വെറും ആറ് മാസം; ഹോണ്ട വിറ്റത് ഇത്രയും ലക്ഷം ബിഎസ്6 വാഹനങ്ങള്‍!

By Web TeamFirst Published Jan 27, 2020, 9:23 AM IST
Highlights

ബിഎസ്6 മാനദണ്ഡം ആറുമാസം മുമ്പേ നടപ്പിലാക്കി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട

രാജ്യത്തെ മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്6 മാനദണ്ഡം ആറുമാസം മുമ്പേ നടപ്പിലാക്കി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). ഹോണ്ടയുടെ ബിഎസ്6 ശ്രേണിയില്‍പ്പെട്ട ഇരുചക്ര വാഹനങ്ങളുടെ ഒരുലക്ഷം യൂണിറ്റ് എന്ന വില്‍പ്പനനേട്ടം കൈവരിച്ചു. മൂന്ന് മോഡലുകള്‍ ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്.

2020 ഏപ്രില്‍ ഒന്നിന് മുന്‍പ് ബിഎസ്6 ലേക്ക് മാറണം എന്നാണ് നിയമം. എന്നാല്‍ ആറുമാസം മുമ്പ് തന്നെ ഹോണ്ട ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ പുറത്തിറക്കി തുടങ്ങിയിരുന്നു.

ഹോണ്ട ടീ വീലറുകളിലെ ടോപ്പ് സെല്ലിങ്ങ് മോഡലായ ആക്ടീവ 125 ബി.എസ്. 6, എസ്.പി. 125, ആക്ടീവ 6ജി എന്നിവയുടെ വില്‍പ്പനയാണ് ഒരുലക്ഷം എന്ന നേട്ടം കൈവരിച്ചത്.

ഇഎസ്‍പി സാങ്കേതികവിദ്യയുള്ള ബിഎസ് 6 എന്‍ജിന്‍ ആണ് വാഹനത്തില്‍ ഉള്ളത്. ഇ.എസ്.പി. സംവിധാനത്തില്‍ എ.സി.ജി. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

10 ശതമാനം മുതല്‍ 16 ശതമാനം വരെ അധിക മൈലേജ് വാഹനത്തിന് ലഭിക്കും. ഡിജിറ്റല്‍ മീറ്റര്‍, എല്‍.ഇ.ഡി. ഡി.സി. ഹെഡ് ലാംപ്, എന്‍ജിന്‍ സ്റ്റാര്‍ട്ട് /സ്റ്റോപ്പ് സ്വിച്ച്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഈ വാഹനങ്ങളുടെ സവിശേഷതയാണ്.

2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍  ഹോണ്ട 40 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റിരുന്നു.  2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്.  

ആഭ്യന്തര വിപണിയില്‍ 37,71,457 യൂണിറ്റ് വില്‍പ്പന നടന്നപ്പോള്‍ 2,52,697 യൂണിറ്റ് കയറ്റുമതി ചെയ്തു. മൊത്തം 40,24,154 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്.

നിലവില്‍ ആഗോളതലത്തില്‍ 50 സിസി മുതല്‍ 1,800 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് ഹോണ്ട നിര്‍മിക്കുന്നത്. 21 രാജ്യങ്ങളിലെ 35 നിര്‍മാണശാലകളിലായി ഈ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നു. ഈയിടെയാണ് ആഗോളതലത്തില്‍ ഇതുവരെയായി 400 മില്യണ്‍ (40 കോടി) യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിച്ചതായി ഹോണ്ട മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചത്. 1949 ല്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചുതുടങ്ങിയതിന്റെ എഴുപതാം വര്‍ഷത്തിലാണ് ഈ നേട്ടം.

ഗുജറാത്തിലെയും മനേസറിലെയും പ്ലാന്റുകള്‍ ഉൾപ്പടെ നിലവില്‍ ഇന്ത്യയില്‍ നാല് പ്ലാന്റുകളിലാണ് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

click me!