സൗദിയില്‍ ഗതാഗതനിയമലംഘനം നടത്തുന്ന വനിതകള്‍ക്ക് ശിക്ഷ ഇതാണ്!

By Web DeskFirst Published Jun 7, 2018, 11:27 PM IST
Highlights
  • സൗദിയില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വനിതകളെ
  • ഗേള്‍സ്‌ കെയര്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിക്കും

സൗദിയില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വനിതകളെ ഗേള്‍സ്‌ കെയര്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിക്കും. സ്ഥിരം സംവിധാനം ആകുന്നത് വരെ ഇത് തുടരാനാണ് തീരുമാനം. രണ്ടാഴ്ച കഴിഞ്ഞു രാജ്യത്ത് ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍ നിരത്തിലിറങ്ങുന്ന സാഹചര്യത്തിലാണ് ഈ ഒരുക്കങ്ങള്‍.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വനിതാ ഡ്രൈവര്‍മാര്‍ നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എന്നാല്‍ സ്ത്രീകളെ തടവില്‍ പാര്‍പ്പിക്കാനുള്ള ഡിറ്റന്ഷന്‍ സെന്ററുകളുടെ പണി പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രാഫിക്‌ നിയമം ലംഘിക്കുന്ന സ്ത്രീകളെ തല്‍ക്കാലം ഗേള്‍സ്‌ കെയര്‍ സെന്ററുകളില്‍ താമസിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി മന്ത്രിസഭ ഇതിനു അംഗീകാരം നല്‍കി.

ഈ മാസം ഇരുപത്തിനാലിനാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. നിയമലംഘകരായ മുപ്പത് വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളെ കോടതി നിര്‍ദേശപ്രകാരം മാത്രമേ തടവില്‍ നിന്ന് മോചിപ്പിക്കുകയുള്ളൂ. മുപ്പത് വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളെ നിശ്ചിത കാലാവധിക്ക് ശേഷം മോചിപ്പിക്കും. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലാണ് നിലവില്‍ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏഴു സെന്ററുകള്‍ ആണുള്ളത്. ഇത് പന്ത്രണ്ടായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ക്രിമിനല്‍ കേസുകള്‍ പ്രതി ചേര്‍ക്കപ്പെട്ട സ്ത്രീകളെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചത്. ട്രാഫിക് പോലീസിലും, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിലും സ്ത്രീകളെ നിയമിക്കും. Sകഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് ആദ്യമായി വനിതാ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ ആരംഭിച്ചിരുന്നു.

click me!