ലാംബ്രെട്ട സ്‍കൂട്ടറുകള്‍ തിരിച്ചു വരുന്നു

By Web DeskFirst Published Nov 13, 2017, 4:58 PM IST
Highlights

ലാംബ്രെട്ട സ്‍കൂട്ടറുകളെ ഓര്‍മ്മയില്ലേ? ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളിലെ രാജാവായിരുന്നു ലാംബ്രെട്ട. ഒരുകാലത്ത് സാധാരണക്കാരന്‍റെ വാഹനസ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ ലാംബ്രെട്ടകള്‍ ഓര്‍മ്മകളിലേക്ക് ഓടിമറഞ്ഞിട്ട് കുറച്ചുകാലമായി. എന്നാല്‍ വാഹനപ്രേമികള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് അങ്ങ് ഇറ്റലിയിലെ മിലാനില്‍ നിന്നും കേള്‍ക്കുന്നത്. ലാംബ്രെട്ട സ്‍കൂട്ടറുകള്‍ തിരിച്ചു വരവിന്‍റെ പാതയിലാണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

ഒരുകാലത്ത് താരമായിരുന്ന ലാംബ്രെട്ട ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ 1950 മുതല്‍ 1990 വരെയുള്ള കാലത്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ഇന്ത്യ വിട്ട ലാംബ്രെട്ട ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരികയാണ്. ഇതിനു മുന്നോടിയായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ മൂന്ന് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു.

അടുത്ത വര്‍ഷത്തോടെ സ്‌കൂട്ടര്‍ കമ്പനി യൂറോപ്യന്‍ വിപണിയില്‍ എത്തിക്കും. അതിന് ശേഷം 2019 ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. v 50 സ്‌പെഷ്യല്‍, v 125 സ്‌പെഷ്യല്‍, v 200 സ്‌പെഷ്യല്‍ എന്നീ മോഡലുകളാണ് വരവിന്റെ മുന്നോടിയായി മിലാന്‍ പ്രദര്‍ശിപ്പിച്ചത്.

v 50 ന് 49.5 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 3.5 bhp പവറും 3.4 എന്‍എം ടോര്‍ക്കുമേകും. v 125 ന് 124.7 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 10.1 bhp പവറും, 7000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്കുമേകും. പ്രീമിയം പതിപ്പായ V 200-ല്‍ 168.9 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 12.1 bhp പവറും 12.5 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം പഴയ മുഖം ഓര്‍മ്മപ്പെടുത്തുന്നതാണ് V സീരീസിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മുന്നില്‍. ടേണ്‍ ഇന്‍ഡികേറ്ററും ബോഡിയില്‍ തന്നെ. എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നല്‍കി. മൊബൈല്‍ ചാര്‍ജിങിനായി 12V ചാര്‍ജിങ് സോക്കറ്റും ഉള്‍ക്കൊള്ളിച്ചു. പ്രീമിയം സെഗ്‌മെന്റില്‍ ഇന്ത്യയില്‍ വെസ്പയാണ് ലാംബ്രെട്ടയുടെ മുഖ്യ എതിരാളി. വിലയും, ഫീച്ചേഴ്‌സ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്പനി പിന്നീട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!