അര്‍ദ്ധരാത്രിയിലെ മാലാഖ!

By ചിത്ര ബിജോയ്First Published Jan 4, 2018, 7:11 PM IST
Highlights

യാത്രകൾ എനിക്ക് പ്രിയപ്പെട്ടതാണ്. ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കും ഓരോ യാത്രകളും. സുഗന്ധങ്ങൾ, രുചികൾ, കാലാവസ്ഥകൾ, വേഷങ്ങൾ, ഭാഷകൾ. അങ്ങനെ എന്തെല്ലാം നമുക്ക് പുതുതായി പഠിക്കാൻ ആകുമെന്നോ.

അങ്ങനെ ഒരു യാത്രയിൽ ഞാൻ പഠിച്ച പാഠം ആണിത്. ഭാര്യമാർ ഒരിക്കലും ഭർത്താവിനെ എല്ലാത്തിനും ഡിപ്പെന്‍ഡ് ചെയ്യരുത്. ഭർത്താവ് കൂടെ ഉണ്ടെങ്കിലും ഒരു പേഴ്‌സും അതിൽ കുറച്ചു ഫോറിൻ കറൻസിയും ഒരു മൊബൈലും ഹാൻഡ്ബാഗിൽ എപ്പോഴും കരുതണം. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാം. പക്ഷെ  എന്റെ അനുഭവമൊന്ന് വായിക്കൂ. എന്നിട്ട് തീരുമാനിക്കൂ.

രണ്ടു പേരും ഒരുമിച്ചാണ് യാത്ര പോകുന്നതെങ്കിൽ എപ്പോഴും ഭർത്താവിന്റെ കൈയിലാവും ഞങ്ങളുടെ യാത്ര രേഖകൾ, പാസ്പോര്‍ട്, എന്റെ കാർഡുകൾ അടങ്ങിയ പേഴ്‌സ് എന്നിവയൊക്കെ അടങ്ങിയ ബാഗ് ഉണ്ടാവുക. യാത്രയിൽ കൂടുതൽ സുരക്ഷിതത്വം ഭർത്താവിന്റെ കൈയിൽ ബാഗ് ഇരിക്കുമ്പോൾ ആണെന്നത് കൊണ്ടും, ഫ്രീ ആയി കൈ വീശി നടക്കാൻ ഉള്ള എന്റെ താല്പര്യം കൊണ്ടും മാത്രം ആണ് ഇങ്ങനെ. അല്ലാതെ അടിച്ചേല്പിച്ചതൊന്നും അല്ല കേട്ടോ!

വർഷത്തിൽ ഒരിക്കൽ യൂറോപ്പിലെ ഏതെങ്കിലും ഒരു നഗരത്തിലേക്ക് യാത്ര പോവാറുണ്ട്. മൂന്ന് വര്‍ഷം മുൻപ് ഞങ്ങൾ പ്രാഗിലേക്ക് ഒരു യാത്ര പോയി. എന്നെ ഈ പാഠം പഠിപ്പിച്ച യാത്ര!

ചെക് റിപ്പബ്ലികിന്റെ തലസ്ഥാനമാണ് പ്രാഗ്. കോപെന്‍ഹേഗില്‍ നിന്നും ഡയറക്റ്റ് ഫ്‌ളൈറ്റ്. പതിവില്ലാത്ത പോലെ ഫ്‌ളൈറ്റ് വൈകി ആണ് പുറപ്പെട്ടത്. പ്രാഗ് ഇൽ എത്തിയത് രണ്ടര മണിക്കൂർ വൈകി. രാത്രി 8:30 നു എത്തേണ്ടതിനു പകരം 11:00 മണിക്കാണ് എത്തിയത്. ബാഗൊക്കെ എടുത്തു വെളിയിൽ ഇറങ്ങിയപ്പോള്‍ സമയം 11:30 pm.

