മാരുതി സിയാസിനെ പിന്തള്ളി ഹോണ്ട സിറ്റി

By Web DeskFirst Published Jan 4, 2018, 9:55 PM IST
Highlights

2017ലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മിഡ് സൈസ് സെ‍ഡാൻ ശ്രേണിയിൽ മാരുതി സുസുക്കി സിയാസിനെ പിന്തള്ളി ഹോണ്ട സിറ്റി ഒന്നാമത്. 62573 യൂണിറ്റുമായിട്ടാണ് ഹോണ്ട ഒന്നാമതെത്തിയത്. 61967 യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ് രണ്ടാം സ്ഥാനത്താണ്. 25904 യൂണിറ്റുമായി ഹ്യുണ്ടേയ് വെർണ മൂന്നാമതും 12140 യുണിറ്റുമായി സ്കോഡ റാപ്പിഡ് നാലാമതുമാണ്.  8018 യൂണിറ്റ് വിറ്റ ഫോക്സ്‍വാഗൻ വെന്റോയ്ക്കാണ് അ‍ഞ്ചാം സ്ഥാനം.

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ വാഹനമായ സിറ്റി ഇന്ത്യയിലെത്തിയിട്ട് 2018ല്‍ 20 വര്‍ഷം തികയുകയാണ്. 1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ പ്രീമിയം സെഡാനായ സിറ്റി വിൽപ്പനയ്ക്കു തുടക്കമിടുന്നത്.

തുടര്‍ന്ന് 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു.

നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം. നാലു തലമുറകളായി തുടരുന്ന ശക്തമായ പാരമ്പര്യത്തിന്റെ പിൻബലത്തിൽ ഉപയോക്താക്കളുടെ മാറുന്ന അഭിരുചികളോട് നീതി പുലർത്താൻ സിറ്റിക്കു സാധിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

വാഹനത്തിന്‍റെ 1.5ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിന് 99 കുതിരശക്തിയും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതേസമയം പെട്രോൾ എൻജിനായ 1.5ലിറ്റർ ഐ-വിടെക് 117കുരിരശക്തിയും 145എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. മോഡേൺ സ്റ്റീൽ മെറ്റാലിക്, വൈറ്റ് ഓർക്കിഡ് പേൾ, കാർനിലിയൻ റെഡ് പേൾ, അലാബാസ്റ്റർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഒടുവിലിറങ്ങിയ ഫേസ് ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തുന്നത്. 8,49,990 രൂപയാണ് ഈ എക്സ്ക്യൂട്ടീവ് സെഡാന്‍റെ ദില്ലിഎക്സ്ഷോറൂം വില.

click me!