ഈ സ്ഥലങ്ങളിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

By Web DeskFirst Published May 10, 2018, 2:59 PM IST
Highlights
  • ഡ്രൈവിംഗിനിടയിലെ ഉറക്കം
  • ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഴനിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. ഇത് ആദ്യത്തെ അപകടമല്ല. തമിഴ്‍നാട്ടിലെ റോഡുകളിലൂടെയുള്ള തീര്‍ത്ഥാടക - വിനോദ സഞ്ചാര യാത്രക്കിടെ നിരവധി ജീവനുകളാണ് ഇങ്ങനെ പൊലിയുന്നത്. ഈ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായിരിക്കും. ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതാണ്. കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും റോഡുകൾ തമ്മിൽ വലിയ അന്തരമുണ്ട്. തമിഴ്‌നാട്ടിലെ സുഖയാത്ര നൽകുന്ന വിശാലമായ റോഡുകൾ, പരിധികളിലാത്ത വേഗം തുടങ്ങിയവ അപകടത്തിനു കാരണമാകുന്നു. ദീർഘദൂര യാത്രയിലെ ക്ഷീണം കൂടിയാകുമ്പോൾ യാത്ര പലപ്പോഴും അപകടത്തിൽ എത്തുന്നു. 

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.  കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക
3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക
4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.
5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
6. തുടര്‍ച്ചയായി കോട്ടുവായിടുക. കണ്ണ് തിരുമ്മുക
7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക
8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക
2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക
3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക
4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനമോടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകുന്ന സമയമാണിത്
5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.
6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

click me!