
ഒരു ബൈക്കില്‍ 58 പേര്‍ ഒരുമിച്ച് സഞ്ചരിച്ച് റെക്കോഡു നേട്ടവുമായി ഇന്ത്യന്‍ ആര്‍മി. ഏറെ ലോകറെക്കോഡുകള്‍ നേടിയ ആര്‍മി സര്‍വീസ് കോറിന്റെ മേട്ടോര്‍ ബൈക്ക് സംഘമായ ടൊര്‍ണാഡോസിനാണ് പുതിയ നേട്ടം. ബെംഗളൂരു യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്‍ ഗ്രൗണ്ടില്‍ 58 സേനാംഗങ്ങളുമായി 500 സി.സി. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്. ഒരു ബസില്‍ ഉള്‍ക്കൊള്ളുന്നതിലും കൂടുതല്‍ പേരെയും കയറ്റിയാണ് ഈ ബുള്ളറ്റ് 1200 മീറ്റര്‍ സഞ്ചരിച്ചത്.
മേജര്‍ ബണ്ണി ശര്‍മയുടെ നേതൃത്വത്തിലുള്ള ടൊര്‍ണാഡോസ് സംഘത്തിന്‍റേതാണ് ഈ ചരിത്ര നേട്ടം. സുബേദാര്‍ രാംപാല്‍ യാദവാണ് ബൈക്ക് ഓടിച്ചത്. ഒരു ബൈക്കില്‍ 56 പേര്‍ സഞ്ചരിച്ച് കരസേനയുടെതന്നെ ആര്‍മി സിഗ്‌നല്‍ കോര്‍ സൃഷ്ടിച്ച റെക്കാഡാണ് ടൊര്‍ണാഡോസ് മറികടന്നത്. 2010-ല്‍ ഒരു ബൈക്കില്‍ 54 പേരെ അണിനിരത്തിയുള്ള പ്രകടനം ടൊര്‍ണാഡോസ് കാഴ്ചവെച്ചിരുന്നു.
ആര്‍മി സര്‍വീസ് കോറിന്റെ ടൊര്‍ണാഡോസ് ബൈക്ക് സംഘം വിവിധ ഇനങ്ങളിലായി ഇതിനകം 19 ലോകറെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ദേശീയപുരസ്‌കാരങ്ങളും നേടിയിട്ടുള്ള സംഘം സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ സാഹിസിക പ്രകടനം കാഴ്ചവക്കാറുണ്ട്.
കേണല്‍ സി.എന്‍. റാവു, ക്യാപ്റ്റന്‍ ജെ.പി. വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ 1982-ലാണ് ആര്‍മി സര്‍വീസ് കോറിന്റെ ടൊര്‍ണാഡോസ് പിറവിയെടുക്കുന്നത്. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡിലായിരുന്നു ആദ്യ പ്രദര്‍ശനം. പിന്നീട് രാജ്യത്തിനകത്തും പുറത്തുമായി 1000 സാഹസിക പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ടൊര്‍ണാഡോസ് സംഘത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം 39 അംഗങ്ങളാണുള്ളത്. 11 മോട്ടോര്‍ ബൈക്കുകളില്‍ 181 പേരെ അണിനിരത്തിയുള്ള മനുഷ്യ പിരമിഡും രണ്ടു മോട്ടോര്‍ ബൈക്കുകളില്‍ 15 പേരെ അണിനിരത്തിയുള്ള മനുഷ്യപിരമിഡും റേക്കോഡ് നേടിയ പ്രകടനങ്ങളാണ്.
ജനങ്ങളില്‍ സാഹസികതയും ദേശീയോദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം. ലഫ്. ജനറല്‍ വിപന്‍ ഗുപ്ത, എ.എസ്.സി. സെന്റര്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ അശോക് ചൗധരി തുടങ്ങിയവര്‍ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.