
ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ ആൾട്രോസിന് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. ആൾട്രോസിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 2025 ഓഗസ്റ്റിൽ 85,000 രൂപ വരെ വലിയ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ആധുനിക സവിശേഷതകൾ, സ്റ്റൈലിഷ് ലുക്ക്, ശക്തമായ ബിൽഡ് ക്വാളിറ്റി എന്നിവയ്ക്ക് പേരുകേട്ടതാണ് ടാറ്റ ആൾട്രോസ്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 360-ഡിഗ്രി ക്യാമറ, എയർ പ്യൂരിഫയർ, 6-എയർബാഗുകൾ തുടങ്ങിയ മികച്ച സവിശേഷതകൾ ടാറ്റ ആൾട്രോസിനുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡിആർഎൽ, കണക്റ്റഡ് ടെയിൽലൈറ്റുകൾ എന്നിവ ലഭ്യമായ എക്സ്റ്റീരിയറും ഇപ്പോൾ കൂടുതൽ ആധുനികമായി.
കാറിലെ പവർട്രെയിൻ പരിശോധിച്ചാൽ, ആൾട്രോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഇതിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.2 ലിറ്റർ സിഎൻജി വകഭേദങ്ങൾ ഉൾപ്പെടുന്നു. മാനുവൽ, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഇതിൽ ലഭ്യമാണ്. മികച്ച മൈലേജും സുഗമമായ ഡ്രൈവിംഗും കാരണം, യുവ ജനങ്ങൾ മുതൽ കുടുംബ ഉപഭോക്താക്കൾ വരെയുള്ള എല്ലാവർക്കുമിടയിൽ ഏറെ ജനപ്രിയമാണ് ഈ കാർ.
വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ആൾട്രോസിന്റെ അടിസ്ഥാന വേരിയന്റിന് എക്സ്-ഷോറൂം വില 6.89 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ് മോഡലിൽ ഏകദേശം 11.29 ലക്ഷം രൂപ വരെ വില വരും. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ എന്നിവയുമായി ടാറ്റ അൾട്രോസ് നേരിട്ട് മത്സരിക്കുന്നു. അൾട്രോസിന്‍റെ വിൽപ്പന കൂട്ടുകയാണ് ഈ വിലക്കിഴിവിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. 2025 ജൂലൈയിൽ ടാറ്റ അൾട്രോസിന്റെ 3,905 യൂണിറ്റുകൾ വിറ്റു. സെഗ്‌മെന്‍റിലെ ലീഡറായ മാരുതി സുസുക്കി ബലേനോ 12,503 യൂണിറ്റുകൾ വിറ്റഴിച്ചു, അതേസമയം ഹ്യുണ്ടായി i20 യുടെ 3,396 യൂണിറ്റുകളും വിറ്റു എന്നാണ് കണക്കുകൾ.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.