ഇസുസു എംയുഎക്സ്; ഇന്ത്യന്‍ നിരത്തുകളിലെ നാളത്തെ താരം

By ബൈജു എന്‍ നായര്‍First Published Aug 7, 2017, 11:12 AM IST
Highlights

ഏതാനും മാസങ്ങൾക്കു മുമ്പ് തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് പട്ടയ ബീച്ച് ഉൾപ്പെടുന്ന ചോൻബുരിയിലേക്ക് ഇസുസു എം യു എക്‌സ് ഓടിക്കവേ, റോഡിലെ എം യു എക്‌സുകളുടെ ബാഹുല്യം കണ്ട് ഞാൻ അമ്പരന്നു. ഒന്നാന്തരം എലിവേറ്റഡ് എക്‌സ്പ്രസ് ഹൈവേയിലൂടെ ചീറിപ്പായുന്നവയിൽ നല്ലൊരു ശതമാനവും ഇസുസുവിന്റെ മോഡലുകളാണ്. അവയിൽ തന്നെ നല്ലൊരു പങ്കും എം.യു.എക്‌സുകൾ. പല കാര്യങ്ങളിലും ഇന്ത്യയുമായി സമാനതയുള്ള തായ്‌ലന്റിൽ ഇത്രയും ജനപ്രീതിനേടിയ ഈ വാഹനം എന്തുകൊണ്ടാണ് ഇന്ത്യയിലെത്താത്തത്  എന്നും ഡ്രൈവിങ്ങിനിടയിൽ ഞാൻ ഓർത്തു.

അങ്ങിനെയിരിക്കെ ഇസുസുവിന്റെ കൊച്ചിയിലെ ഡീലർഷിപ്പായ മണികണ്ഠൻ ഇസുസുവിൽ നിന്ന് ഷോറൂം തലവൻ ഷാന്റോ തോമസിന്റെ ഫോൺ വന്നു : "അവനെത്തി, കെട്ടുപൊട്ടിച്ചതേയുള്ളൂ...''

കേട്ടപാതി ഞാൻ മണികണ്ഠനിലേക്ക് ഓടി. ചൂടപ്പം പോലെ എംയുഎക്‌സ് കിടക്കുന്നു. തായ്‌ലൻഡിൽ കണ്ട എം യു  എക്‌സിന്റെ രൂപവും ഭാവവും. ഒരു മാറ്റവും സംഭവിച്ചിട്ടില്ല ഈ കരുത്തൻ എസ് യു വിക്ക്. ഇസുസുവിന്റെ ഡിമാക്‌സ് വിക്രോസ് എന്ന പിക്കപ്പ് ട്രക്ക് വമ്പൻ വിജയമായ സാഹചര്യത്തിൽ, ഇന്ത്യൻ റോഡുകളിലെ താരമാകാൻ പോകുന്ന എംയുഎക്‌സിനെ നമുക്കൊന്ന് അടുത്തു കാണാം.

എം യു എക്‌സ്

ഇസുസു ഇന്ത്യയിൽ കാൽ കുത്തിയത് എംയു7 എന്ന മോഡലുമായിട്ടാണ്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള എസ്‌യുവിയായിരുന്നു എം യു 7 എങ്കിലും അതൊരു വിജയമായിരുന്നില്ല.

എതിരാളികളായ ടൊയോട്ട ഫോർച്യൂണര്‍, ഫോർഡ് എൻഡേവർ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ ഒരു തലമുറ പിന്നിലായിരുന്നു പല കാര്യങ്ങളിലും എംയു7. ഇതിനിടെ അന്താരാഷ്ട്ര വിപണിയിൽ നിന്ന് എം യു7നെ ഇസുസു പിൻവലിക്കുകയും ചെയ്തു. പകരം വന്നതാണ് എംയുഎക്‌സ്. എം യു 7നെക്കാൾ ബഹുതലമുറ മുന്നിലാണെന്നതാണ് എംയു എക്‌സിനെ ശ്രദ്ധേയമാക്കുന്നത്.

കാഴ്ച

ഇസുസു ഡി മാക്‌സ് വി ക്രോസ് എന്ന ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് എംയുഎക്‌സിന്റേതും (ഷെവർലേ ട്രെയ്ൽ ബ്ലേസറെന്ന എസ് യു വിയുടെ പ്ലാറ്റ്‌ഫോമും ഇതുതന്നെ) മുഖഭാവവും ഗൗരവ പ്രകൃതിക്കാരനായ വിക്രോസിന്റേതു തന്നെ. വലിയ, ക്രോമിയത്തിന്റെ ധാരാളിത്തമുള്ള ഗ്രിൽ വിക്രോസിന്റേതു തന്നെ. ഗ്രില്ലിനോട് ചേരുംവിധമുള്ള ഡിസൈനാണ് ഹെഡ്‌ലാമ്പുകൾക്ക്.

