
മാർച്ചിൽ വിപണിയിലെത്തിയ കോംപാക്ട് ക്രോസോവര്‍ ഡബ്ല്യു ആർ — വിയുടെ ബുക്കിംഗ് വേഗതയെ തുടര്‍ന്ന് വാഹനം ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് കുറയ്ക്കാൻ ഉൽപ്പാദനം വർധിപ്പിക്കാൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എൽ) ഒരുങ്ങുന്നു. ഡബ്ല്യു ആർ — വിയുടെ പ്രതിമാസ ഉൽപ്പാദനം 5,000 യൂണിറ്റായി ഉയർത്താനാണു നീക്കം. 23,000 ബുക്കിങ്ങുകളാണു ഹോണ്ട സ്വന്തമാക്കിയത്. എന്നാൽ ഇതിൽ 16,000 വാഹനങ്ങൾ മാത്രമാണു കമ്പനിക്ക് ഇതുവരെ ഉടമസ്ഥർക്കു കൈമാറാനായത്.
നിലവിൽ 3,400 ഡബ്ല്യു ആർ — വിയാണു കമ്പനിയുടെ പ്രതിമാസ ഉൽപ്പാദനം. ഇത് 5,000 യൂണിറ്റാക്കി ഉയർത്താനാണു തീരുമാനം. വിപണിയിൽ മികച്ച സ്വീകാര്യതയാണു ഡബ്ല്യു ആർ — വി നേടിയതെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അവകാശപ്പെട്ടു. പുതിയ ‘ഡബ്ല്യു ആർ — വി’ സ്വന്തമാക്കാൻ രണ്ടും മൂന്നും മാസം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും അദ്ദഹം അറിയിച്ചു. ഈ സാഹചര്യത്തിലാണു ‘ഡബ്ല്യു ആർ — വി’ ഉൽപ്പാദനം വർധിപ്പിക്കുന്നത്.
ജപ്പാനിലെ ഹോണ്ട ആർ ആൻഡ് ഡി കമ്പനി ലിമിറ്റഡും ഹോണ്ട ആർ ആൻഡ് ഡി ഇന്ത്യയും ചേർന്നു വികസിപ്പിച്ച ആദ്യ മോഡലായ ഡബ്ല്യു ആർ — വി പെട്രോൾ, ഡീസൽ എൻജിന്‍ വകഭേദങ്ങളില്‍ വിൽപ്പനയ്ക്കുണ്ട്. രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്‍റിലാണ് ഡബ്ല്യു ആർ — വിയുടെ നിർമ്മാണം.
നവരാത്രി — ദീപാവലി ഉത്സവകാലമെത്തുംമുമ്പ് ‘ഡബ്ല്യു ആർ — വി’ക്കുള്ള കാത്തിരിപ്പ് കാലം കുറയ്ക്കാനാണു ഹോണ്ടയുടെ പദ്ധതി. ഇപ്പോൾ ഉൽപ്പാദനം വർധിപ്പിച്ചാൽ ഉത്സവകാലത്തെ ഉയർന്ന ആവശ്യവും സുഗമമായി നിറവേറ്റാൻ കഴിയുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.