
2019 ൽ വിപണിയിൽ അരങ്ങേറ്റം കുറിച്ചതുമുതൽ കിയ ഇന്ത്യ മികച്ച ഒരു ഉൽപ്പന്ന തന്ത്രമാണ് പിന്തുടരുന്നത്. 2030 ആകുമ്പോഴേക്കും, 25 ശതമാനം ഹൈബ്രിഡ്, 18 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ, 57 ശതമാനം ഐസിഇ മോഡലുകൾ അടങ്ങിയ ഒരു ഉൽപ്പന്ന മിശ്രിതമാണ് കിയ ലക്ഷ്യമിടുന്നത്. 2025 നും 2026 നും ഇടയിൽ, കാരൻസ് ക്ലാവിസ് ഇവി, സിറോസ് ഇവി, പുതിയ തലമുറ സെൽറ്റോസ്, മൂന്നുവരി ഹൈബ്രിഡ് എസ്‌യുവി എന്നിവയുൾപ്പെടെ നാല് പ്രധാന മോഡലുകൾ കിയ പുറത്തിറക്കാൻ ഒരുങ്ങുന്നു. നിങ്ങളുടെ അടുത്ത വലിയ അപ്‌ഗ്രേഡായേക്കാവുന്ന മികച്ച 4 കിയ എസ്‌യുവികളെക്കുറിച്ച് പരിശോധിക്കാം.
പുതുതലമുറ കിയ സെൽറ്റോസ്
രണ്ടാം തലമുറ കിയ സെൽറ്റോസ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. 2026 ന്റെ ആദ്യ പകുതിയിൽ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവിയുടെ അകവും പുറവും സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. പുതിയ സെൽറ്റോസിന് പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. നിലവിലുള്ള 115 ബിഎച്ച്പി, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 160 ബിഎച്ച്പി, 1.5 ലിറ്റർ ടർബോ പെട്രോൾ, 116 ബിഎച്ച്പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
കിയ കാരൻസ് ഇവി
കിയ കാരെൻസ് ക്ലാവിസ് ഇവി 2025 ജൂലൈയിൽ ഷോറൂമുകളിൽ എത്തും. ചില ഇലക്ട്രിക്ക് അനുസൃത മാറ്റങ്ങൾ ഒഴികെ ഇലക്ട്രിക് കാരെൻസിന്റെ മുഴുവൻ രൂപകൽപ്പനയും ഇന്റീരിയറും അതിന്റെ ഐസിഇ എതിരാളിയുടേതിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 42kWh ഉം 51.4kWh ഉം ബാറ്ററി പായ്ക്കുകളിൽ ലഭ്യമായ ഹ്യുണ്ടായി ക്രെറ്റ ഇവിയുമായി ഇത് അതിന്റെ പവർട്രെയിൻ പങ്കിടാൻ സാധ്യതയുണ്ട്. ചെറിയ ബാറ്ററി 390 കിലോമീറ്റർ അവകാശപ്പെടുന്ന എംഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് പൂർണ്ണ ചാർജിൽ 473 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു.
കിയ എംക്യു4ഐ
വരാനിരിക്കുന്ന കിയ MQ4i (കോഡ് നാമം) കിയയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് വാഹനങ്ങളിൽ ഒന്നായിരിക്കും. മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയെ വെല്ലുവിളിക്കാൻ മൂന്ന് നിര എസ്‌യുവിയായിരിക്കും ഇത്. ഏകദേശം 4.8 മീറ്റർ നീളമുള്ള പുതിയ കിയ 7 സീറ്റർ എസ്‌യുവി ആന്ധ്രാപ്രദേശിലെ ബ്രാൻഡിന്റെ അനന്തപൂർ പ്ലാന്റിൽ നിർമ്മിക്കും. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന കിയ സോറെന്‍റോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ കാർ. കൂടാതെ 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
കിയ സിറോസ് ഇ വി
കിയ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് 2026 ന്റെ ആദ്യ പാദത്തിൽ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മഹീന്ദ്ര XUV400 ഇവി, ടാറ്റ നെക്‌സോൺ ഇവി തുടങ്ങിയവയുമായി മത്സരിക്കും. കിയ സിറോസ് ഇവിയുടെ ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും ഹ്യുണ്ടായി ഇൻസ്റ്റർ ഇവിയുമായി പ്ലാറ്റ്‌ഫോം പങ്കിടാൻ സാധ്യതയുണ്ട്. കൂടാതെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി ഇത് വാഗ്ദാനം ചെയ്തേക്കാം. ഇലക്ട്രിക് സിറോസിന്റെ വില ഏകദേശം 15 ലക്ഷം രൂപയിൽ ആരംഭിച്ച് 20 ലക്ഷം രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.