
ഫാമിലി ഉപഭോക്താക്കൾക്കിടയിൽ വലിയ എസ്‌യുവികൾക്കായുള്ള ഡിമാൻ വർദ്ധിച്ചുവരികയാണ്. ഈ ആവശ്യകത കാരണം, നിലവിൽ ഇന്ത്യയിലെ 7 സീറ്റർ എസ്‌യുവി വിഭാഗം അതിവേഗം വളരുന്നു. ഇതിനനുസൃതമായി, 2025-2026 ൽ ആഭ്യന്തര വിപണിയിൽ പുതിയ 7 സീറ്റർ എസ്‌യുവികൾ വിൽപ്പനയ്‌ക്കെത്തിക്കാൻ വിവിധ കമ്പനികൾ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചില 7 സീറ്റർ എസ്‌യുവികളെക്കുറിച്ച് അറിയാം.
മഹീന്ദ്ര XEV 7e
XEV 7e എന്ന പേരിൽ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. XUV700 ന്റെ വൈദ്യുതീകരിച്ച പതിപ്പ് ഇതിനകം തന്നെ ഇന്ത്യയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ മാസ്-മാർക്കറ്റ് 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത്. 2025 അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഇലക്ട്രിക്ക് എസ്‌യുവി, XEV 9e, BE 6 എന്നിവയുമായി പങ്കിടുന്ന ഇൻഗ്ലോ സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. XEV 7e രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ, അതായത് 59 kWh, 79 kWh എന്നിവയിൽ, റിയർ വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭ്യമാകും. ലോഞ്ച് സമയത്ത് 6-സീറ്റർ, 7-സീറ്റർ ലേഔട്ടുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
റെനോ ബോറിയൽ
ഡാസിയ ബിഗ്‌സ്റ്ററിനെ അടിസ്ഥാനമാക്കി, 7 സീറ്റർ കോൺഫിഗറേഷനിൽ റെനോ ബോറിയൽ ഇന്ത്യയിൽ എത്തിയേക്കും. സിഎംഎഫ് മോഡുലാർ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ഈ എസ്‍യുവിക്ക് 4,556 എംഎം നീളവും 2,702 എംഎം വീൽബേസും ഉണ്ടാകും. അന്താരാഷ്ട്രതലത്തിൽ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് റെനോ ബോറിയലിന് കരുത്തുപകരുന്നത്. വാഹനത്തിലെ ഫ്ലെക്‌സ് ഇന്ധന എഞ്ചിൻ 163 bhp കരുത്തും 270 Nm ടോർക്കും പുറപ്പെടുവിക്കുന്നു. പെട്രോൾ-മാത്രം പതിപ്പിന് 138 bhp/156 bhp ട്യൂൺ, 240 Nm പീക്ക് ടോർക്ക് എന്നിവ ലഭിക്കും. എഞ്ചിൻ 6-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
പുതിയ നിസാൻ 7 സീറ്റർ എസ്‌യുവി
2027 ന്‍റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന നിസാൻ മോഡലിന്റെ ഒരു പതിപ്പും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന നിസ്സാൻ 7-സീറ്റർ എസ്‌യുവി, ഡസ്റ്റർ 5-സീറ്റർ എസ്‌യുവിയുമായി അതിന്റെ ഡിസൈൻ ഭാഷ പങ്കിടും. ഇത് അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്ന പവർട്രെയിൻ സജ്ജീകരണം നിസ്സാൻ 7-സീറ്റർ എസ്‌യുവി റെനോ ബോറിയലുമായി പങ്കിടും എന്നാണ് റിപ്പോട്ടുകൾ.
എം ജി മജസ്റ്റർ
ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ മജസ്റ്റർ എസ്‌യുവി രാജ്യത്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന മാക്‌സസ് ഡി90 എസ്‌യുവിയോട് സാമ്യമുള്ള പുതുക്കിയ ബാഹ്യ രൂപകൽപ്പനയോടെയാണ് ഗ്ലോസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത 7 സീറ്റർ ഫുൾ സൈസ് എസ്‌യുവി വരുന്നത്. പുതിയ എസ്‌യുവിക്കൊപ്പം ഗ്ലോസ്റ്ററും എംജി വിൽക്കുന്നത് തുടരും. 216 ബിഎച്ച്പിയും 479 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനായിരിക്കും എസ്‌യുവിക്ക് കരുത്തുപകരുക. പിൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇത് ജോടിയാക്കും. ഗ്ലോസ്റ്ററിനെപ്പോലെ തന്നെ ഫോവീൽ ഡ്രൈവ് സജ്ജീകരണവും ലഭ്യമാകും.