
ടാറ്റ മോട്ടോഴ്‌സ് ഏഴ് പുതിയ നെയിംപ്ലേറ്റുകൾ, ഒന്നിലധികം പുതുതലമുറ മോഡലുകൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ, പ്രത്യേക പതിപ്പുകൾ എന്നിവയുമായി തിരിച്ചുവരവ് നടത്താൻ പദ്ധതിയിടുന്നു. ഭാവിയിലെ ടാറ്റ ഉൽപ്പന്ന നിര വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ പെട്രോൾ/ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ് വിഭാഗങ്ങളിലായി 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വില പരിധി ലക്ഷ്യമിടുന്നു. ഉയർന്ന മത്സരാധിഷ്ഠിത സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ, ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്, ടാറ്റ സ്‍കാർലറ്റ് , അടുത്ത തലമുറ ടാറ്റ നെക്‌സോൺ എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ കമ്പനി അവതരിപ്പിക്കും.
ടാറ്റ സ്‍കാർലറ്റ്
സ്‍കാർലറ്റ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ ടാറ്റ കോംപാക്റ്റ് എസ്‌യുവി, സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ഘടകങ്ങളുള്ള ഒരു ബോക്‌സി ലുക്കുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒന്നിലധികം പവർട്രെയിനുകളെ പിന്തുണയ്ക്കുന്ന ഒരു മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. ഔദ്യോഗിക എഞ്ചിൻ സവിശേഷതകൾ നിലവിൽ ലഭ്യമല്ലെങ്കിലും, പുതിയ ടാറ്റ സ്കാർലറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ നെക്‌സോണിന്റെ 120 ബിഎച്ച്പി, 1.2 ലിറ്റർ ടർബോ പെട്രോൾ, കർവ്വിന്റെ 125 ബിഎച്ച്പി, 1.2 ലിറ്റർ ടിജിഡി പെട്രോൾ അല്ലെങ്കിൽ പുതിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്കാർലറ്റിന്റെ ഒരു ഇലക്ട്രിക് പതിപ്പും പിന്നീടുള്ള ഘട്ടത്തിൽ അവതരിപ്പിച്ചേക്കാം.
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
2025 ടാറ്റ പഞ്ചിന്‍റെ ഡിസൈൻ മാറ്റങ്ങൾ പഞ്ച് ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും. സ്ലിമ്മായ ഹെഡ്‌ലാമ്പുകൾ, റീഡിസൈജൻഡ് ബമ്പറുകൾ, പുതിയ എൽഇഡി ഡിആർഎൽ സിഗ്നേച്ചർ, പുതിയ അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടും. സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൾട്രോസ് പോലുള്ള രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ടച്ച് അധിഷ്ഠിത എച്ച്‍വിഎസി കൺട്രോൾ പാനലും വാഗ്‍ദാനം ചെയ്തേക്കാം. അപ്‌ഡേറ്റ് ചെയ്ത പഞ്ച് 86bhp, 1.2L NA പെട്രോൾ, 73.4bhp, സിഎൻജി എഞ്ചിനുകൾ ഉപയോഗിക്കുന്നത് തുടരും.
പുതുതലമുറ ടാറ്റ നെക്‌സോൺ
'ഗരുഡ്' എന്നറിയപ്പെടുന്ന പുതുതലമുറ ടാറ്റ നെക്‌സോൺ , 2027-ൽ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ സബ്‌കോംപാക്റ്റ് എസ്‌യുവികളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നിലവിലുള്ള X1 ആർക്കിടെക്ചറിന്റെ വലിയ തോതിൽ പരിഷ്‌ക്കരിച്ച പതിപ്പിലാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2027 ടാറ്റ നെക്‌സോണിന് പ്രധാന ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും പ്രതീക്ഷിക്കുന്നു. നിലവിലുള്ള പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾ അതേപടി തുടരാൻ സാധ്യതയുണ്ട്. അതേസമയം വരാനിരിക്കുന്ന ബിഎസ്7 എമിഷൻ മാനദണ്ഡങ്ങൾ കാരണം ഡീസൽ നിർത്തലാക്കപ്പെട്ടേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.
ടാറ്റ സിയറ
2025 അവസാനത്തോടെ ഐക്കണിക് നെയിംപ്ലേറ്റ് ഒരു ആന്തരിക ജ്വലന എഞ്ചിൻ വാഹനമായി തിരിച്ചെത്തും. 2026 ൽ സിയറയുടെ ഇവി പതിപ്പ് പുറത്തിറങ്ങും.
ടാറ്റ ഹാരിയർ പെട്രോൾ, സഫാരി പെട്രോൾ
ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പെട്രോൾ പതിപ്പുകൾ 2025 അവസാനത്തോടെ പുറത്തിറങ്ങും.
ടാറ്റ സഫാരി ഇവി
2026 മധ്യത്തിൽ സഫാരിയുടെ ഒരു ഇലക്ട്രിക് പതിപ്പ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.