
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യയിൽ നിന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് ഹോണ്ട അമേസ്. അതിന്റെ മൂന്നാം തലമുറ മോഡൽ അതിന്റെ സെഗ്‌മെന്റിൽ നിരവധി മികച്ച സവിശേഷതകളോടെയാണ് വരുന്നത്. അതേസമയം, അതിശയകരമായ സുരക്ഷാ സവിശേഷതകളും ഇതിലുണ്ട്. കമ്പനി രണ്ടാം തലമുറ അമേസും ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ടാം തലമുറ അമേസിന്റെ നിരയിൽ ഹോണ്ട കാർസ് ഇന്ത്യ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഒന്നിലധികം വകഭേദങ്ങൾ ഒഴിവാക്കി ഓട്ടോമാറ്റിക്ക് , മാനുവൽ ട്രാൻസ്മിഷനുകളുടെ ഓപ്ഷനുകളുള്ള ഒരു എസ് വേരിയന്റിലേക്ക് ചുരുക്കിയതാണ് ഈ മാറ്റം. പുതിയ മാറ്റത്തോടെ ഈ കോംപാക്റ്റ് സെഡാന്‍റെ എക്സ്-ഷോറൂം വില 7.62 ലക്ഷം രൂപ മുതൽ 8.52 ലക്ഷം രൂപ വരെ ആണ്.
മറ്റ് പതിപ്പുകൾ നിർത്തലാക്കുന്നതിന് മുമ്പ് കോംപാക്റ്റ് സെഡാന്റെ മിഡ്-സ്പെക്ക് ട്രിം ആയിരുന്നു എസ് വേരിയന്‍റ്. അമേസ് എസ് വേരിയന്‍റിന്‍റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, കളർ എംഐഡി ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിൽ ക്രോം ഇൻസേർട്ടുകൾ, ബീജ് അപ്ഹോൾസ്റ്ററി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 2-DIN ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്‍പീക്കറുകൾ, പവർ വിൻഡോകൾ, പവർ മിററുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ഇതിലുണ്ട്. 88 ബിഎച്ച്പി പവറും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഹോണ്ടയുടെ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിലുള്ളത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ സിവിടി ഉപയോഗിച്ച് ഇത് വാങ്ങാം.
അതേസമയം ഡിസൈനിലും ഫീച്ചർ ലിസ്റ്റിലും മാറ്റങ്ങളോടെ വരുന്ന മൂന്നാം തലമുറ ഹോണ്ട അമേസ് വാങ്ങാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ഉണ്ട്. വി, വിഎക്സ്, ഇസെഡ്എക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹോണ്ട പുതിയ അമേസ് പുറത്തിറക്കിയിരിക്കുന്നത്. അമേസ് ഇസെഡ്എക്സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, അമേസ് സിവിടിക്കുള്ള റിമോട്ട് സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, റിയർവ്യൂ, ലെയ്ൻ-വാച്ച് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ, ചില സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ പുതിയ അമേസിൽ ലഭിക്കുന്നു. അധിക ചിലവിൽ സീറ്റ് വെന്റിലേഷൻ, മസാജ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകൾ നൽകുന്ന ഒരു ആക്‌സസറിയായി ഉപഭോക്താക്കൾക്ക് ഹോണ്ട ഓപ്ഷണൽ സീറ്റ് കവറുകളും വാഗ്‍ദാനം ചെയ്യുന്നു.
പുതുക്കിയ മൂന്നാം തലമുറ അമേസിൽ 1.2 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എല്ലാ വേരിയന്റുകളിലും അഞ്ച് സ്പീഡ് മാനുവൽ സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്. ഇതിൽ കാണപ്പെടുന്ന പെട്രോൾ എഞ്ചിൻ 89 ബിഎച്ച്‍പി പവറും 110 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ മാനുവൽ വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 18.65 കിമി ആണ്. അതേസമയം, ഓട്ടോമാറ്റിക് വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 19.46 കിമി ആണ്. കമ്പനി ഇപ്പോൾ അതിൽ 360-ഡിഗ്രി ക്യാമറയും വാഗ്‍ദാനം ചെയ്യുന്നു.
ക്രാഷ് ടെസ്റ്റിൽ പഴയ അമേസിന് 2-സ്റ്റാർ റേറ്റിംഗ് മാത്രമേ ലഭിച്ചുള്ളൂ. കുറഞ്ഞ റേറ്റിംഗ് ലഭിക്കാനുള്ള പ്രധാന കാരണം കർട്ടൻ എയർബാഗുകൾ, ഇഎസ്‍സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ) പോലുള്ള ചില സവിശേഷതകൾ ഇല്ലാത്തതാണ്. അത്തരമൊരു സാഹചര്യത്തിൽ, പുതിയ അമേസിൽ നിരവധി അധിക സുരക്ഷാ സവിശേഷതകൾ നൽകിയിട്ടുണ്ട്. ഇത് അഞ്ച്-സ്റ്റാർ ക്രാഷ് റേറ്റിംഗ് നേടാൻ സഹായിക്കും. പുതിയ മോഡലിന് ഇഎസ്‍സി, ബ്ലൈൻഡ്-സ്പോട്ട് സഹായത്തിനായി ഒരു ലെയിൻ വാച്ച് ക്യാമറ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, അഞ്ച് യാത്രക്കാക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയുൾപ്പെടെ 28 സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നു.
അതേസമയം അടുത്തകാലത്തായി ഹോണ്ട സ്ഥിരമായി രണ്ട് തലമുറ വാഹനങ്ങൾ ഒരുമിച്ച് വിപണിയിൽ വാഗ്‍ദാനം ചെയ്യുന്നുണ്ട്. അതിൽ ഹോണ്ട സിറ്റിയുടെ നാലാം തലമുറ പതിപ്പും അഞ്ചാം തലമുറ പതിപ്പുകളും ഉൾപ്പെടുന്നു.