
ഇന്ത്യൻ വാഹന വിപണിയിൽ എസ്യുവികൾക്ക് ആവശ്യക്കാർ വർധിക്കുമ്പോഴും ഹാച്ച്ബാക്കുകളോടുള്ള താൽപ്പര്യം കുറയുന്നില്ല. കുറഞ്ഞ പരിപാലനച്ചെലവ്, മികച്ച ഇന്ധനക്ഷമത, നഗരങ്ങളിലെ എളുപ്പത്തിലുള്ള ഡ്രൈവിങ് എന്നിവയാണ് ഹാച്ച്ബാക്കുകളെ ജനപ്രിയമാക്കുന്നത്. ഈ വിഭാഗത്തിൽ പുതിയ മോഡലുകളുമായി എത്താനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കിയും ഹ്യുണ്ടായിയും.
അടുത്ത 12 മാസത്തിനുള്ളിൽ 3 പുതിയ ഹാച്ച്ബാക്കുകളാണ് ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി വാഗൺആർ ഫെയ്സ്ലിഫ്റ്റ്, പുതിയ തലമുറ ഹ്യുണ്ടായ് ഐ20, പുതിയ തലമുറ ഗ്രാൻഡ് ഐ10 നിയോസ് എന്നിവയാണ് ഈ പട്ടികയിലുള്ളത്. ഡിസൈൻ, ഫീച്ചറുകൾ, എൻജിൻ എന്നിവയിൽ ശ്രദ്ധേയമായ മാറ്റങ്ങളോടെയായിരിക്കും പുതിയ മോഡലുകൾ എത്തുക.
മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ പരിഷ്കരിച്ച പതിപ്പ് 2026 ഡിസംബറിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലിന്റെ പരീക്ഷണയോട്ടം കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവിലെ വാഗൺആറിന്റെ ഉയരമേറിയ രൂപകൽപ്പന പുതിയ പതിപ്പിലും തുടരും. എന്നാൽ മുൻഭാഗത്ത് പുതിയ ഗ്രിൽ, പരിഷ്കരിച്ച ഹെഡ്ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ എന്നിവ ലഭിച്ചേക്കും. അകത്തളത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഡാഷ്ബോർഡ്, മെച്ചപ്പെടുത്തിയ സീറ്റ് അപ്ഹോൾസ്റ്ററി, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവ പുതിയ മോഡലിൽ ഇടംപിടിച്ചേക്കും.
എൻജിൻ നിരയിൽ കമ്പനിയുടെ പുതിയ 1.2 ലിറ്റർ, 3 സിലിണ്ടർ ഇസഡ്12ഇ പെട്രോൾ എൻജിൻ ഉൾപ്പെടുത്തിയേക്കും. സിഎൻജി പതിപ്പിൽ അണ്ടർബോഡി സിഎൻജി ടാങ്ക് നൽകാനും സാധ്യതയുണ്ട്. ഇത് ബൂട്ട് സ്പേസ് കൂടുതൽ പ്രയോജനകരമായി ഉപയോഗിക്കാൻ സഹായിക്കും. എന്നാൽ ഈ മാറ്റങ്ങൾ സംബന്ധിച്ച് മാരുതി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ20യുടെ നാലാം തലമുറ മോഡൽ 2027ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡൽ കമ്പനി ഇതിനകം ബ്രസീലിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലെത്തുന്ന പതിപ്പിലും ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മൂർച്ചയേറിയ എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഡിആർഎല്ലുകൾ, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. പിൻഭാഗത്ത് കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകളും പുതിയ ബമ്പറും ലഭിക്കും.
പുതിയ ഐ20യുടെ ക്യാബിനിൽ ഇരട്ട 12.3 ഇഞ്ച് ഡിസ്പ്ലേ സംവിധാനം, വയർലെസ് ചാർജിങ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓവർ ദി എയർ അപ്ഡേറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ പ്രതീക്ഷിക്കാം.
സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും ലഭിച്ചേക്കും. എൻജിന്റെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല. നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ ഇന്ത്യൻ പതിപ്പിലും തുടരുമെന്നാണ് സൂചന.
ഹ്യുണ്ടായിയുടെ മറ്റൊരു ജനപ്രിയ ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ10 നിയോസിന്റെ പുതിയ തലമുറ പതിപ്പ് 2027 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2019ലാണ് നിലവിലെ തലമുറ അവതരിപ്പിച്ചത്. പിന്നീട് 2023ൽ പ്രധാനപ്പെട്ട പരിഷ്കരണങ്ങളും ലഭിച്ചിരുന്നു. പുതിയ മോഡലിൽ എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ പ്രതീക്ഷിക്കാം. വാഹനത്തിന്റെ നീളം ഏകദേശം 3.95 മീറ്ററായിരിക്കുമെന്നാണ് സൂചന.
ഇന്റീരിയറിൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പുതിയ ഡാഷ്ബോർഡ്, മെച്ചപ്പെട്ട ക്യാബിൻ മെറ്റീരിയലുകൾ എന്നിവ ഉൾപ്പെടുത്തിയേക്കും. നിലവിലെ 83 ബിഎച്ച്പി കരുത്തുള്ള 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെ പുതിയ മോഡലിലും തുടരുമെന്നാണ് പ്രതീക്ഷ. സിഎൻജി പതിപ്പും ലഭ്യമാകും. കൂടാതെ, സിഎൻജി പതിപ്പിനൊപ്പം എഎംടി ഗിയർബോക്സ് അവതരിപ്പിക്കാനും ഹ്യുണ്ടായ് പദ്ധതിയിട്ടേക്കും. ഇത് കുറഞ്ഞ ചെലവിൽ ഓട്ടോമാറ്റിക് ഡ്രൈവിങ് സൗകര്യം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഗുണകരമാകും.
പുതിയ വാഗൺആർ, ഐ20, ഗ്രാൻഡ് ഐ10 നിയോസ് എന്നീ മോഡലുകൾ എത്തുന്നതോടെ ഇന്ത്യൻ ഹാച്ച്ബാക്ക് വിപണിയിൽ മത്സരം കൂടുതൽ ശക്തമാകും. മികച്ച മൈലേജ്, പുതിയ സാങ്കേതികവിദ്യ, കൂടുതൽ സുരക്ഷാ ഫീച്ചറുകൾ എന്നിവയ്ക്കൊപ്പം ആകർഷകമായ വിലയും ഉറപ്പാക്കാനായിരിക്കും കമ്പനികളുടെ ശ്രമം. വരും മാസങ്ങളിൽ ഈ മോഡലുകളുടെ ഔദ്യോഗിക ലോഞ്ച് വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.