ഓരോ സ്ഥലത്തും പോകുമ്പോള്‍ അവിടത്തെ മാപ്, യാത്ര സൗകര്യങ്ങൾ, ഹോട്ടലിലേക്കുള്ള ദൂരം ഇതൊക്കെ എടുത്തു വെക്കാറുണ്ട് ഞാൻ. ഇതൊക്കെ കൈയിൽ പിടിക്കുന്ന ബാക് പാക്ക് ബാഗില്‍ ആണ് വെക്കുക. അത് സൗകര്യത്തിനു ഭർത്താവിന്റെ തോളത്തു ഇട്ട് കൊടുക്കുകയും ചെയ്യും. ആവശ്യമുള്ളപ്പോഴൊക്കെ ബാക് പാക്ക് പുറകിൽ നിന്ന് തുറന്നു എനിക്ക് ഒക്കെ എടുത്തു നോക്കാല്ലോ! വളരെ സൗകര്യം. അങ്ങനെ ആയിരുന്നു അത് വരെ ഉള്ള എല്ലാ യാത്രകളിലും.


 
എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് പോകാൻ ടാക്സി നോക്കി. കിട്ടിയില്ല. രാത്രി ആയപ്പോ പ്രീ പെയ്ഡ് ടാക്സി ഒക്കെ പോയിരുന്നു. എയർപോർട്ടിലെ ഇൻഫർമേഷൻ സെന്റർ പത്തു മണിക്ക് അടച്ചു. യൂറോപ്പിലെ പരിഷ്കൃതമായ പല സംവിധാനങ്ങളും ഇല്ലാത്ത ഒരു വിമാനത്താവളം. പ്രാഗ് ഇലെ നിവാസിയായ ഒരാൾ അവിടെ അസമയത്ത് പരിചയമില്ലാത്ത ടാക്സി പിടിച്ചാൽ അവർ നമ്മെ പറ്റിച്ചു കാശ് അടിച്ചു മാറ്റുമെന്ന് ഫ്‌ളൈറ്റിൽ വെച്ച് പറഞ്ഞതോർമ വന്നു! അങ്ങനെ ആശ്രയം മാപ് മാത്രം.

നോക്കിയപ്പോള്‍ പബ്ലിക് ബസും ട്രാമും ഉണ്ട്. ഹോട്ടലിലേക്ക് പോകാൻ ബസ് ആണ് സൗകര്യം. ഒരു ഇരുപതു മിനിറ്റ് മാത്രമേ വേണ്ടൂ. എല്ലാ പത്തു മിനിറ്റിലും എയർ പോർട്ടിന്റെ മുൻപിൽ നിന്നും ബസ് ഉണ്ട്. എങ്കിൽ പിന്നെ അതല്ലേ നല്ലത് എന്ന് ഞങ്ങളും തീരുമാനിച്ചു.

ബസ് വന്നു, നല്ല തിരക്ക്. ആൾക്കാർ നിൽക്കുന്നു. അങ്ങനെ ഭർത്താവും കുഞ്ഞും മുൻപിലെ വാതിലൂടെ ബസില്‍ കയറി. ബാക്ക്പാക്ക്, പ്രധാന രേഖകൾ, മൊബൈൽ, പേഴ്‌സ്, പാസ്പോര്‍ട്ട് എല്ലാം ഭർത്താവിന്റെ തോളിൽ തന്നെ. നമ്മൾ എന്തിനു ടെൻഷൻ അടിക്കണം, അവിടെ സേഫ് ആണല്ലോ! എന്റെ കൈയിൽ ഞങ്ങൾ കൊണ്ടു വന്ന തുണികളും മറ്റുമുള്ള മറ്റു രണ്ടു ബാഗുകൾ ഉണ്ട്. അവ വലുതായതിനാൽ ബസിന്റെ നടുക്കുള്ള വാതിൽ തുറന്ന്, അതിലൂടെ ബാഗും കയറ്റി, എന്നിട്ട് ഞാൻ കയറി നിൽപ്പായി.

തിക്കി തിരക്കി നിൽക്കുന്നതിനിടെ എനിക്ക് മോളെയും ബിജോയേട്ടനെയും കുറച്ചു മുൻപിൽ കാണാമായിരുന്നു. ബിജോയേട്ടൻ ഡ്രൈവറോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ബസിന്‍റെ നടുക്കായതിനാൽ എനിക്കൊന്നും മനസിലായില്ല. സ്റ്റോപ്പ് വല്ലോം ചോദിക്കുകയാണെന്നു ഞാനും കരുതി.

