
ഇന്ത്യൻ മിഡ്‌സൈസ് എസ്.യു.വി വിപണിയിൽ വൻ മുന്നേറ്റം നടത്തുന്ന മാരുതി സുസുക്കി വിക്ടോറിസിന് കടുത്ത മത്സരം നൽകാൻ മൂന്ന് പുതിയ എസ്.യു.വി മോഡലുകൾ എത്തുന്നു. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ, ഹോണ്ട കാർസ് ഇന്ത്യ, റെനോ ഇന്ത്യ എന്നീ കമ്പനികളാണ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വിപണിയിലെത്തിയിട്ട് വെറും എട്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന എന്ന നേട്ടം സ്വന്തമാക്കിയ വിക്ടോറിസ് നിലവിൽ മാരുതിയുടെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എസ്.യു.വി മോഡലുകളിൽ ഒന്നാണ്. പ്രതിമാസം 10,000 യൂണിറ്റിലധികം വിൽപ്പന നേടുന്ന ഈ വാഹനം മിഡ്‌സൈസ് എസ്.യു.വി വിഭാഗത്തിൽ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, റെനോ ഡസ്റ്റർ, നിസാൻ ടെക്റ്റൺ തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിൽ വിക്ടോറിസിന്റെ പ്രധാന എതിരാളികൾ. വിക്ടോറിസിന്റെ വളർച്ചയ്ക്ക് മറുപടിയായി 2026 ദീപാവലി സീസണിൽ പുതിയ മോഡൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായി ഒരുങ്ങുന്നത്. ഇതിന് പുറമെ ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റും റെനോ ഡസ്റ്റർ ഹൈബ്രിഡും വിപണിയിലെത്തും.
ഹ്യുണ്ടായി വികസിപ്പിക്കുന്ന പുതിയ മിഡ്‌സൈസ് എസ്‍യുവിക്ക് നിലവിൽ ബി സി4ഐ എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. ഏകദേശം 4.18 മീറ്റർ നീളമുള്ള ഈ മോഡൽ ആഗോള വിപണിയിലെ ബയോൺ കോംപാക്ട് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ, സി.എൻ.ജി എൻജിൻ ഓപ്ഷനുകളോടെയാകും വാഹനം എത്തുക. പെട്രോൾ പതിപ്പിൽ ഹ്യുണ്ടായിയുടെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം ഫാക്ടറി ഫിറ്റഡ് സി.എൻ.ജി സംവിധാനവും ലഭിച്ചേക്കും. ഈ എസ്.യു.വി ക്രെറ്റയ്ക്ക് താഴെയുള്ള ഒരു പുതിയ മോഡലായി വിപണിയിൽ സ്ഥാനം പിടിക്കാനാണ് സാധ്യത.
2026 ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും ചെറിയ സ്റ്റൈലിങ് പരിഷ്കാരങ്ങളും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ തന്നെ തുടരുമെന്നാണ് സൂചന. 121 ബി.എച്ച്.പി കരുത്ത് നൽകുന്ന ഈ എൻജിനോടൊപ്പം നിലവിലുള്ള സാങ്കേതിക സവിശേഷതകളും നിലനിർത്തിയേക്കും. പുതുക്കിയ മുൻഭാഗം, പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് ഡിസൈൻ, മാറ്റം വരുത്തിയ ബമ്പർ എന്നിവ എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിച്ചേക്കും. വാഹനത്തിന്റെ അകത്തളത്തിൽ പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, പരിഷ്കരിച്ച കാബിൻ ട്രിം, പുതിയ ടച്ച്‌സ്‌ക്രീൻ സംവിധാനം തുടങ്ങിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെനോ ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പും ദീപാവലി കാലയളവിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 1.8 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനോടൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 1.4 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററി പാക്കും ഉൾപ്പെടുന്ന ഹൈബ്രിഡ് സംവിധാനമായിരിക്കും വാഹനത്തിൽ ഉപയോഗിക്കുക. ഈ പവർട്രെയിൻ ഏകദേശം 160 ബി.എച്ച്.പി സംയുക്ത കരുത്ത് നൽകും. നഗര യാത്രകളിൽ 80 ശതമാനം വരെ ദൂരം ഇലക്ട്രിക് മോഡിൽ സഞ്ചരിക്കാൻ ഡസ്റ്റർ ഹൈബ്രിഡിന് കഴിയുമെന്ന് റെനോ അവകാശപ്പെടുന്നു. എട്ട് സ്പീഡ് മൾട്ടി മോഡ് ഡി.എച്ച്.ടി (ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷൻ) ആയിരിക്കും ഗിയർ മാറ്റങ്ങൾ നിയന്ത്രിക്കുക.
മിഡ്‌സൈസ് എസ്.യു.വി വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാക്കാനാണ് ഈ മൂന്ന് മോഡലുകളും എത്തുന്നത്. മാരുതി വിക്ടോറിസിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നാലെ പുതിയ വാഹനങ്ങളുടെ വരവ് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് അവസരങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.