പുതിയ ഹാച്ച്ബാക്ക് വാങ്ങാൻ പ്ലാനുണ്ടോ? മാരുതി, ഹ്യുണ്ടായി, ടൊയോട്ടയിൽ നിന്ന് നാല് പുതിയ മോഡലുകൾ ഉടൻ

Published : Sep 14, 2026, 02:44 PM IST
Lady Driver

Synopsis

എസ്‌യുവി തരംഗത്തിനിടയിലും ഇന്ത്യൻ ഹാച്ച്ബാക്ക് വിപണി സജീവമാകുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട എന്നിവരിൽ നിന്നായി നാല് പുതിയ മോഡലുകളാണ് ഉടൻ നിരത്തിലെത്താൻ ഒരുങ്ങുന്നത്. ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ ഐ20, ഗ്രാൻഡ് ഐ10 നിയോസ്, ബലേനോ സിഎൻജി എഎംടി എന്നിവയാണ് ഈ നിരയിലെ പ്രധാനികൾ.

ന്ത്യയിൽ ആദ്യമായി കാർ വാങ്ങുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ഹാച്ച്ബാക്കുകൾ. കുറഞ്ഞ വില, മികച്ച ഇന്ധനക്ഷമത, നഗരങ്ങളിലെ എളുപ്പത്തിലുള്ള ഡ്രൈവിംഗ് എന്നിവയാണ് ഈ വാഹനങ്ങളെ ജനപ്രിയമാക്കുന്നത്. അതേസമയം, എസ്‌യുവികളോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചതോടെ ഹാച്ച്ബാക്കുകളുടെ വിപണി വിഹിതത്തിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഈ വിഭാഗത്തിൽ പുതിയ മോഡലുകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ വാഹന നിർമാതാക്കൾ. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട എന്നിവയിൽ നിന്നായി നാല് പുതിയ ഹാച്ച്ബാക്കുകളാണ് അടുത്ത ഘട്ടത്തിൽ ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങുന്നത്. അടുത്തിടെ 6.9 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുതുക്കിയ 2026 ബലേനോ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പുതിയ മോഡലുകൾ എത്തുന്നത്.

ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി ബലേനോയുടെ പുതിയ പതിപ്പിന് പിന്നാലെ, ടൊയോട്ടയും തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാൻസയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പർ എന്നിവയ്ക്കൊപ്പം നിരവധി ആധുനിക ഫീച്ചറുകളും വാഹനത്തിൽ പ്രതീക്ഷിക്കുന്നു. ലെവൽ-2 എഡിഎഎസ്, വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയ ഫീച്ചറുകൾ പുതിയ ഗ്ലാൻസയിൽ ഇടംപിടിച്ചേക്കും. മാരുതിയുടെ പുതിയ 1.2 ലിറ്റർ ഇസഡ്12ഇ സീരീസ് 3 സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുകയെന്നാണ് സൂചന. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളും ലഭിച്ചേക്കും.

പുതിയ ഹ്യുണ്ടായി ഐ20

ഹ്യുണ്ടായിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ നാലാം തലമുറ മോഡൽ 2027 ഓടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. പുതിയ കെ3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ ഐ20 എത്തുക. നിലവിലെ മോഡലിനെക്കാൾ വലുപ്പം കൂടുന്നതിനൊപ്പം സ്‌പോർട്ടി ക്രോസ്ഓവർ സ്വഭാവമുള്ള ഡിസൈനും വാഹനത്തിന് ലഭിച്ചേക്കും.

അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, ലെവൽ-2 എഡിഎഎസ്, പുതിയ കണക്റ്റഡ് കാർ സവിശേഷതകൾ എന്നിവ ലഭിച്ചേക്കും. നിലവിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും പുതിയ മോഡലിലും തുടരുമെന്നാണ് പ്രതീക്ഷ.

പുതിയ ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ്

ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസിന്റെ പുതുതലമുറ മോഡലും അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ പുതിയ തലമുറ എത്തുക. വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പുതിയ ഡ്രൈവർ ഡിസ്പ്ലേ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിൽ പ്രതീക്ഷിക്കുന്നു. 1.2 ലിറ്റർ പെട്രോൾ എൻജിനൊപ്പം മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ലഭിക്കുകയെന്നാണ് സൂചന. സിഎൻജി പതിപ്പിനൊപ്പം സിഎൻജി-ഓട്ടോമാറ്റിക് കോമ്പിനേഷനും കമ്പനി അവതരിപ്പിച്ചേക്കും.

മാരുതി ബലേനോ സിഎൻജി എഎംടി

സിഎൻജി വാഹനങ്ങളുടെ ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിൽ ബലേനോയുടെ സിഎൻജി പതിപ്പിലും പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് മാരുതി സുസുക്കി. നിലവിൽ ബലേനോ സിഎൻജി മാനുവൽ ഗിയർബോക്സിൽ മാത്രമാണ് ലഭിക്കുന്നത്. അടുത്ത വർഷം എഎംടി ഗിയർബോക്സുള്ള ബലേനോ സിഎൻജി അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരങ്ങളിലെ തിരക്കേറിയ റോഡുകളിൽ ഓടിക്കാൻ എളുപ്പമുള്ള ഓട്ടോമാറ്റിക് സൗകര്യത്തിനൊപ്പം സിഎൻജിയുടെ കുറഞ്ഞ പ്രവർത്തനച്ചെലവും ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രത്യേകിച്ച് ഡൽഹി-എൻസിആർ പോലുള്ള നഗരങ്ങളിൽ സിഎൻജി വാഹനങ്ങൾക്ക് ലഭിക്കുന്ന മുൻതൂക്കം കൂടി കണക്കിലെടുക്കുമ്പോൾ, പുതിയ ബലേനോ സിഎൻജി എഎംടി മാരുതിയുടെ പ്രധാന മോഡലുകളിലൊന്നായി മാറിയേക്കും.

PREV
Read more Articles on
click me!

Recommended Stories

സ്കോഡ സ്ലാവിയയ്ക്ക് വില കൂടി; പുതിയ മുഖം ഉടൻ?
ഒറ്റ ചാർജിൽ 139 കിലോമീറ്റർ; മൊത്തം റേഞ്ച് 1,000 കിലോമീറ്റർ! പുതിയ എസ്‌യുവിയുമായി ജെഎസ്‍ഡബ്ല്യു