
ലോക വാഹനവിപണിയുടെ വളര്‍ച്ചാ നിരക്കില്‍ ചൈനയേയും അമേരിക്കയേയും പിന്തള്ളി ഇന്ത്യ. ഈ വര്‍ഷത്തെ ആദ്യപകുതി പിന്നിടുമ്പോഴുള്ള കണക്കുകള്‍ പ്രകാരം വാഹന വിപണിയില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 11 ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹനവിപണിയായ ഇന്ത്യ മാത്രമാണ് ആദ്യ ഏഴ് രാജ്യങ്ങളില്‍ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ചൈനയും അമേരിക്കയും വാഹനവില്പനയില്‍ കൂപ്പുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ച് മാസങ്ങളിലും പ്രകടമായത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹനവിപണിയാണ് ജപ്പാന്‍ ജനുവരി മുതല്‍ മെയ് വരെ ഒൻപത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ വിപണിയായ ചൈനയ്ക്ക് വില്‍പന നിരക്കില്‍ 2.59 ശതമാനത്തിന്റെ കുറവ് വന്നു. അമേരിക്കക്ക് 10 ശതമാനമാണ് കുറവ്. നാലാം സ്ഥാനത്തുള്ള ജര്‍മ്മനിയ്ക്ക് വില്‍പനയില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ട്.
അഞ്ചുമാസത്തിനുള്ളില്‍ ഇന്ത്യയില്‍ 1.33 ദശലക്ഷം വാഹനങ്ങള്‍ വിറ്റുപോയി. മാരുതി സുസുകി, ഹ്യുണ്ടായി, ഹോണ്ടാ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് വില്‍പനയില്‍ മുന്‍നിരയിലുളള വാഹനനിര്‍മ്മാതാക്കള്‍. ജി.എസ്.ടി നിലവില്‍ വന്നതോടെ ജൂണ്‍ മാസത്തില്‍ താരതമ്യേന കുറഞ്ഞ വളര്‍ച്ചാനിരക്കാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017-ന്റെ രണ്ടാം പകുതിയില്‍ വാഹനങ്ങളുടെ ആവശ്യകത കൂടുമെന്നും ഇത് വിപണിയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജിഎസ്ടി പ്രകാരം വാഹനവിലയില്‍ കുറവ് വന്നതും വിപണിക്ക് ഗുണകരമാകും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.