ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

By Web DeskFirst Published Sep 14, 2017, 10:35 AM IST
Highlights

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് രാജ്യത്തിന്‍റെ സ്വപ്നപദ്ധതിക്ക് അഹമ്മദബാദിൽ തറക്കല്ലിട്ടത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് - മുംബൈ പാതയിൽ ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം.

പതിനായിരത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവുവരുന്ന പദ്ധതി 81 ശതമാനം ജപ്പാൻ വായ്പയോടെയാണ് നടപ്പിലാക്കുന്നത്. 88000 കോടിയാണ് ജപ്പാൻ വായ്പ. അൻപത് വർഷംകൊണ്ട് തിരിച്ചടക്കേണ്ട വായ്പയ്ക്ക് 1 ശതമാനം പലിശയാണ് നൽകേണ്ടത്. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ യാതാർത്ഥ്യമായാൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റർ ദൂരം രണ്ടുമണിക്കൂർ കൊണ്ട് പിന്നിടാനാകും.

468 കിലോമീറ്റർ എലവേറ്റഡ് ട്രാക്കും 21 കിലോമീറ്റർ സമുദ്രത്തിനടിയിലൂടെയും 13കിലോമീറ്റർ ഭൂഗർഭ പാതയും അടങ്ങുന്ന പദ്ധതി  2022ൽ പൂർത്തിയാക്കും.12 സ്റ്റേഷനുകളാണ് ഉണ്ടാവുക. 750പേർക്ക് യാത്രചെയ്യാം. 2000 മുതൽ നാലായിരം വരെയയായിരിക്കും ടിക്കറ്റ് ചാർജ്.


 

click me!