
ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി ടാറ്റ മോട്ടോഴ്സ്. 2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 1,96,674 യൂണിറ്റിലെത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ വിറ്റ 1,40,189 യൂണിറ്റുകളെ അപേക്ഷിച്ച് 40 ശതമാനമാണ് വളർച്ച. ഇലക്ട്രിക് വാഹനങ്ങളുടെയും സി.എൻ.ജി. മോഡലുകളുടെയും ഉയർന്ന വിൽപ്പനയാണ് കമ്പനിയുടെ മുന്നേറ്റത്തിന് കരുത്തായത്. വിദേശ വിപണികളിലെ വിൽപ്പനയും ഉൾപ്പെടുത്തിയാൽ രണ്ടാം പാദത്തിൽ ടാറ്റയുടെ ആകെ പാസഞ്ചർ വാഹന വിൽപ്പന 2,01,723 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,44,397 യൂണിറ്റുകളായിരുന്നു. വിദേശ വിപണികളിലെ വിൽപ്പന 4,208 യൂണിറ്റുകളിൽനിന്ന് 5,049 യൂണിറ്റായി ഉയർന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ ടാറ്റ മോട്ടോഴ്സ് ആകെ 3,76,840 പാസഞ്ചർ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 2,64,028 യൂണിറ്റുകളെ അപേക്ഷിച്ച് ഏകദേശം 42.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിലെ റെക്കോർഡ് വിൽപ്പനയാണ് ഈ നേട്ടത്തിൽ നിർണായകമായത്.
ടാറ്റയുടെ ഇലക്ട്രിക് വാഹന വിഭാഗവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 47,150 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റത്. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 24,855 യൂണിറ്റുകളായിരുന്നു. ഇതോടെ വാർഷിക വളർച്ച 90 ശതമാനമായി. രണ്ടാം പാദത്തിലെ ആകെ പാസഞ്ചർ വാഹന വിൽപ്പനയുടെ 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. സി.എൻ.ജി. മോഡലുകൾ 28 ശതമാനം വിൽപ്പന പങ്കുവഹിച്ചു. ഇതോടെ ഇലക്ട്രിക്, സി.എൻ.ജി. വാഹനങ്ങൾ ചേർന്ന് കമ്പനിയുടെ ആകെ വിൽപ്പനയുടെ പകുതിയിലധികം സ്വന്തമാക്കി.
രണ്ടാം പാദത്തിലെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പന സെപ്റ്റംബറിലാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര, വിദേശ വിപണികളിലായി 70,210 പാസഞ്ചർ വാഹനങ്ങളാണ് ടാറ്റ വിറ്റത്. 2025 സെപ്റ്റംബറിലെ 60,907 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ വർധനയുണ്ടായി. ആഭ്യന്തര വിൽപ്പന 68,810 യൂണിറ്റിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വളർച്ച. വിദേശ വിപണികളിലെ വിൽപ്പന 1,240 യൂണിറ്റുകളിൽനിന്ന് 1,400 യൂണിറ്റായി ഉയർന്നു.
സെപ്റ്റംബറിൽ ആഭ്യന്തര, വിദേശ വിപണികളിലായി 15,384 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റത്. മുൻവർഷം ഇതേ മാസത്തിൽ വിറ്റ 9,191 യൂണിറ്റുകളെ അപേക്ഷിച്ച് 67 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിലെ ആകെ ഇലക്ട്രിക് വാഹന വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് സെപ്റ്റംബറിൽ നിന്നാണ് ലഭിച്ചത്.
രണ്ടാം പാദത്തിൽ ടാറ്റയുടെ എസ്യുവി വിൽപ്പനയിൽ പഞ്ചും നെക്സോണും പ്രധാന പങ്കുവഹിച്ചു. അതേസമയം, കർവ് സീരീസ് എക്സ്, സിയറ ലെജൻഡ് സീരീസ്, എയ്റിസ് സെഡാൻ തുടങ്ങിയ പുതിയ മോഡലുകളും കമ്പനിയുടെ ഉൽപ്പന്ന നിരയിൽ ഇടംപിടിച്ചിട്ടുണ്ട്. വാഹന നിർമാണ ശേഷി വർധിപ്പിക്കാനും കൂടുതൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും പാസഞ്ചർ വാഹന വിൽപ്പന കൂടുതൽ ഉയർത്താനുമാണ് ടാറ്റ മോട്ടോഴ്സിന്റെ ലക്ഷ്യം. ഇലക്ട്രിക്, സി.എൻ.ജി. വാഹനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകത കമ്പനിയുടെ വളർച്ചയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.