അന്താരാഷ്ട്ര ജാവദിനം; പാലക്കാട്ടെ ജാവ ആരാധകര്‍ ചെയ്‍തത്; വീഡിയോ

Published : Jul 09, 2017, 07:54 PM ISTUpdated : Oct 05, 2018, 03:43 AM IST
അന്താരാഷ്ട്ര ജാവദിനം; പാലക്കാട്ടെ ജാവ ആരാധകര്‍ ചെയ്‍തത്; വീഡിയോ

Synopsis

ഇന്ന് ലോക ജാവ ദിനമായിരുന്നു. ജാവ സിംപിളാണ്. പവർഫുളുമാണ്. ഈ സൂപ്പർ ഹിറ്റ് സിനിമാ ഡയലോഗ് ഏറ്റവും ചേരുന്നത് ഈ ബൈക്കുകളുടെ കാര്യത്തിലാണെന്ന് പറഞ്ഞ് പഴയ ജാവ ബൈക്കുകളുടെ കരുത്ത് നിരത്തുകളിൽ കാണിച്ചാണ് പാലക്കാട്ടെ ഒരു സംഘം ജാവ ആരാധകർ ശ്രദ്ധേയരായത്. അപകട രഹിതമായ ഡ്രൈവിങ്ങിന്‍റെ സന്ദേശം പുതു തലമുറക്ക് കൈമാനാനുദ്ദേശിച്ചായിരുന്നു ഇവരുടെ പ്രകടനം.

55 വർഷം പ്രായമുള്ള ബൈക്കുകളടക്കമാണ് പാലക്കാട്ടെ ജാവ ആരാധകർ കോട്ടമൈതാനത്തിന് സമീപം ഒത്തു കൂടിയത്. മൂന്നാം തലമുറക്ക് കൈമാറിക്കിട്ടിയ ബൈക്ക് അഭിമാനമായി കരുതുകയാണ് കൊടുവായൂർ സ്വദേശി സായൂജ്. ജാവയും ബൈക്ക് റേസുമൊക്കെ ചെറുപ്പക്കാരുടെ പരിപാടിയല്ലേന്ന് കരുതുന്നവര്‍ 42 വയസ്സ് പ്രായമുള്ള ബൈക്കിൽ വെളുത്ത താടിയുമായെത്തിയ അറുപതുകാരന്‍ രാധാകൃഷ്ണനെ കാണുക. അദ്ദേഹം പറയുന്നത് കേള്‍ക്കുക.

പാലക്കാട് വിന്‍റേജ് മോട്ടോർ ക്ലബിന്‍റെ നേതൃത്വത്തിലാണ് പഴയ ബൈക്കുകളുടെ പ്രദർശനം ഒരുക്കിയത്. പുതിയ രൂപത്തിലും ഭാവത്തിലും ബൈക്കുകൾ എത്രവന്നാലും, പണ്ടത്തെ ജാവ തലയെടുപ്പ് ഒന്നിനും കിട്ടില്ലെന്നാണ് ഇവരൊക്കെ ഒരേ സ്വരത്തിൽ പറയുന്നത്.

ജാവ അഥവാ യെസ്‍ഡിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുള്ള കഥയുണ്ട്. 100 സി സി ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തുകളിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.  കാലം ടു സ്‌ട്രോക്ക് എഞ്ചിനുകളില്‍ നിന്നും ഫോര്‍സ്‌ട്രോക്ക് എഞ്ചിനുകളിലേക്ക് മാറുന്നതു വരെ ഇന്ത്യക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മിക്ക റോഡുകളേയും ഒരു പോലെ ആകര്‍ഷിച്ചിരുന്നു ജാവയും യെസ്ഡിയും. പതിനേഴോളം മോഡലുകളില്‍ വിപണിയില്‍ തിളങ്ങിയ കാലം.  ഫോറെവര്‍ ബൈക്ക് ഫോറെവര്‍ വാല്യൂ എന്നായിരുന്നു മുദ്രാവാക്യം.  ജനനം 1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍. ജാനക് ബൗട്ട്, വാണ്ടറര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കുന്നത്.

മുംബൈയില്‍ ഇറാനി കമ്പനിയും ഡല്‍ഹിയില്‍ ഭഗവന്‍ദാസുമായിരുന്നു ഈ ബൈക്കുകളെ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.എന്നാല്‍ 1950 കളുടെ മധ്യത്തില്‍ ഇരുചക്രവാഹന ഇറക്കുമതി സര്‍ക്കാര്‍ നിരോധിക്കുകയും വിദേശ നിര്‍മിത പാര്‍ട്‌സുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ വാഹനങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്തു. അതോടെ ഇറക്കുമതി ഏജന്റുമാരില്‍ ഒരാളായിരുന്ന റസ്റ്റോം ഇറാനി സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങി.

അങ്ങനെ മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നു. ഇവിടെ നിന്നും 1961 മാച്ചില്‍ ആദ്യത്തെ ഇന്ത്യന്‍ ജാവ റോഡിലിറങ്ങി. പിന്നീട് പേര് യെസ്ഡി എന്നാക്കി പരിഷ്‍കരിച്ചു. ചെക്ക് ഭാഷയില്‍ ജെസ്‍ഡി എന്നാല്‍ 'ഓട്ടം' അഥവാ 'പോകുക' എന്നാണര്‍ത്ഥം. എന്നാല്‍ ജെയചാമരാജവടയാര്‍ എന്ന മൈസൂര്‍ രാജാവിന്റെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ജാവ എന്ന പേരുണ്ടാക്കിയതെന്നാണ് മൈസൂരിലെ ചില രാജഭക്തരുടെ വിശ്വാസം. 1996 ലാണ് ഐഡിയല്‍ ജാവ കമ്പനി അടച്ചു പൂട്ടുന്നത്. ചെക്കോസ്ലോവാക്യയില്‍ കമ്പനി ഇപ്പോഴും നിലവിലുണ്ട്.
 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