ഇന്ത്യവിടാനൊരുങ്ങുന്ന ഷെവര്‍ലെ ബീറ്റിന് പുതിയൊരു ബഹുമതി

By Web DeskFirst Published Oct 23, 2017, 6:52 PM IST
Highlights

ഈ ഡിസംബറോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍മാറുകയാണ് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്. എന്നാല്‍ ഇപ്പോള്‍ ജിഎമ്മിന്‍റെ ജനപ്രിയ മോഡലായ കോംപാക്ട് ഹാച്ച്ബാക്ക് ഷെവര്‍ലേ  ബീറ്റിനെ തേടി പുതിയൊരു റെക്കോഡ് എത്തിയിരിക്കുകയാണ് . ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ മോഡല്‍ എന്ന നേട്ടമാണത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 45,222 ബീറ്റ് കാറുകള്‍ ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 30,613 യൂണിറ്റുകളായിരുന്നു ബീറ്റിന്റെ കയറ്റുമതി. ഇതോടെ നാലാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് ബീറ്റ് എത്തി.

ചിലി, അമേരിക്ക, പെറു, അര്‍ജന്റീന എന്നിവിടങ്ങളിലേക്കാണ് പുണെ പ്ലാന്റില്‍ നിര്‍മിക്കുന്ന ബീറ്റ് മുഖ്യമായും കയറ്റുമതി ചെയ്യുന്നത്. ഡിസംബറോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍മാറുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിച്ചത്.

41,430 യൂണിറ്റുകളുമായി ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത്. ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് (39,935), ഫോര്‍ഡ് ഫിഗോ (26,331), ഹ്യുണ്ടായ് ക്രെറ്റ (25,940), ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 (19,719), മാരുതി സുസുകി ബലേനോ (18,869), ഫോര്‍ഡ് ആസ്പയര്‍ (16,081), നിസ്സാന്‍ സണ്ണി (13,847) എന്നിവയാണ് മൂന്നു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍. മുമ്പ് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്ന നിസ്സാന്‍ മൈക്ര (13,599) പത്താം സ്ഥാനത്തായി.

അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏറ്റവുമധികം കാറുകളുടെ കയറ്റുമതി നടത്തിയ കമ്പനി മാരുതി സുസുകിയാണ്. 57,300 യൂണിറ്റുകളാണ് 2017 ഏപ്രില്‍ - സെപ്റ്റംബര്‍ കാലയളവില്‍ മാരുതി സുസുകി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 54,008 യൂണിറ്റായിരുന്നു. ആറു ശതമാനമാണ് വര്‍ധന. ഫോക്‌സ്‌വാഗണ്‍, ജനറല്‍ മോട്ടോഴ്സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

click me!