വളരെ സന്തോഷത്തോടെ പുതിയ രാജ്യത്തെ സഹയാത്രികരോട് ഞാന്‍ ചിരിച്ചു. ഇടക്കൊരു നിമിഷം ഭർത്താവിനെയും മോളെയും പാളി നോക്കി. ഞെട്ടിപ്പോയി. അവരെ കാണുന്നില്ല! നോക്കിയപ്പോള്‍ അതാ ,അവർ മുൻപിലെ വാതിലിലൂടെ ബസിന്‍റെ പുറത്തിറങ്ങി, എന്നെ നോക്കി കൈ കൊണ്ട് മാടി വിളിച്ചു നിൽക്കുന്നു. അയ്യോ!!! ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ അടുത്ത നിമിഷം വാതിലിലുള്ള 'സ്റ്റോപ്പ്' ബട്ടൺ അമർത്തി. എനിക്കവരെ ഇപ്പോഴും കാണാം. സ്റ്റോപ്പിൽ നിന്നും ബസ് പതുക്കെ നീങ്ങുന്നു. ഡ്രൈവർ നിർത്താനുള്ള ഭാവം ഇല്ല!

ഞാൻ എനിക്ക് കഴിയാവുന്നത്ര ഒച്ച വെച്ചു. അവിടുത്തെ ആൾക്കാർക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല! ഇംഗ്ലീഷ് അറിയാവുന്ന ഒരാൾ , ഞാൻ വിളിച്ചു പറയുന്നത് മനസ്സിലായപ്പോള്‍ 'ഡ്രൈവർ പ്ളീസ് സ്റ്റോപ്പ്, ദിസ് ലേഡീസ് ഫാമിലി ഈസ് ഔട്ട് സൈഡ്‌' എന്ന് വിളിച്ചു പറഞ്ഞു.  ഡ്രൈവർ കേൾക്കാത്ത ഭാവത്തിൽ മുൻപോട്ട് തന്നെ! ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു "Driver, Please... please stop.. can't you hear me?". ഒരു പ്രാഗ് നിവാസി ഡ്രൈവറോട് അടുത്ത് പോയി കാര്യം പറഞ്ഞു. അയാൾ എന്തൊക്കെയോ തർക്കിച്ചു.

ചുരുക്കത്തിൽ അയാൾക്ക് ടൂറിസ്റ്റുകളെ ഇഷ്ടം അല്ല!  റേസിസം ആവാം

ബസ് ഓടിക്കൊണ്ടിരുന്നു. എന്റെ അവസ്ഥ കണ്ടിട്ട് ഇംഗ്ലീഷ് അറിയാവുന്ന (ടൂറിസ്റ് ആയിരിക്കണം) ഒരാൾ വന്നു , "Ma'm, I think the stupid driver wont stop until next stop. Do you have ലോക്കൽ currency, to take a taxi back from the next stop?" എന്ന് ചോദിച്ചു.

ഞാൻ വിളറി വെളുത്തു.." No..  I don't have anything...everything is with my husband's backpack"

അയാൾ വീണ്ടും:" Do you have mobile with you, to call him and explain?"
"No... Mobile is also in handbag, which is inside backpack"
"Do you need my mobile to call him".
"Yea please.."

ഞാൻ അയാളോട് മൊബൈൽ വാങ്ങി ബിജോയേട്ടനെ വിളിച്ചു. കിട്ടുന്നില്ല. മൊബൈൽ സ്വിച്ചഡ് ഓഫ് എന്നു പറച്ചില്‍! ഹോ ഇതെന്തൊരു പരീക്ഷണം ദൈവമേ!

അയാൾ എനിക്ക് നേരെ കുറച്ചു Koruna  കറൻസി നീട്ടി. ഞാൻ പറഞ്ഞു:

" Thank you so much for your kindness, but no, will find a way" ..

