
ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയുടെ അനുബന്ധ സ്ഥാപനമായ ഡാസിയ, ഇലക്ട്രിക് കാർ വിഭാഗത്തിൽ ഒരു പുതിയ കൺസെപ്റ്റ് അവതരിപ്പിച്ചു. ഡാസിയ ഹിപ്സ്റ്റർ എന്നാണ് ഈ കൺസെപ്റ്റിന്‍റെ പേര്. ഇത് ഇപ്പോഴും കൺസെപ്റ്റ് ഘട്ടത്തിലാണെങ്കിലും, അതിന്റെ ശൈലി, വലുപ്പം, സ്മാർട്ട് സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളാൽ ശ്രദ്ധ ആകർഷിക്കുന്നു.
ഡാസിയയുടെ സ്പ്രിംഗ് ഇവിയെക്കാൾ ചെറുതാണ് ഹിപ്സ്റ്റർ. ഇതിന് വെറും മൂന്ന് മീറ്റർ നീളമേയുള്ളൂ. അതേസമയം സ്പ്രിംഗിന് 3.7 മീറ്റർ നീളമുണ്ട്. എങ്കിലും നാല് മുതിർന്നവർക്ക് ഇരിക്കാൻ കഴിയും. ഭാരം കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയിൽ ഹിപ്സ്റ്റർ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് കാർബൺ പുറന്തള്ളൽ പകുതിയായി കുറയ്ക്കുന്നു. ഇതിന് 3,000 മില്ലീമീറ്റർ നീളവും 1,550 മില്ലീമീറ്റർ വീതിയും 1,530 മില്ലീമീറ്റർ ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ടാകും. ഇതിന് 70 ലിറ്റർ ബൂട്ട് ശേഷിയുണ്ട്. പിൻ സീറ്റുകൾ മടക്കിവെച്ചാൽ 500 ലിറ്റർ വരെയാകും ബൂട്ട്.
ഹിപ്‌സ്റ്ററിന്റെ രൂപകൽപ്പന ബോക്‌സിയും ആകർഷകവുമാണ്. തിരശ്ചീന ഹെഡ്‌ലാമ്പുകൾ ഇതിൽ ഉൾപ്പെടുന്നു. രണ്ട് ഭാഗങ്ങളുള്ള ടെയിൽഗേറ്റ്, സൈഡ് പ്രൊട്ടക്ഷൻ, റീസൈക്കിൾഡ് പ്ലാസ്റ്റിക് സൈഡ് പാനലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചെലവ് കുറയ്ക്കുന്നതിനും ഡിസൈൻ ലളിതമാക്കുന്നതിനും ഡോർ ഹാൻഡിലുകൾ സ്ട്രാപ്പുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.
ഡാസിയ ഹിപ്‌സ്റ്ററിന്റെ ഇന്റീരിയർ മിനിമലിസ്റ്റിക്, സ്മാർട്ട് ആണ്. സ്ലൈഡിംഗ് വിൻഡോകൾ, ഫ്രണ്ട് ബെഞ്ച് സീറ്റ്, ഫ്യൂച്ചറിസ്റ്റിക് സ്റ്റിയറിംഗ് വീൽ, ഫ്രെയിം മെഷ് സീറ്റുകൾ, ഡ്യുവൽ എയർബാഗുകൾ, കരുത്തുറ്റ ഷാസി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പിന്നിൽ ഐസോഫിക്സ് മൗണ്ടിംഗ് പോയിന്റുകളും ഇതിലുണ്ട്. ബിൽറ്റ്-ഇൻ സ്‌ക്രീൻ ഇല്ലാതെ തന്നെ ഉടമകൾക്ക് അവരുടെ സ്മാർട്ട്‌ഫോണും ബ്ലൂടൂത്ത് സ്പീക്കറുകളും ഉപയോഗിക്കാം. കപ്പ്‌ഹോൾഡറുകൾ, ആംറെസ്റ്റുകൾ, അധിക ലൈറ്റുകൾ തുടങ്ങിയവ പോലുള്ള ആക്‌സസറി മൗണ്ടുകളും ഉണ്ട്.
വാഹനത്തിന്‍റെ ബാറ്ററി ശേഷി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ 20 kWh ബാറ്ററിയുമായി ഹിപ്സ്റ്റർ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഫുൾ ചാർജ്ജിൽ ഏകദേശം 150 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ദൈനംദിന ഉപയോഗത്തിന് ആഴ്ചയിൽ രണ്ടുതവണ ചാർജ് ചെയ്യേണ്ടി വന്നേക്കാം. 2026-27 ൽ ഡാസിയ ഹിപ്സ്റ്റർ ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പ്രിംഗിനെക്കാൾ വില കുറവായിരിക്കും ഇതിന്. സ്പ്രിംഗിന് യൂറോപ്പിൽ ഏകദേശം 17,000 യൂറോ വിലവരും. ചെറിയ പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഇലക്ട്രിക് വാഹനമാണ് ഡാസിയ ഹിപ്സ്റ്റർ. ഭാരം കുറഞ്ഞതും, സാമ്പത്തികമായി ലാഭകരവും, പരിസ്ഥിതി സൗഹൃദപരവുമായ ഈ കോംപാക്റ്റ് കാർ ഇലക്ട്രിക് വാഹന ലോകത്ത് പുതിയ വിപ്ലവം ആയേക്കും എന്നാണ് കരുതുന്നത്.