
മിഡ്‌സൈസ് സെഡാന്‍ ശ്രേണിയില്‍ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. ആഗോള വിപണിയില്‍ മാസങ്ങള്‍ക്ക് മുമ്പെ പുറത്തിറക്കിയ അഞ്ചാം തലമുറ വെര്‍ണയാണ് ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. മുന്‍തലമുറകളെ അപേക്ഷിച്ച് വൻ വിലക്കുറവിലാണ് പുതിയ വെർണ വിപണിയിൽ എത്തിയിരിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 7.99 ലക്ഷമാണ് വെർണ പെട്രോൾ ബേസ് മോഡലിന്റെ ഡൽഹി എക്സ് ഷോറും വില. 9.19 ലക്ഷമാണ് അടിസ്ഥാന ഡീസൽ മോഡലിന്റെ വില. എന്നാല്‍ ആദ്യം വിറ്റഴിക്കുന്ന ഇരുപതിനായിരം മോഡലുകള്‍ മാത്രമാണ് ഈ വിലയില്‍ ലഭിക്കുകയെന്നും പിന്നീട് കമ്പനി വില വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറെ ആവശ്യക്കാരുള്ള മിഡ്‌സൈസ് സെഡാന്‍ ശ്രേണിയിലേക്ക് പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ E, EX, SX, SX (O) എന്നീ വകഭേങ്ങളിലാണ് വെര്‍ണയെത്തിയത്. ഫാന്റം ബ്ലാക്ക്, സ്ലീക്ക് സിൽവർ, സ്റ്റാർഡസ്റ്റ് പോളാർ വൈറ്റ്, സിയെന്ന ബ്രൗൺ, ഫെറി റെഡ്, ഫ്ലയിം ഓറഞ്ച് എന്നീ നിറങ്ങളിലെത്തുന്ന വെര്‍ണ 'എലാൻട്ര’യെയാണ് ഓർമിപ്പിക്കുന്നത്. നീളവും വീതിയും മുന്‍മോഡലിനെക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. 4440 എംഎം നീളവും 1729 എംഎം വീതിയും 1475 എംഎം ഉയരവും 2600 എംഎം വീല്‍ബേസും 480 ലിറ്റര്‍ ബുട്ട് സ്‌പേസ് കപ്പാസിറ്റിയും വാഹനത്തിനുണ്ട്. K2 പ്ലാറ്റ്ഫോമില്‍ അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത്ത് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം ബോഡിക്ക് 32 ശതമാനം അധിക ഉറപ്പ് നല്‍കും.
ഡേ ടൈം റണ്ണിങ് ലാംപ് സഹിതം സ്വെപ്റ്റ്ബാക്ക് ഹെഡ്ലാംപ്, ഹെക്സഗണൽ ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, പുത്തൻ മുൻ ബംപർ എന്നിവയൊക്കെ പുതിയ വെര്‍ണയുടെ പ്രത്യേകതകളാണ്. പാർശ്വ വീക്ഷണത്തിൽ കൂപ്പെയെയാണ് 16 ഇഞ്ച് അലോയ് വീൽ സഹിതമെത്തുന്ന പുതിയ വെർണ ഓർമിപ്പിക്കുക. പിന്നിലാവട്ടെ എൽ ഇ ഡി ടെയിൽ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്പോയ്ലർ, പരിഷ്കരിച്ച പിൻ ബംപർ എന്നിവയുമുണ്ട്. ഡാഷ്ബോര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ഇരട്ട നിറത്തിലാണ് ഡാഷ്ബോര്‍ഡ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും പുതിയതാണ്. ഡ്രൈവറോട് ചേര്‍ന്നാണ് സെന്‍ട്രല്‍ കണ്‍സോളിന്റെ സ്ഥാനം. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ പ്രീമിയം ലുക്ക് നല്‍കും.
മികവ് പുലര്‍ത്തുന്ന ഫ്‌ളുയിഡിക് സ്‌കള്‍പ്ചര്‍ 2.0 ഡിസൈനില്‍ കൂടുതല്‍ ഇന്ധനക്ഷമതയും യാത്രാസൗകര്യങ്ങളും വെര്‍ണയില്‍ ലഭിക്കും. നേരത്തെയുണ്ടായിരുന്ന 1.4 ലിറ്റര്‍ എന്‍ജിന്‍ പുതിയ പതിപ്പിനില്ല. 1.6 ലിറ്റര്‍ VTVT പെട്രോള്‍, 1.6 ലിറ്റര്‍ U2 CRDi ഡീസല്‍ എന്‍ജിനുമാണ് വെര്‍ണക്ക് കരുത്ത് പകരുന്നത്. പെട്രോള്‍ എന്‍ജിന്‍ 121 ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 126 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.
6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയും പുതിയ വെര്‍ണ നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡീസല്‍ മാനുവലില്‍ 24.75 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമ്പോള്‍ ഡീസല്‍ ഓട്ടോമാറ്റിക്കില്‍ 21.02 കിലോമീറ്ററും ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പെട്രോള്‍ പതിപ്പില്‍ 17.70 കിലോമീറ്റര്‍ (മാനുവല്‍) 15.92 കിലോമീറ്റര്‍ (ഓട്ടോമാറ്റിക്) ദൂരവും പിന്നിടാം.
മെച്ചപ്പെട്ട സുരക്ഷയ്ക്കായി സൈഡ് — കർട്ടൻ എയർബാഗ്, ഓട്ടോ ഡിമ്മിങ് മിറർ, എ ബി എസ്, ഇ ബി ഡി, റിയർ പാർക്കിങ് സെൻസർ/കാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്ക്ൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയൊക്കെ പുതിയ വെർണയിലുണ്ട്. 66 രാജ്യങ്ങളിൽ വിപണിയിലുള്ള ‘വെർണ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 88 ലക്ഷം യൂണിറ്റോളമാണെന്നും ഇന്ത്യയില്‍ ഇതുവരെ 3.17 ലക്ഷം വെർണ വിറ്റുപോയെന്നും ലോഞ്ചിംഗ് ചടങ്ങില്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവരാണ് പുത്തന്‍ വെര്‍ണയുടെ എതിരാളികള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.