എന്തോ എനിക്കത് വാങ്ങാൻ തോന്നിയില്ല.  വലിയ ഒരു കമ്പനിയിൽ മികച്ച പൊസിഷനിൽ ജോലി ചെയ്യുന്ന ഞാൻ നിമിഷ നേരം കൊണ്ട് ആരും സഹായത്തിനില്ലാത്ത വെറും പെണ്ണാകുകയോ?! എന്തോ ഒരു ആത്മാഭിമാനക്കുറവ്. അതോ ദുരഭിമാനമോ? അതുമല്ലെങ്കില്‍ സ്വയം അതിജീവിക്കാൻ ആകുമെന്ന വില്‍പവറോ? എന്തായാലും തിരിച്ചറിയാനാവാത്തൊരു വികാരം.

ഹോട്ടലിന്റെ പേരെനിക്കറിയാം. കാരണം കുറെ നേരമെടുത്ത്, സിറ്റി സെന്‍ററിന്‍റെ അടുത്ത് നല്ലത് റിവ്യൂ നോക്കി ബുക്ക് ചെയ്തത് ഞാനാണ്. പിന്നെ സ്ഥലം , സ്ട്രീറ്റ് പേര് അറിയില്ല, ആരോടെങ്കിലും ചോദിക്കാം. ഞാൻ മാനസിക നില വീണ്ടെടുത്തു.

പെട്ടെന്ന് ബസ് നിന്നു.  രണ്ടു വലിയ ബാഗുകളുമായി ഞാൻ പെരുവഴിയിൽ ഇറങ്ങി. ഏതോ ഒരു സ്റ്റോപ്പ്. ചുറ്റും അർദ്ധരാത്രിയുടെ കൂരിരുട്ട്! കൈയിൽ അഞ്ചു പൈസ ഇല്ല. ഭാഷ അറിയില്ല. മൊബൈൽ ഇല്ല. ബിജോയേട്ടൻ എങ്ങാനും അവിടെ നിന്നും എന്നെ അന്വേഷിച്ചു എങ്ങോട്ടേലും പോയിക്കാണുമോ? മോൾ കരയുന്നുണ്ടാവുമോ? ഞാൻ വീണ്ടും സാദാ പെണ്ണായി. എനിക്ക് കരച്ചിൽ വന്നു.

ബസ് സ്റ്റോപ്പിൽ ഒരു സ്ത്രീയെ കണ്ടു. അവരോടു ഞാൻ ആംഗ്യം കൊണ്ടും ഇംഗ്ലീഷ് കൊണ്ടും കാര്യങ്ങൾ പറഞ്ഞു. എയർപോർട്ടിലേക്ക് ഇവിടുന്നു എത്ര ദൂരം  ഉണ്ട്, എങ്ങനെ തിരിച്ച് അങ്ങോട്ടെത്താം എന്നാണു എന്‍റെ ചോദ്യമെന്ന് അവർക്ക് മനസ്സിലായി. അവർ മുറിയൻ ഇംഗ്ലീഷിൽ പറഞ്ഞു. ഒരു രണ്ടു കിലോമീറ്റര്‍ ഉണ്ടാകും. സ്ട്രീറ്റ് മുറിച്ചു നടക്കണം. രണ്ടു മൂന്നു ബിൽഡിംഗിന്റെ അപ്പുറം എത്തിയാൽ നീളത്തിൽ ഉയരത്തിൽ ലൈറ്റ് കാണാം. ലൈറ്റ് ലക്ഷ്യമാക്കി നടന്നാല്‍ മതി. ടാക്സി പിടിക്കേണ്ട, കള്ളന്മാരായ ടാക്സിക്കാർ ഉണ്ട്.

അർദ്ധ രാത്രി, സമയം 00:00.  പ്രാഗ് എന്ന നഗരത്തിലെ, എയർപോർട്ടിനടുത്ത ഏതോ പ്രാന്ത പ്രദേശത്തെ  ബസ് സ്റ്റോപ്പിൽ എന്നെ രക്ഷിക്കാനായെത്തിയ മാലാഖയാണവരെന്നു തോന്നി. അവരെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. അവർ രണ്ടു ബില്‍ഡിംഗിനപ്പുറംവരെ എന്നെ കൊണ്ടുവന്നാക്കി.

