ജിഎസ്‍ടി; പണി കിട്ടിയത് യൂസ്‍ഡ് കാര്‍ വിപണിക്ക്

By Web DeskFirst Published Jul 9, 2017, 6:43 PM IST
Highlights

പുതിയ കാറുകള്‍ക്ക് നികുതി കുറച്ചപ്പോള്‍ യൂസ്‍ഡ് കാറുകള്‍ക്ക് നികുതി നിരക്ക് ഉയര്‍ത്തിയതാണ് പ്രധാന കാരണം. തങ്ങളുടെ മാര്‍ജിന്‍റെ അഞ്ച് ശതമാനമായിരുന്നു യൂസ്‍ഡ് കാര്‍ ഡീലര്‍മാര്‍ ഇതുവരെ നികുതിയായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ജിഎസ്‍ടി വന്നതോടെ ഇത് 28 ശതമാനമായി ഉയര്‍ന്നു. അതായത് ജിഎസ്‍ടി വരുന്നതിനു മുമ്പ് അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം ഒരു യൂസ്‍ഡ് കാര്‍ ഡീലര്‍ 5.75 ലക്ഷം രൂപയ്ക്ക് ഇതേ വാഹനം മറിച്ചു വില്‍ക്കുകയാണെന്നു കരുതുക. അപ്പോള്‍ ലാഭം കിട്ടിയ 75,000 രൂപയുടെ അഞ്ച് ശതമാനമായ 3,750 രൂപ നികുതിയായി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ജിഎസ്‍ടി നിലവില്‍ വന്നതോടെ ഇതേ ട്രാന്‍സാക്ഷന് ഒരു യൂസ്‍ഡ് കാര്‍ ഡീലര്‍ 21,000 രൂപ നികുതി ഇനത്തില്‍ നല്‍കേണ്ടി വരും.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങാനെത്തുന്നവരുടെ മേലാവും സ്വാഭാവികമായും യൂസ്‍ഡ് കാര്‍ ഡീലര്‍മാര്‍ ഈ നികുതി ഭാരം ചുമത്തുക. അതായത് യൂസ്‍ഡ് കാറുകളുടെ വില ഉയരുമെന്ന് അര്‍ത്ഥം. പക്ഷേ ജിഎസ്‍ടിയുടെ പശ്ചാത്തലത്തില്‍ വന്‍വിലക്കിഴിവില്‍ പുത്തന്‍ കാറുകള്‍ തന്നെ വിപണിയില്‍ ലഭിക്കുമ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വന്‍തുക മുടക്കി വാങ്ങാന്‍ ആരു തയ്യാറാവുമെന്ന ചോദ്യമാണ് യൂസ്‍ഡ് കാര്‍ വിപണിയെ ആശങ്കയിലാക്കുന്നത്.

അപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില കുറച്ചു വാങ്ങുക എന്ന തന്ത്രമായിരിക്കും ഡീലര്‍മാര്‍ പ്രയോഗിക്കുക. അതായത് നിങ്ങളുടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍ക്കാന്‍ യൂസ്‍ഡ് കാര്‍ മാര്‍ക്കറ്റിലെത്തിയാല്‍ പ്രതീക്ഷിച്ച വില കിട്ടില്ല. സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉടമയുടെ വില പേശാനുള്ള അധികാരത്തെ ജിഎസ്‍ടി ദുര്‍ബലമാക്കിയിരിക്കുന്നുവെന്ന് ചുരുക്കം. ഉപഭോക്താക്കള്‍ തമ്മില്‍ നേരിട്ടുള്ള ഇടപാടുകള്‍ക്ക് നികുതി ഇല്ലാത്തതിനാല്‍ ഒരു പക്ഷേ ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയ കൂട്ടായ്‍മകളിലൂടെയും മറ്റുമുള്ള വണ്ടിക്കച്ചവടങ്ങള്‍ക്ക് ഒരുപരിധിവരെ ആക്കം കൂടിയേക്കാം. പക്ഷേ അപ്പോഴും വില കുറഞ്ഞ പുത്തന്‍വാഹന വിപണി സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉടമകള്‍ക്ക് മുന്നില്‍ വന്‍ഭീഷണിയായി തുടരും.

 

 

click me!