
പുതിയ റെനോ ഡസ്റ്റർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. വാഹനത്തിന് 2.10 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ. ഈ വർഷം ആദ്യം വിപണിയിലെത്തിയ ഡസ്റ്ററിന്റെ ഉയർന്ന വകഭേദങ്ങളായ ടെക്നോ പ്ലസ്, ഐക്കോണിക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് ലഭിക്കുന്നത്. നവംബർ 30 വരെ മാത്രമാണ് ഈ ഓഫറുകൾക്ക് സാധുതയുള്ളത്.
ടെക്നോ പ്ലസ്, ഐക്കോണിക് വകഭേദങ്ങൾക്ക് 50,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. ഇതിനുപുറമെ 1.50 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനം സ്ക്രാപ്പ് ചെയ്യുന്നവർക്ക് 25,000 രൂപ വരെ ആനുകൂല്യവും ലഭിക്കും. കൂടാതെ 10,000 രൂപ വരെയുള്ള ലോയൽറ്റി ബോണസും കമ്പനി നൽകുന്നുണ്ട്.
എക്സ്ചേഞ്ച് ബോണസ് തിരഞ്ഞെടുക്കുന്നവർക്ക് സ്ക്രാപ്പേജ് ആനുകൂല്യം ലഭിക്കില്ല. തിരിച്ചും ഇതേ നിബന്ധന ബാധകമാണ്. ഉയർന്ന വകഭേദങ്ങൾ വാങ്ങുന്നവർക്കായി 4.99 ശതമാനം പലിശ നിരക്കിലുള്ള കുറഞ്ഞ ഇഎംഐ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഡസ്റ്ററിന്റെ താഴ്ന്ന വകഭേദങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ബോണസാണ് ലഭിക്കുക. അതേസമയം, പുതുതായി പുറത്തിറക്കിയ ഡസ്റ്റർ ഹൈബ്രിഡ് വകഭേദങ്ങൾക്ക് നിലവിൽ ഡിസ്കൗണ്ടുകളോ മറ്റ് ഓഫറുകളോ പ്രഖ്യാപിച്ചിട്ടില്ല. 2026 നവംബർ 30 വരെയാണ് ആനുകൂല്യങ്ങളുടെ കാലാവധി. ഡീലർഷിപ്പ്, നഗരം, സ്റ്റോക്കിന്റെ ലഭ്യത എന്നിവയ്ക്ക് അനുസരിച്ച് ഓഫറുകളിൽ മാറ്റമുണ്ടാകാം.
ഒരു ലിറ്റർ, 1.3 ലിറ്റർ എന്നിങ്ങനെ രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് റെനോ ഡസ്റ്റർ ലഭ്യമാകുന്നത്. ഒരു ലിറ്റർ എൻജിൻ 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. 1.3 ലിറ്റർ എൻജിന് 163 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ഈ എൻജിനിലുണ്ട്.
എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നത്. 1.8 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുന്ന ഇ-ടെക് ഹൈബ്രിഡ് സംവിധാനമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.
1.4 കിലോവാട്ട് അവർ ബാറ്ററി പാക്കും മൾട്ടി മോഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഹൈബ്രിഡ് സംവിധാനത്തിലുണ്ട്. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുകളും ചേർന്ന് 160 ബിഎച്ച്പി കരുത്ത് നൽകും. ലിറ്ററിന് 29 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 1,400 കിലോമീറ്ററിലധികം സഞ്ചരിക്കാനാകുമെന്നും റെനോ വ്യക്തമാക്കുന്നു.
ഡസ്റ്റർ ഹൈബ്രിഡിന് പിന്നാലെ ഏഴ് സീറ്റർ പതിപ്പും ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെനോ. 2027ന്റെ തുടക്കത്തിൽ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ന്യൂഡൽഹിയിൽ നടക്കുന്ന 2027 ഭാരത് ഗ്ലോബൽ മൊബിലിറ്റി എക്സ്പോയിൽ വാഹനത്തിന്റെ ഔദ്യോഗിക അവതരണം ഉണ്ടായേക്കും.
നിലവിൽ പരീക്ഷണയോട്ടത്തിലുള്ള ഏഴ് സീറ്റർ ഡസ്റ്റർ കനത്ത മറയണിഞ്ഞ് നിരത്തുകളിൽ പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോറിയൽ അല്ലെങ്കിൽ ബിഗ്സ്റ്റർ എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെത്തിയാൽ മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ മോഡലുകളുമായിരിക്കും പ്രധാന മത്സരം.