
അടുത്തകാലത്ത് രാജ്യം കണ്ട ജനപ്രിയ വാഹനമോഡലാണ് ജീപ്പ് കോംപസ്. അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മികച്ച വില്‍പ്പന നേടി മുന്നേറുന്നതിനിടെ കോംപസിന്‍റെ ചരിത്രത്തില്‍ ഒരു കറുത്തപാടു വീണത് കഴിഞ്ഞദിവസമാണ്. വണ്ടി വാങ്ങി വെറും മൂന്നു മണിക്കൂറുകള്‍ക്കം ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങി എന്നതായിരുന്നു വാഹനലോകത്തെ അമ്പരപ്പിച്ച ആ വാര്‍ത്ത. അപകടത്തില്‍ വാഹന ഉടമ അദ്ഭുതകരമയാണ് രക്ഷപ്പെട്ടത്.
അസാമിലെ ഗുവാഹത്തി സ്വദേശി ജയന്ത പുകാനായിരുന്നു ഈ ദുരനുഭവം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു സന്തോഷവാര്‍ത്തയാണ്. ജയന്തയ്ക്ക് പുതിയൊരു കോംപസ് തന്നെ പകരം നൽകാനാണ് ജീപ്പ് ഇന്ത്യയുടെ തീരുമാനം. ജയന്ത തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. അപകടത്തിന്‍റെ വിവരവും നേരത്തെ ജയന്ത് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെയാണ് കമ്പനിയുടെ പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം ജയന്ത്, ഗുവഹാത്തിയിലെ മഹേഷ് മോട്ടോഴ്സിൽ നിന്നും ജീപ്പ് കോംപസ് സ്വന്തമാക്കി ദുലാജാനിലേക്കു പോകുന്നതിനിടയില്‍ വാഹനത്തിന‍്‍റെ മുൻ പാസഞ്ചർ സൈഡ് വീൽ ഇളകിപ്പോകുകയായിരുന്നു. ഷോറൂമില്‍ നിന്നും പുറത്തിറങ്ങി വെറും മൂന്നു മണിക്കൂറും 172 കിലോമീറ്ററും മാത്രം ഓടിച്ചപ്പോഴാണ് ഈ ദുരനുഭവം. അപകടത്തില്‍ നിന്നും ജയന്ത തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്.
ജീപ്പിനെ പോലൊരു മൾട്ടി നാഷണൽ കമ്പനിയിൽ ഇത്ര നിലവാരമില്ലായ്മ പ്രതീക്ഷിച്ചിരുന്നില്ലെന്നു പറഞ്ഞായിരുന്നു അപകദൃശ്യങ്ങള്‍ക്കൊപ്പം ജയന്തയുടെ പോസ്റ്റ്. ഇത് വൈറലായതോടെ എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പുതിയ വാഹനത്തിന്റ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും പറഞ്ഞ് ജയന്തയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ എത്തിയിരുന്നു.
തുടര്‍ന്ന് വാഹനം എക്സ്ചേഞ്ചിന് തയാറാണെന്ന് പറഞ്ഞ് കമ്പനി തന്നെ ബന്ധപ്പെട്ടു എന്നാണ് ജയന്തയുടെ പുതിയ പോസ് വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു അപകടം നടക്കാൻ പാടില്ലാത്തതാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജീപ്പ് ഇന്ത്യയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.
2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.