
ടൊയോട്ട ഇന്ത്യ തങ്ങളുടെ ജനപ്രിയ ഇടത്തരം എസ്‌യുവിയായ അർബൻ ക്രൂയിസർ ഹൈറൈഡറിന് സ്വമേധയാ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചു. വാഹനത്തിന്റെ അനലോഗ് ഇന്ധന ലെവൽ ഇൻഡിക്കേറ്ററിലെ തകരാറിനെ തുടർന്നാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. 2024 ഡിസംബർ 9 നും 2025 ഏപ്രിൽ 29 നും ഇടയിൽ നിർമ്മിച്ച 11,529 യൂണിറ്റുകൾ പരിശോധനയ്ക്കായി തിരിച്ചുവിളിക്കും എന്നാണ് റിപ്പോർട്ടുകൾ.
ചില ഹൈറൈഡർ എസ്‌യുവികളിൽ ഇന്ധന ഗേജ് ശരിയായ പെട്രോൾ ലെവൽ പ്രദർശിപ്പിക്കാത്തതും ചിലപ്പോൾ കുറഞ്ഞ ഇന്ധന മുന്നറിയിപ്പ് ലൈറ്റ് കൃത്യസമയത്ത് പ്രവർത്തനക്ഷമമാകാത്തതുമായ ഒരു സാഹചര്യം കണ്ടെത്തിയിട്ടുണ്ട് . ഈ തകരാർ കാരണം ടാങ്കിൽ ഇന്ധനം കുറവാണെന്ന കാര്യം ഡ്രൈവർ അറിയില്ല. ഇക്കാരണത്താൽ ഇന്ധനം തീരുകയും വാഹനം പെട്ടെന്ന് റോഡിൽ നിന്നുപോകാൻ ഇടയാകുകയും ചെയ്യും അത്തരം പരാതികൾ വളരെ അപൂർവമായി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും, ഉപഭോക്തൃ സുരക്ഷയ്ക്കായി ഇപ്പോൾ തിരിച്ചുവിളിക്കൽ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരിച്ചുവിളിക്കൽ പ്രക്രിയയുടെ ഭാഗമായി, തകരാർ ബാധിച്ച എല്ലാ ഹൈറൈഡർ ഉടമകളെയും രജിസ്റ്റർ ചെയ്ത ടൊയോട്ട ഡീലർഷിപ്പിലേക്ക് വിളിക്കും. വാഹനത്തിന്റെ കോമ്പിനേഷൻ മീറ്റർ സാങ്കേതിക വിദഗ്ധർ പരിശോധിക്കും. എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ, ബന്ധപ്പെട്ട ഭാഗങ്ങൾ സൗജന്യമായി മാറ്റിസ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല. ഡീലർമാർ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുമെന്ന് ടൊയോട്ട അറിയിച്ചു. കൂടാതെ, കാർ ഉടമകൾക്ക് അവരുടെ VIN നമ്പർ നൽകി കമ്പനിയുടെ തിരിച്ചുവിളിക്കൽ വെബ്‌സൈറ്റിൽ ഈ പട്ടികയിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും കഴിയും.
ഇതേ പ്രശ്‌നം കാരണം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അടുത്തിടെ 39,506 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ടൊയോട്ട മാരുതി പങ്കാളിത്തത്തിന് കീഴിൽ ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും നിരവധി മെക്കാനിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങൾ പങ്കിടുന്നു. അതിനാൽ രണ്ടിനും ഒരേ ഫ്യുവൽ ഇൻഡിക്കേഷൻ പ്രശ്‍നം ഉണ്ട്.