വലിയ ബമ്പറിന്റെ താഴെയുള്ള ഭാഗത്ത് കറുത്ത ക്ലാഡിങ്ങുണ്ട്. എയർഡാം വളരെ ചെറുതാണ്. ബമ്പറിന്റെ ഇരുവശവും ഫോഗ്‌ലാമ്പിനോടു ചേർന്ന് ഡേ ടൈം
റണ്ണിങ് ലാമ്പുകൾ. സൈഡ് പ്രൊഫൈലിൽ കാണാവുന്നത് വമ്പൻ വീൽ ആർച്ചുകളാണ്. മൾട്ടിസ്‌പോക്ക് അലോയ് വീലുകളിന്മേൽ 17 ഇഞ്ച് ടയറുകൾ. ക്വാർട്ടർ ഗ്ലാസിന്റെ ഭാഗത്തിന് ഷെവർലേ  ട്രെയ്ൽ ബ്ലേസറുമായി നല്ല രൂപസാദൃശ്യമുണ്ട്. 'സി' പില്ലറിൽ കറുത്ത ഫിനിഷുള്ള ഭാഗവുമുണ്ട്.

പിൻഭാഗത്ത് സുന്ദരമായ, വലിയ ടെയ്ൽലാമ്പുകൾ. രണ്ട് ടെയ്ൽ ലാമ്പുകളുടെയും ഇടയിൽ നീണ്ട ക്രോമിയം സ്ട്രിപ്പ്. വലിയ ബമ്പറൊന്നും പിന്നിലില്ല. താഴെ കറുത്ത ക്ലാഡിങ്. അതിന്മേൽ റിവേഴ്‌സ് ലൈറ്റും റിഫ്‌ളക്ടറുകളും. വലിയ 'ജഗപൊഗ'യൊന്നുമില്ലാതെ, വൃത്തിയായി ഡിസൈൻ ചെയ്തിരിക്കുന്ന വാഹനമാണ് എം യു എക്‌സ്. എന്നാൽ ഗൗരവവും ഭംഗിയും ചോർന്നു പോയിട്ടുമില്ല.

ഉള്ളിൽ

ഉയർന്ന സീറ്റിങ് പൊസിഷനുള്ള എംയുഎക്‌സിൽ നിവർന്നിരുന്ന് യാത്ര ചെയ്യാം. ലോകം കാൽക്കീഴിലെന്നു തോന്നുന്ന അനുഭവം എംയുഎക്‌സിന്റെ ഉയർന്ന രൂപം സമ്മാനിക്കുന്നുണ്ട്.

ഡാഷ്‌ബോർഡിന് വി ക്രോസിന്റേതിനു സമം ബ്ലാക്കും സ്റ്റീൽഫിനിഷും ചേർന്ന് സുന്ദരമായ ഉൾഭാഗം സമ്മാനിക്കുന്നു. പിയാനോ ബ്ലാക്കിന്റെ സ്പർശവും എ സി വെന്റിലും സെന്റർ കൺസോളിലുമുണ്ട്. എ സി കൺട്രോളിന്റെ ചുറ്റും കാണുന്നതും പിയാനോ ബ്ലാക്ക് തന്നെ. സ്റ്റിയറിങ് വീലിലും എസി കൺട്രോളിലും സ്റ്റീൽ ഫിനിഷുണ്ട്. മികച്ച ടെക്‌ചേർഡ് പ്ലാസ്റ്റിക്കാണ് ഡാഷ് ബോർഡിലും മറ്റും ഉപയോഗിച്ചിരിക്കുന്നത്. ആം റെസ്റ്റിലും ഡോർ പാഡുകളിലും സോഫ്റ്റ്‌ലെതർ കുഷ്യനിങ്ങുമുണ്ട്.

ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാം. ലെതർ അപ്‌ഹോൾസ്റ്ററിയാണ് സീറ്റുകൾക്ക്. 7 ഇഞ്ച്  ടച്ച് സ്‌ക്രീനാണ് ഡാഷ്‌ബോർഡിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. കൂടാതെ റൂഫിൽ ഒരു 10 ഇഞ്ച് സ്‌ക്രീൻ വേറെയുമുണ്ട്. പിൻസീറ്റിലിരിക്കുന്നവർക്ക് സിനിമയും മറ്റും കാണാൻ ഇതുപയോഗിക്കാം. ഡാഷ്‌ബോർഡിലെ ടച്ച് സ്‌ക്രീനിൽ സ്മാർട്ട്‌ഫോൺ കണക്ടിവിറ്റിയില്ല എന്നുള്ളത് കുറവു തന്നെയാണ്. കുറച്ചുകൂടി അപ്‌ഗ്രേഡഡ് സിസ്റ്റം ആകാമായിരുന്നു.

ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് വീലിൽ കൺട്രോളുകൾ, ഓട്ടോമാറ്റിക്  ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് ഫോൾഡിങ് സൈഡ് വ്യൂ മിററുകൾ, 8 സ്പീക്കറുകൾ, രണ്ട് എയർബാഗുകൾ, എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്‌സ്‌ക്യാമറ എന്നിവയെല്ലാം എംയുഎക്‌സിലുണ്ട്.

മുൻനിരയിലും പിൻനിരയിലും രണ്ടാംനിരയിലും ഹെഡ്‌സ്‌പേസും ലെഗ്‌സ്‌പേസും ഇഷ്ടംപോലെയുണ്ട്. മൂന്നാം നിരയിലേക്ക് കടക്കാൻ ഒരു ചെറിയ ലിവർ മൃദുവായി വലിച്ച് രണ്ടാംനിര സീറ്റ് മടക്കിയാൽ മതി. മൂന്നാംനിര സീറ്റിൽ തരക്കേടില്ലാത്ത ലെഗ്‌സ്‌പേസും സീറ്റിന് മികച്ച കുഷ്യനുമുണ്ട്.

എഞ്ചിൻ

3 ലിറ്റർ, 4 സിലിണ്ടർ ടർബോ എഞ്ചിനാണ് എംയുഎക്‌സിനെ ചലിപ്പിക്കുന്നത്. 177 ബിഎച്ച്പി എഞ്ചിനാണിത്. ടോർക്ക് 380 ന്യൂട്ടൺ മീറ്റർ. 5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ. ഫോർവീൽ ഡ്രൈവ്, 4X2 ഓപ്ഷനുകളുണ്ട്  എം യു എക്‌സിന്. ഫോർവീൽ ഡ്രൈവിലേക്ക് മാറ്റാൻ ഗിയർലിവറിനടുത്തുള്ള റോട്ടറി സ്വിച്ച് തിരിച്ചാൽ മതി. ആക്‌സിലേറ്റർ ആഞ്ഞു ചവിട്ടുമ്പോൾ കുതിച്ചു പായുന്ന സ്‌പോർട്‌സ് കാറുകളുടെ സ്വഭാവമല്ല, എംയുഎക്‌സിന്റെ എഞ്ചിനും ഗിയർ ബോക്‌സിനും.

ആക്‌സിലേറ്ററിൽ നൽകുന്ന മർദ്ദമനുസരിച്ച് സുഖപ്രദമായ രീതിയിലാണ് പവർ ഡെലിവറി. ഏതായാലും ലാഗൊന്നും പറയാനില്ല.

മികച്ച സസ്‌പെൻഷനാണ് എം യു എക്‌സിന്റേത്. ലാഡർ ഓൺ ഫ്രെയിം ചേസിനാണെങ്കിലും ബോഡി റോൾ എടുത്തു പറയത്തക്കതായി ഇല്ല. സ്റ്റിയറിങ് കുറച്ചു ഹെവി ആയിത്തോന്നുമെങ്കിലും വേഗതയെടുക്കുമ്പോൾ ആ പ്രശ്‌നം ഫീൽ ചെയ്യുകയില്ല ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിൽക്കപ്പെടുന്ന ലക്ഷ്വറി എസ്‌യുവികളായ ഫോർഡ് എൻഡേവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെക്കാൾ 6-7 ലക്ഷം രൂപ വില കുറവാണ് എംയുഎക്‌സിന്.

ഫീച്ചേഴ്‌സിന്റെ കാര്യത്തിലും എഞ്ചിന്റെ കാര്യത്തിലുമെല്ലാം വെല്ലുവിളി ഉയർത്താൻ ഇസുസുവിന് ഈ  വില മാത്രം മതി.

 

 

ഈ പംക്തിയിലെ മറ്റ് വിശേഷങ്ങള്‍ വായിക്കാം

ഇന്ത്യയില്‍ അദ്ഭുതങ്ങള്‍ സൃഷ്‍ടിക്കാന്‍ ജീപ്പ് കോംപസ്

ടിഗ്വാന്‍; കുറഞ്ഞ വിലയില്‍ ഒരു ജര്‍മ്മന്‍ ആഢംബര വാഹനം

ഇതാ അടിമുടി മാറി പുതിയ ഡിസയര്‍

click me!