരിധിയായ മണിക്കൂറിൽ 40 കിലോമീറ്ററിനുള്ളിൽ തന്നെ തുടർന്നു എന്നതാണ് ശ്രദ്ധേയം. വാഹനത്തിന്റെ അവസാന ലക്ഷ്യസ്ഥാനം ഒരു സ്‍മാർട്ട്‌ഫോൺ ആപ്പ് വഴിയാണ് സജ്ജീകരിച്ചത്. വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിൽ ഡ്രൈവർലെസ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൽ നിസാൻ മോട്ടോഴ്‌സിന് കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് നിസാൻ മോട്ടോഴ്‌സിലെ മൊബിലിറ്റി ആൻഡ് എഐ ലബോറട്ടറി എഞ്ചിനീയറായ തകേഷി കിമുറ സൂചിപ്പിച്ചു.
നിസാൻ അവരുടെ ഡ്രൈവറില്ലാ സാങ്കേതികവിദ്യ കമ്പനിയുടെ സെറീന മിനിവാനിലാണ് പരീക്ഷിച്ചത്. ഈ പരീക്ഷണം വ്യവസായത്തിന്റെ രണ്ടാം ലെവലായി കണക്കാക്കാം. കാരണം വാഹനത്തിലെ ഓട്ടോണമസ് സാങ്കേതികവിദ്യയിൽ എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ ഉടനടി നിയന്ത്രണം ഏറ്റെടുക്കാൻ കാറിന് പുറത്ത് മറ്റൊരു സ്ഥലത്ത് ഒരു റിമോട്ട് കൺട്രോൾ പാനലിന് മുന്നിൽ ഒരാൾ ഇരിക്കുന്നുണ്ട്.
മുൻവശത്തെ പാസഞ്ചർ സീറ്റിൽ ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വാഹനത്തിന്‍റ നിയന്ത്രണങ്ങൾ സ്വന്തം കൈകളിലേക്ക് എടുക്കാൻ കഴിയുമെന്നും നിസാൻ അവകാശപ്പെടുന്നു. ഭാവിയിൽ യോകോഹാമയിൽ ഇത്തരത്തിലുള്ള 20 വാഹനങ്ങൾ ഒരുക്കാൻ പദ്ധതിയിടുന്നതായും ഈ പരീക്ഷണങ്ങളുടെ നാലാം ലെവലിൽ എത്താൻ ലക്ഷ്യമിടുന്നതായും നിസാൻ അവകാശപ്പെടുന്നു. 2029 ആകുമ്പോഴേക്കും മനുഷ്യ പങ്കാളിത്തം ഉണ്ടാകില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ യോകോഹാമ പ്രദേശത്ത് ഇത്തരത്തിലുള്ള 20 വാഹനങ്ങൾ പുറത്തിറക്കാനാണ് നിസാൻ പദ്ധതിയിടുന്നത്. 2029 അല്ലെങ്കിൽ 2030 ആകുമ്പോഴേക്കും മനുഷ്യ പങ്കാളിത്തമില്ലാതെ, അതായത് ലെവൽ ഫോർ വാഹനങ്ങൾ പുറത്തിറക്കുക എന്നതാണ് പദ്ധതി. രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്നതും ഡ്രൈവർമാരുടെ കുറവും കണക്കിലെടുക്കുമ്പോൾ ഓട്ടോണമസ് വാഹനങ്ങൾക്ക് വലിയ സാധ്യതയാണ് ഉള്ളത്.