ഹൈടെക്ക് വാഹനമോഷ്‍ടാവിന് പൊലീസിന്‍റെ സൈബര്‍ കുരുക്ക്

By Web DeskFirst Published Oct 25, 2017, 8:20 AM IST
Highlights

കൊച്ചി: ഹൈടെക്ക് സംവിധാനം ഉപയോഗിച്ച് കാര്‍ മോഷ്‍ടിച്ച കള്ളനെ പൊലീസ് ഹൈടെക്ക് സംവിധാനത്തിലൂടെ തന്നെ കുടുക്കി. കൊച്ചിയിലാണ് സംഭവം. ജിപിഎസ് സംവിധാനം ഉപയോഗിച്ച് കാര്‍ മോഷ്‍ടിച്ച കൊല്ലം സ്വദേശിയായ ശ്യാംസുന്ദറിനെയാണ് കൊച്ചി പാലാരിവട്ടം പൊലീസ് കുടുക്കിയത്.

വാടകക്കെടുത്ത കാറില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച ശേഷം തിരിച്ചു നല്‍കി മറ്റൊരാള്‍ ഇതേ വാഹനം വാടകക്ക് എടുത്തപ്പോള്‍ പിന്തുടര്‍ന്ന് മോഷ്‍ടിക്കുന്നതായിരുന്നു ഇയാളുടെ തന്ത്രം. ഓണാവധി ആഘോഷിക്കാന്‍ തിരുവനന്തപുരത്ത് നിന്നും കാര്‍ വാടകക്കെടുത്ത് കൊച്ചിയിലെത്തിയ കുടുംബമാണ് കവര്‍ച്ചക്ക് ഇരയായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. തിരുവനന്തപുരത്തെ റെന്‍റ് എ കാര്‍ കമ്പനിയില്‍ നിന്നും ശ്യാംസുന്ദര്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇതേ കാര്‍ വാടകക്കെടുത്തു. തുടര്‍ന്ന് കള്ളത്താക്കാല്‍ സംഘടിപ്പിക്കുകയും കാറില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുകയും ചെയ്‍ത ശേഷം വാഹനം തിരികെ നല്‍കി.

പിന്നീട് തിരുവനന്തപുരത്തെ കുടുംബം ഇതേ കാര്‍ വാടകക്കെടുത്ത് കൊച്ചിയിലേക്ക് സഞ്ചരിക്കുന്ന വിവരം ജിപിഎസ് സംവിധാനത്തിലൂടെ മനസിലാക്കിയ ഇയാള്‍ വാഹനത്തെ പിന്തുടര്‍ന്ന് കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം യാത്രിനിവാസില്‍ വാഹനം പാര്‍ക്ക് ചെയ്‍ത് മെട്രോയില്‍ യാത്ര നടത്താന്‍ കുടുംബം പോയ തക്കത്തിന് ശ്യാംസുന്ദര്‍ കാറുമായി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് മുമ്പ് ഈ കാര്‍ വാടകക്കെടുത്തവരിലേക്ക് പൊലീസ് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. കാര്‍ മുമ്പ് വാടകക്കെടുത്തവരുടെ വിശദാംശങ്ങള്‍ അന്വേഷിച്ച പൊലീസ് എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‍തെങ്കിലും ശ്യാംസുന്ദര്‍ മാത്രം മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കൊടൈക്കനാലില്‍ വച്ചാണ് ഇയാളെ പിടികൂടുന്നത്.

click me!