ഞാൻ രണ്ടു വലിയ ബാഗ് രണ്ടു കൈകളിലും ആയി വലിച്ചു നടക്കാൻ തുടങ്ങി. ദൂരെ ലൈറ്റ് കാണാം. എയര്‍പോര്‍ട് അടുത്തടുത്ത് വരുന്നു. ഇപ്പൊള്‍ എയർപോർടിന്റെ മുന്നിലെ ബസ് സ്റ്റോപ്പ് കാണാം. എന്റെ മോളുടെ ഉറക്കെ ഉള്ള കരച്ചിൽ കേൾക്കാം. കാലുകൾ ഓടുകയായിരുന്നു.

ബാഗിന്റെ തൂക്കം 25 കിലോയോളം വരും. അതൊന്നുമൊരു ഭാരമായി തോന്നിയില്ല. ദൂരെ മോൾടെ കരച്ചിൽ കേട്ടപ്പോള്‍ "'അമ്മ ഇവിടെ ഉണ്ട്" എന്നുറക്കെ വിളിച്ചു പറഞ്ഞു ഞാൻ. മോൾ കരച്ചിൽ നിർത്തി. വീണ്ടും ഉറക്കെ "അമ്മെ..അദിതിയെ ഇട്ടിട്ട് പോവല്ലേ" എന്ന് പറഞ്ഞു കരയാൻ തുടങ്ങി. എന്‍റെ കാലുകൾ തളർന്നിരുന്നു. ഞാൻ ആ റോഡിലേക്ക് ഇരുന്നു. ആരൊക്കെയോ അടുത്തേക്ക് നടന്നു വരുന്നു.

ബിജോയേട്ടനും ഉറക്കെ കരയുന്ന മോളും ഒപ്പം രണ്ടു സെക്യൂരിറ്റിക്കാരും. ബസ് ഡ്രൈവർ നിർത്താതെ പോയതും ഞാൻ അതിൽ കുടുങ്ങിയതുമെല്ലാം സെക്യൂരിറ്റിക്കാരെ അറിയിച്ചിരുന്നു ബിജോയേട്ടൻ.

സംഭവിച്ചതെന്താണെന്ന് പിന്നീട് ബിജോയേട്ടന്‍ പറഞ്ഞു. അത് ഇങ്ങനെയാണ്. സാധാരണ ചെയ്യുന്ന പോലെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബസ് ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോള്‍ പ്രാഗിലെ ബസിൽ കാർഡ് എടുക്കില്ലെന്ന് ഡ്രൈവർ ബിജോയേട്ടനോട് പറഞ്ഞു,  ബസിൽ ഉപയോഗിക്കുന്ന നാണയങ്ങൾ എടുക്കണം. അതിനായി ബസ് സ്റ്റോപ്പിന് പുറത്തു നാണയങ്ങൾ ഇടാവുന്ന (Czech Koruna) മെഷീൻ ഉണ്ട്. അവിടെ ഇറങ്ങി എടുക്കാൻ അയാള്‍ പറഞ്ഞു. തിരക്കിനിടയിൽക്കൂടി ഭാര്യയെ വിളിക്കാൻ ബിജോയേട്ടന് കഴിഞ്ഞില്ല. പുറത്തിറങ്ങി നടുക്കുള്ള വാതിൽ തുറന്നു പറയാം എന്ന് കരുതിയപ്പോഴേക്കും ബസ് വിട്ടു!

ബസ് ഡ്രൈവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള വകുപ്പുകളുണ്ടായിരുന്നു. പക്ഷേ ബാക്കി വെക്കേഷൻ അതിന്റെ പുറകെ പോയി കളയേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എങ്കിലും ഇനി അയാൾ ആരെയും ഇങ്ങനെ ഉപദ്രവിക്കില്ല എന്ന കാര്യത്തില്‍ ഉറപ്പു വരുത്താൻ കഴിയാത്തതില്‍ വിഷമം തോന്നി. ഒരു സമാധാനത്തിനു തിരിച്ചു പോരും വഴി പബ്ലിക് ട്രാൻസ്‌പോർടിനു കംപ്ലൈന്റ്റ് കൊടുത്തു. ഈ അനുഭവത്തിനു ശേഷം, ഞാൻ കൂടുതൽ ഇൻഡിപെൻഡന്റ് ആയി. ഒരു യാത്രയിലും പിന്നീട് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

click me!