
ബോക്സി ഡിസൈനും ശക്തമായ ഓഫ്-റോഡ് ശേഷിയും കൊണ്ട് സുസുക്കി ജിംനി ലോകമെമ്പാടും ജനപ്രിയമാണ്. ഇപ്പോഴിതാ ഈ ഐക്കണിക്ക് വാഹന മോഡലിന് ആഗോളതലത്തിൽ മിഡ്-സൈക്കിൾ അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ കോസ്‌മെറ്റിക് മേക്കോവറുകൾക്കോ പവർട്രെയിൻ പരിഷ്‌ക്കരണങ്ങൾക്കോ പകരം, ഇത്തവണ നൂതന സുരക്ഷാ സാങ്കേതികവിദ്യയുടെ രൂപത്തിൽ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. അപ്‌ഡേറ്റ് ചെയ്ത് മോഡൽ ആദ്യം ജപ്പാനിൽ ലോഞ്ച് ചെയ്യും.
പുതുക്കിയ മാരുതി സുസുക്കി ജിംനിയിൽ നിരവധി മികച്ച ഫീച്ചറുകൾ നൽകും. അതിൽ സുരക്ഷാ സവിശേഷതകൾക്ക് കൂടുതൽ ശ്രദ്ധ നൽകും. ഡ്യുവൽ ക്യാമറ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ട്രാഫിക് സൈൻ റെക്കഗ്നിഷനോടുകൂടിയ പോസ് ഫംഗ്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിവേഴ്സ് ബ്രേക്ക് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഇതിൽ ലഭിക്കും. ഇതോടൊപ്പം, നിരവധി പ്രീമിയം സവിശേഷതകളും മാറ്റങ്ങളും ഇതിൽ ലഭിക്കും. അതിന്റെ എഞ്ചിനിലും ചെറിയ മാറ്റങ്ങൾ വരുത്തിയേക്കും.
മാരുതി സുസുക്കി ജിംനിയുടെ ഡിസൈനിലും ചെറിയ മാറ്റമുണ്ടാകാം. പക്ഷേ അതിന്റെ പഴയ ബോക്സി ലുക്ക് പഴയതുപോലെ തന്നെ നിലനിർത്താനാണ് സാധ്യത. അതേസമയം ഇന്ത്യയിൽ നിർമ്മിച്ച ജിംനി ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലും വിൽക്കപ്പെടുന്നു. ഇന്ത്യയിൽ നിർമ്മിച്ച ജിംനിക്ക് ജപ്പാനിൽ വലിയ ഡിമാൻഡാണ്. ഇത് മാരുതി സുസുക്കി ഇന്ത്യ ഇപ്പോൾ സുസുക്കിയുടെ ആഗോള വിതരണ ശൃംഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കാണിക്കുന്നു. ഈ മോഡലുകൾ ജപ്പാനിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇത് ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ജിംനിയുടെ ഗുണനിലവാരവും സ്വീകാര്യതയും ഉയർന്ന തലത്തിലാണെന്ന് വ്യക്തമാക്കുന്നു.
ആധുനിക ഇലക്ട്രോണിക്സുകളെ അപേക്ഷിച്ച് മെക്കാനിക്കൽ കരുത്തിനെ ഏറെക്കാലമായി ആശ്രയിച്ചിരുന്ന ഈ ഓഫ്-റോഡറിനെ സംബന്ധിച്ച് സുരക്ഷാ മെച്ചപ്പെടുത്തലുകൾ ഒരു വലിയ ചുവടുവയ്പ്പാണ്. ഇന്ത്യയിൽ, അഞ്ച് ഡോറുകളുള്ള ജിംനിയിൽ ഇതിനകം തന്നെ അത്തരം ചില സവിശേഷതകൾ ലഭ്യമാണ്. കൂടാതെ അപ്‌ഡേറ്റ് എല്ലാ ട്രിമ്മുകളിലും കൂടുതൽ വിപുലമായ ലഭ്യതയോ സ്റ്റാൻഡേർഡൈസേഷനോ കൊണ്ടുവന്നേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.