2005-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഭാഗമായ സ്റ്റേഷനുകൾ ഇപ്പോൾ 'അമൃത് ഭാരത്' പദ്ധതിക്ക് കീഴിൽ നവീകരിക്കുകയാണ്.

നീലഗിരി: നീലഗിരിയുടെ കോടമഞ്ഞും തണുപ്പും വകഞ്ഞുമാറ്റി കൂകിപ്പാഞ്ഞുപോകുന്ന ഊട്ടി ടോയ് ട്രെയിൻ ഒരു വെറും തീവണ്ടിയല്ല, അതൊരു അനുഭവമാണ്. ചരിത്രവും പ്രകൃതിഭംഗിയും എഞ്ചിനീയറിംഗ് അത്ഭുതങ്ങളുമെല്ലാം ഈ യാത്രയിൽ ഒന്നിക്കുന്നു. തേയിലത്തോട്ടങ്ങൾക്കും മനോഹരമായ താഴ്‌വരകൾക്കും നടുവിലൂടെയുള്ള ഈ യാത്ര നമ്മളെ തിരക്കുകളിൽ നിന്ന് മാറ്റി പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ആവി എഞ്ചിന്റെ ശബ്ദവും വളഞ്ഞുപുളഞ്ഞുപോകുന്ന പാളങ്ങളും ഒരു നൊസ്റ്റാൾജിക് ഫീൽ തരും എന്നതിൽ സംശയമില്ല.

ചരിത്രവും നിർമ്മാണവും

നീലഗിരി കുന്നുകളിലേക്ക് ഒരു റെയിൽപാത എന്ന ആശയം ബ്രിട്ടീഷുകാരുടെ കാലത്ത് 1854-ലാണ് ആദ്യമായി വരുന്നത്. 1873-ൽ മദ്രാസ്-കോയമ്പത്തൂർ-മേട്ടുപ്പാളയം പാത തുറന്നതോടെ, അന്നത്തെ നീലഗിരി ജില്ലാ എഞ്ചിനീയറായിരുന്ന ജെ.എൽ.എൽ. മൊറാൻ്റ് ആണ് മലമുകളിലേക്ക് ഒരു റെയിൽപാതയുടെ സാധ്യതകൾ കാര്യമായി പഠിക്കാൻ തുടങ്ങിയത്.

1899-ൽ തുറന്ന ഈ പാതയുടെ നിർമ്മാണം പല ഘട്ടങ്ങളിലായാണ് പൂർത്തിയായത്. 27.34 കിലോമീറ്റർ ദൂരമുള്ള മേട്ടുപ്പാളയം-കൂനൂർ പാത 1989 ജൂൺ 15-ന് തുറന്നു. 17.48 കിലോമീറ്റർ വരുന്ന കൂനൂർ-ഫേൺഹിൽ പാത 1908 സെപ്റ്റംബർ 15-നും, 1.79 കിലോമീറ്റർ വരുന്ന ഫേൺഹിൽ-ഉദഗമണ്ഡലം പാത 1908 ഒക്ടോബർ 15-നും യാത്രക്കാർക്കായി തുറന്നുകൊടുത്തു.

എഞ്ചിനീയറിംഗ് വിസ്മയം

മേട്ടുപ്പാളയത്തിനും ഉദഗമണ്ഡലത്തിനും ഇടയിൽ 16 തുരങ്കങ്ങളും 257 പാലങ്ങളും 209 വളവുകളുമുണ്ട്. ഇന്ത്യയിലെ ഒരേയൊരു 'റാക്ക് ആൻഡ് പിനിയൻ' സിസ്റ്റം ഉപയോഗിക്കുന്ന റെയിൽവേയാണിത്. പൽച്ചക്രങ്ങൾ ഉപയോഗിച്ച് കുത്തനെയുള്ള കയറ്റം കയറാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യയാണ് ഈ പാതയെ ഏഷ്യയിലെ ഏറ്റവും ചെങ്കുത്തായ റെയിൽവേ ലൈനാക്കി മാറ്റുന്നത്. 326 മീറ്റർ ഉയരത്തിൽ നിന്ന് 2203 മീറ്റർ ഉയരത്തിലേക്ക്, മൊത്തം 46 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

എഞ്ചിനുകളും കോച്ചുകളും

മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ ഓടുന്നത് 'എക്സ് ക്ലാസ്' ആവി എഞ്ചിനുകളാണ്. തുടക്കത്തിൽ സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഈ എഞ്ചിനുകൾ ഇപ്പോൾ തിരുച്ചിറപ്പള്ളിയിലെ ഗോൾഡൻ റോക്ക് വർക്ക്ഷോപ്പിലാണ് നിർമ്മിക്കുന്നത്. കൂനൂരിനും ഉദഗമണ്ഡലത്തിനും ഇടയിൽ ഡീസൽ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിനുകളുടെയെല്ലാം അറ്റകുറ്റപ്പണികൾ നടക്കുന്നത് കൂനൂരിലെ സ്റ്റീം ലോക്കോ ഷെഡ്ഡിലാണ്.

