
വിപണിയിലെത്തി രണ്ടു മാസം തികയുമ്പോഴേക്കും ജനഹൃദയങ്ങള്‍ കീഴടക്കിയ ഐക്കണിക് ബ്രാന്‍റ് ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡല്‍ കോംപസ്. ഇതുവരെ പതിനൊന്നായിരത്തിലധികം ബുക്കിംങ് നേടിയാണ് വിപണിയില്‍ കോംപസ് കുതിക്കുന്നത്. ഇപ്പോള്‍ കോംപസിന്‍റെ പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുകയാണെന്നതാണ് പുതിയ വാര്‍ത്തകള്‍. കൂടുതല്‍ വാഹന പ്രേമികളെ കോംപസിലേക്ക് അടുപ്പിക്കാനാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് ഉടന്‍ പുറത്തിറക്കാനുള്ള ശ്രമത്തിനിു പിന്നില്‍. വാഹനലോകത്തു നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്തിലെ രഞ്ജഗോവന്‍ പ്ലാന്റില്‍ പെട്രോള്‍ ഓട്ടോമാറ്റിക് കോംപസിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ദീപാവലിക്ക് മുന്നോടിയായി തന്നെ വാഹനം വിപണിയിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന്‍റെ ബുക്കിംഗ് ജീപ്പ് ആരംഭിച്ചു കഴിഞ്ഞു,
ലിമിറ്റഡ്, ലിമിറ്റഡ് ഓപ്ഷന്‍ എന്നീ രണ്ടു വകഭേദങ്ങളിലാണ് കോംപസ് പെട്രോള്‍ ഓട്ടോമാറ്റിക് ലഭ്യമാകുക. എസ്.യു.വി സെഗ്‌മെന്റില്‍ നിലവില്‍ ഇവിടെയുള്ള എതിരാളികളെ വെല്ലുന്ന വിലയിലാണ് വാഹനം എത്തുന്നത്. ലിമിറ്റഡ് പതിപ്പിന് 18.96 ലക്ഷവും ലിമിറ്റഡ് ഓപ്ഷണലിന് 19.67 ലക്ഷം രൂപയുമാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില. അഡീഷ്ണലായി സണ്‍റൂഫും പുതിയ നിരയില്‍ ജീപ്പ് ഉള്‍പ്പെടുത്തിയേക്കും. കോംപസ് ഡീസല്‍ ഓട്ടോമാറ്റിക്കിനായി അടുത്ത വര്‍ഷം തുടക്കം വരെ കാത്തിരിക്കേണ്ടി വരും.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31 നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.
1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പകരുക. ആറ് എയര്‍ബാഗുകള്‍ക്കൊപ്പം ചെറുതും വലുതുമായി ഏകദേശം അന്‍പതോളം സുരക്ഷാ സന്നാഹങ്ങളും കോംപസില്‍ ജീപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് കോംപസിന്റെ വരവ്. സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.