കാലയുടെ ഥാര്‍ തരാമോ? മഹീന്ദ്രയുടെ ചോദ്യത്തിന് ധനുഷിന്‍റെ കിടിലന്‍ മറുപടി

Web Desk |  
Published : Jun 08, 2018, 05:04 PM ISTUpdated : Jun 29, 2018, 04:13 PM IST
കാലയുടെ ഥാര്‍ തരാമോ? മഹീന്ദ്രയുടെ ചോദ്യത്തിന് ധനുഷിന്‍റെ കിടിലന്‍ മറുപടി

Synopsis

കാലയുടെ ഥാര്‍ ഇനി മഹീന്ദ്രയ്ക്ക് സ്വന്തം

പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം കാലയിൽ ഉപയോഗിച്ച ഥാർ ജീപ്പ് ഇനി മഹീന്ദ്രയ്ക്ക് സ്വന്തം. ഈ ഥാര്‍ ജീപ്പ് തനിക്ക് നല്‍കുമോയെന്ന് ട്വിറ്ററിലുടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര ചിത്രത്തിന്‍റെ നിര്‍മ്മാതാവും രജനിയുടെ മരുമകനുമായ ധനുഷിനോട് ചോദിച്ചിരുന്നു. മഹീന്ദ്ര സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായിരുന്നു ഇത്. എന്നാല്‍ ഷൂട്ടിംഗ് കഴിഞ്ഞാല്‍ തരാമെന്നായിരുന്നു ധനുഷിന്‍റെ മറുപടി.

ഈ വാക്കാണ് ചിത്രത്തിന്‍റെ റിലീസിന് ശേഷം ധനുഷ് പാലിച്ചിരിക്കുന്നത്. ഥാർ ലഭിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കാലയിലെ രജനി ലൂക്കിൽ ജീപ്പിൽ മഹീന്ദ്ര ജീവനക്കാർ ഇരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ രജനി ഉപയോഗിക്കുന്ന ഈ സ്റ്റൈലിഷ് മോഡല്‍ ജീപ്പ് ഇപ്പോള്‍ മഹീന്ദ്രയുടെ ചെന്നൈയിലെ റിസേര്‍ച്ച് വാലിയിലാണുള്ളത്.

ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് കാലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം കര്‍ണാടകത്തില്‍ വലിയ പ്രതിഷേധത്തിനൊടുവിലാണ് റിലീസ് ചെയ്തത്. രജനീകാന്തിനൊപ്പം ബോളിവുഡ് താരങ്ങളായ നാന പടേക്കറും ഹുമ ഖുറേഷിയുമൊക്കെ ചിത്രത്തിലുണ്ട്.

എട്ട് വര്‍ഷം മുമ്പ് 2010ലാണ് രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. ഇപ്പോഴിതാ വാഹനത്തിന്‍റെ പുതിയ രൂപത്തെ അരങ്ങിലെത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.

മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ പെനിന്‍ഫിരയും സാങ് യോങ്ങും മഹീന്ദ്രയും ചേര്‍ന്നു ഡിസൈന്‍ നിര്‍വഹിക്കുന്ന വാഹനം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. മഹീന്ദ്ര വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമിലായിരിക്കും ഥാർ പുറത്തിറങ്ങുക. നിലവിലെ വാഹനത്തെക്കാളും നീളം കൂടുതലായിരിക്കും പുതിയ ഥാറിന്.

ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് നീക്കം. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും. എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍  2.5 എംഹോക്ക് ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഥാറിലുണ്ടാകുമെന്നാണ് കരുതുന്നത്.

2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. ഡാഷ് ബോർഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളായിരുന്നു അന്ന് മഹീന്ദ്ര നല്‍കിയത്. എന്തായാലും അടുത്ത വർഷം അവസാനത്തോടെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഹാരിയറിലും സഫാരിയിലും വമ്പൻ മൈലേജുള്ള പെട്രോൾ എഞ്ചിൻ ചേർത്ത് ടാറ്റ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