
അടുത്ത കുറച്ച് മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ നിരവധി പ്രമുഖ കാർ നിർമ്മാതാക്കൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ അവരുടെ നിരവധി ഉൽപ്പന്നങ്ങൾ പുറത്തിറക്കും. വരാനിരിക്കുന്ന ഈ കാറുകളിൽ രണ്ടെണ്ണം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. ഒന്ന് ടാറ്റ സിയറയും മറ്റൊന്ന് റെനോ ഡസ്റ്ററുമാണ്.
1991 മുതൽ 2003 വരെ ടാറ്റ സിയറ ഇന്ത്യയിൽ ഉണ്ടായിരുന്നു. പിന്നീട് നിർത്തലാക്കപ്പെട്ടു. ഇന്ത്യൻ വിപണിയിലെ ഏറ്റവും സ്റ്റൈലിഷും പ്രീമിയം എസ്‌യുവികളിൽ ഒന്നായിരുന്നു ഇത്. അതേസമയം ഫ്രഞ്ച് വാഹന നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ റെനോ ഡസ്റ്റർ, ഈ ദശകത്തിന്റെ തുടക്കത്തിൽ നിർത്തലാക്കുന്നതിന് മുമ്പ് രാജ്യത്തെ നിരവധി എസ്‌യുവി പ്രേമികളെ ആകർഷിച്ചു. ഇപ്പോൾ രണ്ട് വാഹനങ്ങളും ഒരു വലിയ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. നവംബർ 25 ന് പുതിയ രൂപഭാവത്തോടെ സിയറ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. അതേസമയം അടുത്ത വർഷം ജനുവരി 26 ന് റെനോ ഡസ്റ്ററിനെ പൂർണ്ണമായും ആധുനിക രൂപത്തിൽ തിരികെ കൊണ്ടുവരും.
2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു കൺസെപ്റ്റായി പ്രദർശിപ്പിച്ചതുമുതൽ, പുതുതലമുറ ടാറ്റ സിയറ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പുതിയ സിയറ ഐസിഇ, ഇവി എന്നീ രണ്ട് വേരിയന്റുകളിലും പുറത്തിറക്കും. ഐസിഇ പതിപ്പിൽ പ്രവർത്തിക്കുന്ന മോഡൽ അടുത്ത മാസം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. ആൽപൈൻ വിൻഡോകൾ, ഉയർന്ന സെറ്റ് ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ എന്നിവയുൾപ്പെടെ യഥാർത്ഥ മോഡലിൽ നിന്നുള്ള നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ ഉൾപ്പെടെ, കൺസെപ്റ്റിന്റെ മിക്ക ഡിസൈൻ ഘടകങ്ങളും ഇത് നിലനിർത്തും. 1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ മോട്ടോർ, 1.5 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ പവർ മിൽ എന്നിവ ഉൾപ്പെടെ 1.5 ലിറ്റർ എഞ്ചിനുകളുടെ ഒരു ട്രിയോയാണ് പുതിയ സിയറയ്ക്ക് കരുത്ത് പകരുന്നത്.
ഇന്ത്യൻ വിപണിയിലേക്ക് ഉടൻ തിരിച്ചെത്താൻ പോകുന്ന മറ്റൊരു എസ്‌യുവിയാണ് റെനോ ഡസ്റ്റർ. അടുത്ത വർഷം ജനുവരി 26 ന് പുതുതലമുറ ഡസ്റ്റർ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഇതിന്റെ ഡിസൈൻ പൂർണ്ണമായും പുതുക്കിയിട്ടുണ്ട്. എസ്‌യുവി മുമ്പത്തേക്കാൾ വലുതും വീതിയും ഉയരവുമുള്ളതായി കാണപ്പെടുന്നു. ഇതിന് നിരവധി പുതിയ സവിശേഷതകൾ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ, പുതുതലമുറ റെനോ ഡസ്റ്റർ 1.3 ലിറ്റർ, 1.6 ലിറ്റർ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഇതിനുണ്ട്. ഇന്ത്യയിലേക്ക് വരുന്ന മോഡൽ ഈ പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്.