
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ കൂട്ടുകെട്ടുമായി ടാറ്റ മോട്ടോഴ്‌സും ജീപ്പിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസും. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസും സ്റ്റെല്ലാന്റിസും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടാറ്റ സിയറയുടെ പ്ലാറ്റ്‌ഫോമിൽ പുതിയ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാൻ ജീപ്പ് ഒരുങ്ങുന്നു. J1J എന്ന കോഡ്‌നാമത്തിലുള്ള പുതിയ മോഡൽ ആഗോള വിപണികളെ ലക്ഷ്യമിട്ടുള്ളതായിരിക്കും. ഫോർ വീൽ ഡ്രൈവ് (4X4) സംവിധാനവും പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റ സിയറയുടെ ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ജീപ്പ് എസ്‌യുവിയുടെ നിർമാണം. ഓൾ-ടെറൈൻ റെഡി, ഓമ്‌നി-എനർജി, ജ്യോമെട്രി സ്കെയിലബിൾ എന്നീ സവിശേഷതകളെ മുൻനിർത്തി വികസിപ്പിച്ച പ്ലാറ്റ്‌ഫോമാണിത്. വാഹനത്തിന്റെ നിർമാണം മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (FIAL) പ്ലാന്റിലായിരിക്കുമെന്നാണ് വിവരം. പ്രാദേശികമായി നിർമിക്കുന്ന ഘടകങ്ങളുടെ ഉപയോഗവും പ്ലാറ്റ്‌ഫോം പങ്കിടലും ചെലവ് കുറയ്ക്കാൻ സഹായിക്കും. ഇതുവഴി പുതിയ ജീപ്പ് എസ്‌യുവിക്ക് മത്സരാധിഷ്ഠിത വില നിശ്ചയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പുതിയ J1J എസ്‌യുവിയുടെ ഡിസൈൻ, വലുപ്പം, ഫീച്ചറുകൾ, പ്രകടനം, വിപണിയിലെ സ്ഥാനം എന്നിവ നിർണയിക്കുന്നതിനായി ജീപ്പ് റെനഗേഡ്, കോമ്പസ് മോഡലുകളെ കമ്പനി വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ മോഡലുകളിലെ എല്ലാ ഘടകങ്ങളും പുതിയ വാഹനത്തിൽ ഉപയോഗിക്കുമെന്ന് ഇതിനർഥമില്ല. ടാറ്റ സിയറയുമായി പ്ലാറ്റ്‌ഫോമും ചില ഘടകങ്ങളും പങ്കിടുമെങ്കിലും രൂപകൽപ്പനയിൽ പുതിയ ജീപ്പ് എസ്‌യുവി വ്യത്യസ്തമായിരിക്കും. പുതിയ ബോഡി പാനലുകൾ, വേറിട്ട എക്സ്റ്റീരിയർ ഡിസൈൻ, പുതുക്കിയ ഇന്റീരിയർ, വ്യത്യസ്ത ഫീച്ചറുകൾ എന്നിവ വാഹനത്തിലുണ്ടാകും. ആഗോള ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തും.
പുതിയ എസ്‌യുവിയുടെ ഔദ്യോഗിക പേരും അന്തിമ പ്രൊഡക്ഷൻ ഡിസൈനും ജീപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ആഗോള വിപണികളെ ലക്ഷ്യമിടുന്ന മോഡലായതിനാൽ 4X4 സംവിധാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പെട്രോൾ ഉൾപ്പെടെയുള്ള ഐസിഇ എൻജിൻ ഓപ്ഷനുകൾക്കൊപ്പം ഇലക്ട്രിക് പതിപ്പും പരിഗണനയിലുണ്ടെന്നാണ് സൂചന. വാഹനത്തിന്റെ ലോഞ്ച് തീയതി, വില, എൻജിൻ വിശദാംശങ്ങൾ എന്നിവയും പുറത്തുവന്നിട്ടില്ല.
അതിനിടെ, നിലവിലെ 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിന് പകരം ടാറ്റയുടെ പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ പെട്രോൾ എൻജിൻ ജീപ്പ് കോമ്പസിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. നാല് സിലിണ്ടറുകളുള്ള ഈ എൻജിനിൽ ടർബോചാർജ്ഡ് ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ (TGDi) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 158 മുതൽ 168 ബിഎച്ച്പി വരെ കരുത്തും 255 മുതൽ 280 എൻഎം വരെ ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഇതിന് കഴിയും.
BS6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിൻ ഭാവിയിലെ BS7 മാനദണ്ഡങ്ങൾക്കായും തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. E20, E85 എഥനോൾ മിശ്രിത ഇന്ധനങ്ങൾ ഉപയോഗിക്കാനും സാധിക്കും. ഗുജറാത്തിലെ സാനന്ദിലുള്ള ടാറ്റയുടെ പ്ലാന്റിൽ പൂർണമായും പ്രാദേശികവൽക്കരിച്ചാണ് എൻജിൻ നിർമിക്കുന്നത്. ടാറ്റയുടെ സാങ്കേതികവിദ്യയും ജീപ്പിന്റെ എസ്‌യുവി പാരമ്പര്യവും ഒന്നിക്കുന്ന ഈ നീക്കം ഇന്ത്യൻ വാഹന വിപണിയിൽ പുതിയ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.