ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ ഓൾ–ഇലക്ട്രിക് എസ്‌യുവിയായ അർബൻ ക്രൂസർ എബെല്ല ഇന്ത്യയിൽ അവതരിപ്പിച്ചു. 543 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലും ശക്തമായ ഉടമസ്ഥാവകാശ പാക്കേജുകളോടെയും ലഭ്യമാണ്.
ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യയിലെ ബാറ്ററി വൈദ്യുത വാഹന മേഖലയിലേക്ക് ഔദ്യോഗികമായി കടക്കുന്നതിന്റെ ഭാഗമായി, ഓൾ–ഇലക്ട്രിക് അർബൻ ക്രൂസർ എബെല്ല അവതരിപ്പിച്ചു. ഭാവിയെ ലക്ഷ്യമിടുന്ന സാങ്കേതിക വിദ്യ, ശക്തമായ എസ്‌യുവി രൂപകൽപ്പന, ആധുനിക സൗകര്യങ്ങൾ, വിശ്വാസയോഗ്യമായ ഇ.വി സാങ്കേതികവിദ്യ, പ്രകടനം എന്നിവ ഒരുമിച്ച് ഉൾക്കൊള്ളുന്ന പുതിയ മോഡലാണ് അർബൻ ക്രൂസർ എബെല്ല എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഇലക്ട്രിഫൈഡ് വാഹന സാങ്കേതിക വിദ്യയിൽ നേടിയ ആഗോള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ടൊയോട്ട ഈ പുതിയ വൈദ്യുത എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും കാർബൺ പുറന്തള്ളൽ കുറയ്ക്കലും ലക്ഷ്യമിട്ട് ടൊയോട്ട പിന്തുടരുന്ന മൾട്ടി–പാത്ത് സമീപനത്തിലെ ഒരു പ്രധാന ഘട്ടമായാണ് അർബൻ ക്രൂസർ എബെല്ലയെ കാണുന്നത്.
പ്രത്യേകമായി വികസിപ്പിച്ച വൈദ്യുത വാഹന പ്ലാറ്റ്‌ഫോമിലാണ് അർബൻ ക്രൂസർ എബെല്ല നിർമ്മിച്ചിരിക്കുന്നത്. താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രവും മെച്ചപ്പെടുത്തിയ എയർഡൈനാമിക് ഘടനയും ചേർന്ന് ശാന്തവും സുഖപ്രദവുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു. ഒരൊറ്റ ചാർജിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്. വേഗതയേറിയ ചാർജിംഗ് സംവിധാനങ്ങൾ, വീട്ടിൽ ചാർജ് ചെയ്യാനുള്ള സൗകര്യം, യാത്രയ്ക്കിടെ ഉപയോഗിക്കാവുന്ന പോർട്ടബിൾ ചാർജിംഗ് കേബിൾ എന്നിവ ദിവസേനയുള്ള ഉപയോഗം എളുപ്പമാക്കുന്നു.
ഓൾ–ഇലക്ട്രിക് അർബൻ ക്രൂസർ എബെല്ലയിൽ ലിഥിയം–അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനത്തോടൊപ്പം സ്മൂത്തായ ആക്സിലറേഷനാണ് വാഹനം നൽകുന്നത്. ഊർജം ലാഭിക്കുന്ന ഹീറ്റ് പമ്പ് സാങ്കേതിക വിദ്യയും തണുത്ത കാലാവസ്ഥയിൽ മികച്ച പ്രവർത്തനം ഉറപ്പാക്കുന്ന മാനുവൽ ബാറ്ററി പ്രീ–ഹീറ്റിംഗ് സൗകര്യവും ഇതിലുണ്ട്.
അർബൻ ക്രൂസർ എബെല്ല മൂന്ന് ഗ്രേഡുകളിലായി ലഭ്യമാണ്. ഇ1 ഗ്രേഡിൽ 49 കിലോവാട്ട്അവർ ശേഷിയുള്ള ബാറ്ററിയും 106 കിലോവാട്ട് പവറും ലഭിക്കുന്നു. ഇ2, ഇ3 ഗ്രേഡുകളിൽ 61 കിലോവാട്ട്അവർ ബാറ്ററിയും 128 കിലോവാട്ട് പവറും ഉണ്ട്. എല്ലാ ഗ്രേഡുകളിലും 189 എൻഎം ടോർക്ക് ആണ് ഉല്പാദിപ്പിക്കുന്നത്. ഒറ്റ ചാർജിങ്ങിൽ 543 കിലോമീറ്റർ വരെയാണ് ഉയർന്ന റേഞ്ച്.
എട്ട് വർഷത്തെ ബാറ്ററി വാർന്റി, ബാറ്ററി–ആസ്–എ–സർവീസ് ഓപ്ഷൻ, കൂടാതെ 3 വർഷത്തിന് ശേഷം 60% വരെ റെസിഡ്വൽ മൂല്യം ഉറപ്പാക്കുന്ന അഷ്യൂർഡ് ബൈബാക്ക് പ്രോഗ്രാം എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഉടമസ്ഥാനുഭവം ലഭിക്കുന്നു. ഈ ശക്തമായ അഷ്യൂർഡ് സർവീസ് സംവിധാനത്തിലൂടെ വിശ്വാസവും സുരക്ഷയും ഉറപ്പുള്ള സേവനവും സമാധാനപരമായ ഉടമസ്ഥ അനുഭവവും ഉറപ്പാക്കുകയാണ് ടൊയോട്ട.
ഇലക്ട്രിക് വാഹന ഉടമസ്ഥാനുഭവം സന്തോഷകരമാക്കാനുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയുടെ മൂലബിന്ദുവാണ് ഉറപ്പുള്ള സർവീസ്. ഇലക്ട്രിഫൈഡ് സാങ്കേതികവിദ്യയിൽ 30 വർഷത്തെ അനുഭവ കരുത്തുള്ള ടൊയോറ്റക്ക് രാജ്യത്തുടനീളമുള്ള ബോൺ ഇലട്രിക് വെഹിക്കിൾസിനായി സജ്ജമായ 500-ലധികം സർവീസ് ടച്ച് പൊയ്റ്റുകൾ, ആധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിനായി വെഹിക്കിൾ എലെക്ട്രിഫിക്കേഷൻ മേഖലയിൽ പത്ത് വർഷത്തിലധികം അനുഭവസമ്പത്തുള്ള 2500 ൽ അധികം വരുന്ന മാസ്റ്റർ ടെക്നിഷ്യന്മാരും ടൊയോറ്റക്ക് ഉണ്ട്. 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. എല്ലാ സർവീസ് സെന്ററുകളിലും 45 മിനിറ്റ് എക്സ്പ്രസ് മെയിന്റനൻസ് ഉൾപ്പെടെ സുഖകരമായ സേവനം ഉറപ്പാക്കുന്നു


