ഇന്ത്യക്കായി പുതിയ 200 സിസി ബൈക്കുമായി ഹോണ്ട; പ്രത്യേകതകളിങ്ങനെ

By Web TeamFirst Published Jan 20, 2020, 10:13 PM IST
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യക്കായി പുതുതായി 200 സിസി എന്‍ജിന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 

മുംബൈ: ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യക്കായി പുതുതായി 200 സിസി എന്‍ജിന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 20 ബിഎച്ച്പി മുതല്‍ 23 ബിഎച്ച്പി വരെ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 200 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് കമ്പനി വികസിപ്പിക്കുന്നതെന്നാണ് സൂചനകള്‍. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിവേഗം വളരുകയാണ് 200 സിസി വിപണി. പെർഫോമെൻസിന്റെയും വിലയുടെയും കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം ഈ വിഭാഗം ബൈക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇവയുടെ മെയിന്റെനൻസ് ചെലവും വളരെ കുറവാണ്. സിംഗിൾ സിലിണ്ടറായതിനാൽ എഞ്ചിൻ വൈബ്രേറ്റ് ചെയ്യില്ല. ഇതൊക്കെ മുന്നില്‍ കണ്ടാണ് ഹോണ്ട ഇന്ത്യയ്ക്കായി പുതിയ 200 സിസി ബൈക്ക് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്. 

കമ്പനി വികസിപ്പിക്കുന്ന ഈ പുതിയ എന്‍ജിന്‍ കരുത്തേകുന്ന സ്ട്രീറ്റ്‌ബൈക്ക്, ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍, ഓഫ്‌റോഡര്‍/അഡ്വഞ്ചര്‍ മോഡലുകള്‍ വിപണിയിലെത്തിക്കും. എന്‍ട്രി ലെവല്‍ പ്രീമിയം സെഗ്‌മെന്റില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.

ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍വന്നശേഷം പ്രീമിയം സെഗ്‌മെന്റില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട അധികൃതര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ സിബി ഹോര്‍ണറ്റ് 160ആര്‍ മോട്ടോര്‍സൈക്കിളാണ് ഏറ്റവുമധികം വിറ്റുപോകുന്ന ഹോണ്ടയുടെ എന്‍ട്രി ലെവല്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍. സിബി ഹോര്‍ണറ്റ് 160ആര്‍ ബൈക്കിനപ്പുറം ആഗ്രഹിക്കുന്ന ഹോണ്ട ഉപയോക്താക്കള്‍ക്കായാണ് 200 സിസി എന്‍ജിന്‍ വികസിപ്പിക്കുന്നത്. ഈ എന്‍ജിന്‍ ഉപയോഗിക്കുന്ന ഒന്നില്‍ക്കൂടുതല്‍ മോഡലുകള്‍ നിര്‍മിക്കും. 

പുതിയ 200 സിസി ബൈക്കുകൾക്ക് ധാരാളം സവിശേഷതകൾ ലഭിക്കും. ഹെഡ്‍ ലാമ്പും ടെയിൽ ലൈറ്റും എൽഇഡി യൂണിറ്റുകളായിരിക്കും. പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ടാകും. ഇതിനൊപ്പം, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ഉള്‍പ്പെടുത്തിയേക്കാം. 

എയർ കൂൾഡ് യൂണിറ്റായിരിക്കും എഞ്ചിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മുതൽ 23 ബിഎച്ചപി വരെ കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന എഞ്ചിനായിരിക്കും ഇത്. വിപണിയിലെ മത്സരത്തെ തോൽപ്പിക്കുന്ന തരത്തിലായിരിക്കും ബൈക്കിന്റെ വില. എതിരാളികളേക്കാൾ ബൈക്കിന്റെ ചെലവ് കുറയ്ക്കാന്‍ നിരവധി ഘടകങ്ങളുടെ പ്രാദേശികവൽക്കരണത്തിൽ കമ്പനി ശ്രദ്ധിക്കും.

നിലവിൽ CB ഹോർനെറ്റ് 160 R മാത്രമാണ് കമ്പനിയുടെ പ്രീമിയം കമ്മ്യൂട്ടർ നിരയിലുള്ളത്. ഓട്ടോ എക്സ്പോ 2014 -ൽ CX-01 എന്നൊരു കൺസെപ്പ്റ്റ് വാഹനം നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ഇതേ ശ്രേണിയിലേക്ക് മൂന്ന് പുതിയ ബൈക്കുകളുമായി ഹീറോയും കടന്നുവന്നത്തോടെ മത്സരം കൂടുതൽ കടുപ്പമേറിയതായി മാറി. 

ഹീറോയ്ക്കൊപ്പം ബജാജ് പൾസർ 200 RS, ബജാജ് പൾസർ NS 200, ടിവി‌എസ് അപ്പാഷെ RTR 200 4V എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ശക്തമായ 200 സിസി ബൈക്കാവും ഹോണ്ട വികസിപ്പിക്കുന്നത്. അപ്പാഷെ 200, പള്‍സര്‍ 200എന്‍എസ് പോലുള്ള മോഡലുകള്‍ വില്‍ക്കുന്ന ടിവിഎസ്, ബജാജ് തുടങ്ങിയ ബ്രാന്‍ഡുകളിലേക്ക് പോകാതെ തങ്ങളുടെ ഉപയോക്താക്കളെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ പുതിയ 200 സിസി ബൈക്കുകള്‍ എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന വിവരം ഇപ്പോള്‍ ലഭ്യമല്ല. ആദ്യ ഉല്‍പ്പന്നം അടുത്ത വര്‍ഷം എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!