യാത്രക്കാർക്കായി 27 കോച്ചുകളും, പാളങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകാൻ 13 വാഗണുകളും നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഭാഗമായുണ്ട്. ഇവയുടെയെല്ലാം പരിപാലനം മേട്ടുപ്പാളയത്തെ കാര്യേജ് & വാഗൺ ഡിപ്പോയിലാണ്.

യുനെസ്കോ അംഗീകാരവും പൈതൃക സംരക്ഷണവും

പഴയ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, എഞ്ചിനുകൾ, കോച്ചുകൾ എന്നിവയെല്ലാം വലിയ മാറ്റങ്ങളില്ലാതെ ഇന്നും ഉപയോഗിക്കുന്നതുകൊണ്ടാണ് നീലഗിരി മൗണ്ടൻ റെയിൽവേ ഒരു പൈതൃക അത്ഭുതമായി നിലനിൽക്കുന്നത്. ഇതിന്റെ ഭാഗമായി 2005-ൽ യുനെസ്കോ ഇതിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഈ പൈതൃകം സംരക്ഷിക്കുന്നതിനായി 2015 ഒക്ടോബർ 10-ന് മേട്ടുപ്പാളയത്തും 2018 ജൂൺ 15-ന് ഉദഗമണ്ഡലത്തും മ്യൂസിയങ്ങൾ തുറന്നിട്ടുണ്ട്. ഈ മ്യൂസിയങ്ങൾ വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരുപോലെ ആകർഷിക്കുന്നു.

ട്രെയിൻ സർവീസുകൾ

ദിവസവും മേട്ടുപ്പാളയം-ഉദഗമണ്ഡലം-മേട്ടുപ്പാളയം റൂട്ടിൽ ഒരു സർവീസുണ്ട്. ഇതുകൂടാതെ, കൂനൂരിനും ഉദഗമണ്ഡലത്തിനും ഇടയിൽ ദിവസവും മൂന്ന് ജോഡി ട്രെയിനുകൾ ഓടുന്നുണ്ട്. വേനൽക്കാലത്തും മറ്റ് അവധി ദിവസങ്ങളിലും പ്രത്യേക സർവീസുകളും നടത്താറുണ്ട്.

അമൃത് ഭാരത് പദ്ധതി; പുതിയ മുഖവും പുതിയ സർവീസുകളും

നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഭാഗമായ മേട്ടുപ്പാളയം, കൂനൂർ, ഉദഗമണ്ഡലം സ്റ്റേഷനുകൾ 'അമൃത് ഭാരത് സ്റ്റേഷൻ' പദ്ധതിക്ക് കീഴിൽ നവീകരിക്കുകയാണ്. സ്റ്റേഷനുകളുടെ പൈതൃക തനിമ നിലനിർത്തിക്കൊണ്ടാണ് നവീകരണം. ഈ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന്, തിരുച്ചിറപ്പള്ളിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ രണ്ട് അമൃത് ഭാരത് എക്സ്പ്രസുകൾ ഉൾപ്പെടെ അഞ്ച് പുതിയ ട്രെയിൻ സർവീസുകൾക്ക് തുടക്കം കുറിച്ചിരുന്നു.

നാഗർകോവിൽ-ചർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് തെക്കൻ തമിഴ്നാടിനെയും തെലങ്കാനയെയും ബന്ധിപ്പിക്കും. കോയമ്പത്തൂരിലെ വ്യവസായ മേഖലയെ കിഴക്കൻ ഇന്ത്യയിലെ കൽക്കരി-സ്റ്റീൽ ഹൃദയഭൂമിയുമായി ആദ്യമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പോടന്നൂർ-ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ്.

രാമേശ്വരം-മംഗളൂരു എക്സ്പ്രസ്, തിരുനെൽവേലി-മംഗളൂരു എക്സ്പ്രസ്, മയിലാടുതുറൈ-തിരുവാരൂർ-കാരൈക്കുടി എന്നിവയാണ് മറ്റ് മൂന്ന് പുതിയ സർവീസുകൾ. ഈ പുതിയ ട്രെയിൻ സർവീസുകൾ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.