
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ ഇന്ത്യ വരും ദിവസങ്ങളിൽ കുഷാഖ് എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ റോഡുകളിൽ പരീക്ഷണം നടത്തുന്ന എസ്‌യുവി കണ്ടെത്തി. ഈ പരീക്ഷണ ഓട്ടത്തിന്‍റെ ദൃശ്യങ്ങൾ കാറിൽ ഒരു പ്രധാന സവിശേഷതയായ പനോരമിക് സൺറൂഫിന്‍റെ സാന്നിധ്യം വെളിപ്പെടുത്തി.
അതേസമയം കുഷാക്കിന്റെ മൊത്തത്തിലുള്ള പ്രൊഫൈൽ അതേപടി തുടരും. എങ്കിലും ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഉൾപ്പെടെ മുൻവശത്ത് സ്കോഡ ചെറിയ മാറ്റങ്ങൾ വരുത്തും. വലിയ കൊഡിയാക്കിന് സമാനമായി ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു എൽഇഡി ഡിആർഎൽ എലമെന്‍റും ഗ്രില്ലിൽ ഉൾപ്പെടുത്താം. ഗ്രില്ലിനും എയർ ഡാമിനും ചെറിയ മാറ്റങ്ങൾ ലഭിക്കും.
പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ ഇതിൽ ഉൾപ്പെടുത്തിയേക്കാം. അതേസമയം പിൻഭാഗത്ത്, ഫെയ്‌സ്‌ലിഫ്റ്റഡ് കുഷാഖിൽ മെലിഞ്ഞ ടെയിൽലാമ്പുകളും ടെയിൽഗേറ്റിൽ കണക്റ്റഡ് എൽഇഡി സ്ട്രിപ്പും ഉണ്ടായിരിക്കും. പിൻ ബമ്പറിലും ചില മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിനെക്കുറിച്ച് സ്പൈഷോട്ടുകൾ കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ പുതിയ ട്രിമ്മുകൾ, മെറ്റീരിയലുകൾ, നിറങ്ങൾ എന്നിവയുടെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ വലിയ ഫീച്ചർ ലിസ്റ്റും പ്രതീക്ഷിക്കുന്നു. പനോരമിക് സൺറൂഫിന് പുറമേ, കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിൽ ലെവൽ 2 എഡിഎഎസ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയവയും ഉൾപ്പെടും.
ഫേസ്‌ലിഫ്റ്റഡ് കുഷാക്കിലും ഇതേ പവർട്രെയിനുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 115hp 1.0-ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 150hp 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആയിരിക്കും ഇതിൽ ഉപയോഗിക്കുക. 115hp പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും. 150hp ടർബോ-പെട്രോൾ എഞ്ചിൻ 7-സ്‍പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.