വിനോദ സഞ്ചാരികള്‍ക്കായി ഇസ്രയേല്‍ യുദ്ധഭൂമികള്‍ തുറക്കുന്നു!

By Web DeskFirst Published Sep 11, 2017, 7:58 PM IST
Highlights

സഞ്ചാരികളുടെ ആഗ്രഹങ്ങളും താല്‍പ്പര്യങ്ങളുമൊക്കെ പലവിധത്തിലായിരിക്കും. പ്രകൃതിഭംഗി തുളുമ്പുന്ന സ്ഥലങ്ങളും ചരിത്രമുറങ്ങുന്ന ഇടങ്ങളുമൊക്കെ സന്ദര്‍ശിക്കാനാണ് ചിലര്‍ക്ക് താല്‍പര്യമെങ്കില്‍ മറ്റുചിലര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരാകും. കടല്‍യാത്രകളെ പ്രണയിക്കുന്നവരും മരുഭൂമിയാത്രകള്‍ ഇഷ്‍ടപ്പെടുന്നവരും ഉണ്ടാകും. ഇപ്പോഴിതാ യുദ്ധഭൂമിയിലേക്ക് യാത്രക്ക് അവരമൊരുക്കുകയാണ് ഒരു രാജ്യം. വേറാരുമല്ല സാക്ഷാല്‍ ഇസ്രയേല്‍ തന്നെ.

യുദ്ധഭൂമിയെക്കുറിച്ചറിയാനും തീവ്രവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അറിയാനും താത്പര്യം പ്രകടിപ്പിച്ച് നിരവധി വിനോദസഞ്ചാരികള്‍ ഇസ്രയേലില്‍ എത്തുന്നുണ്ട്. ഇസ്രയേല്‍ സുരക്ഷാ വിഭാഗത്തിന്റെ മികച്ചനിലവാരമാണ് ഇതിന്‍റെ പ്രധാനകാരണം. എങ്ങനെ വെടിവെയ്ക്കാം, എങ്ങനെ യുദ്ധതന്ത്രങ്ങള്‍ മെനയാം തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് സഞ്ചാരികള്‍ യുദ്ധഭൂമിയിലെത്തുന്നത്. ഇത്തരം സഞ്ചാരികളില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ളവരാണ്.

എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ യുദ്ധഭൂമികളില്‍ എത്തിക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ് ഇസ്രയേല്‍. ഇതിനായി തീവ്രവാദ വിരുദ്ധ, പ്രതിരോധ വിനോദസഞ്ചാരമെന്ന പുതിയ ആശയവുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ് അധികൃതര്‍.  ഇതിന്‍റെ ഭാഗമായി റോഡ് ഷോയുമായി ഇന്ത്യന്‍ നഗരങ്ങളിലൂടെ പര്യടനം നടത്തുകയാണ് ഇസ്രയേല്‍ സംഘം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ നിന്നുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചതായി ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ മെഹദ് ഹസന്‍ പറയുന്നു.

ആഗസ്റ്റ് 21ന് മുംബൈയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ഡല്‍ഹി, കോല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങള്‍ ചുറ്റി ആഗസ്റ്റ് 30ന് ചെന്നൈയില്‍ സമാപിച്ചു. എല്ലാ നഗരങ്ങളില്‍ നിന്നും നൂറിലധികം ട്രാവല്‍ ഏജന്റുമാര്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. പദ്ധതി സംബന്ധിച്ച് ഈ ട്രാവല്‍ ഏജന്‍റുമാരുമായി ഇസ്രയേല്‍ സംഘം നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

click me!