
നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ ഐക്കണിക്ക് വാഹനമാണ് ജീപ്പ് കോംപസ്. ഇപ്പോഴിതാ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ നിർമിക്കുന്ന ജീപ്പ് പൂർണ സുരക്ഷിതമെന്ന് സര്‍ട്ടിഫിക്കേറ്റ്. ഓസ്ട്രേലിയൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എഎൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ജീപ്പ് കോംപസിന് അഞ്ച് സ്റ്റാർ ലഭിച്ചത്. ഇന്ത്യ നിർമിച്ച് ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിൽക്കുന്ന ജീപ്പാണ് എഎൻസിഎപി ക്ലാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.
ഒമ്പത് എയർബാഗുകൾ ഓട്ടോണൊമസ് എമർജിൻസി ബ്രേക്കിങ് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുള്ള ജീപ്പാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലും അഞ്ചു സ്റ്റാര്‍ സ്വന്തമാക്കി ജീപ്പ് കോംപസ് കരുത്തുതെളിയിച്ചിരുന്നു. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്നാണ് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ തെളിഞ്ഞത്.
പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന വാഹനം മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നു. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോ എന്‍സിഎപി പ്രഖ്യാപിച്ചത്.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.
2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.