ഷോറൂമുകളില്‍ വെള്ളത്തിലായ 17,500 ഓളം കാറുകള്‍ വന്‍ വിലക്കിഴിവില്‍ വിറ്റേക്കും

By Web TeamFirst Published Aug 30, 2018, 7:07 PM IST
Highlights

ഓണക്കാലം വാഹനവിപണിയുടെയും പൂക്കാലമാണ്. ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്തെ വാഹന ഡീലര്‍ഷിപ്പുകള്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മഹാപ്രളയത്തില്‍ സംസ്ഥാനത്തെ വിവിധ ഡീലര്‍ഷിപ്പുകളിലായി 17,500 ഓളം കാറുകള്‍ വെള്ളത്തിലായി.

തിരുവനന്തപുരം: മലയാളികള്‍ ഇതുവരെ കാണാത്ത മഹാപ്രളയം കോടികളുടെ നാശനഷ്‍ടങ്ങളാണ് വരുത്തിയിരിക്കുന്നത്. ഓണം സീസണ്‍ തുടങ്ങുന്നതിനു ആഴ്ചകള്‍ക്കു മുമ്പുണ്ടായ ദുരന്തം വാഹന വിപണിയെയും പിടിച്ചുലച്ചിരിക്കുന്നു.  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം. 27 ശതമാനമാണ് കേരളത്തിന്റെ വിപണിവിഹിതം. 

ഓണക്കാലം വാഹനവിപണിയുടെയും പൂക്കാലമാണ്. ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്തെ വാഹന ഡീലര്‍ഷിപ്പുകള്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മഹാപ്രളയത്തില്‍ സംസ്ഥാനത്തെ വിവിധ ഡീലര്‍ഷിപ്പുകളിലായി 17,500 ഓളം കാറുകള്‍ വെള്ളത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 35 ഓളം ഡീലര്‍ഷിപ്പുകളിലാണ് വെള്ളം കയറിയത്. ഇതുമൂലം ഏകദേശം ആയിരം കോടി രൂപയുടെ നാശനഷ്ടം ഡീലര്‍ഷിപ്പുകളില്‍ ഉണ്ടായെന്നാണ് കണക്ക്. ഓണം സീസണ്‍ ലക്ഷ്യം വെച്ച് കൂടുതല്‍ സ്റ്റോക്ക് കരുതിയതാണ് കനത്ത നഷ്ടത്തിന് ഇടയാക്കിയത്. രംഗം വഷളാക്കി. ഷോറൂമുകളില്‍ സൂക്ഷിച്ചിരുന്നവയില്‍ പുതിയ കാറുകള്‍ക്കൊപ്പം സെക്കന്‍ഹാന്‍ഡ് വാഹങ്ങളും വെള്ളത്തില്‍ മുങ്ങി.

ഇത് വന്‍ ഡിസ്കൗണ്ട് സെയിലിന് വഴിയൊരുക്കുമെന്നാണ് വാഹനലോകത്തു നിന്നുള്ള സൂചന. സ്റ്റീയറിംഗ് ലെവലിന് മുകളില്‍ വെള്ളം കയറിയ കാറുകള്‍ വില്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയില്ല. തീര്‍ത്തും ഉപയോഗശൂന്യമായ ഇത്തരം വാഹനങ്ങള്‍ ഇരുമ്പുവിലയ്ക്ക് വില്‍ക്കുക മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് മുമ്പിലുള്ള മാര്‍ഗ്ഗം.

ഡീലര്‍ഷിപ്പുകളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. വെള്ളം കയറിയ കാറുകളുടെ വില്‍പന തടയാനുള്ള നടപടികളും സൗജന്യ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള നടപടികളും നിര്‍മ്മാതാക്കള്‍ സ്വീകരിച്ചു കഴിഞ്ഞു.

2013 ല്‍ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ചില ഡീലര്‍ഷിപ്പുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. അന്ന് വെള്ളത്തിലായ 250 എസ്‌യുവികള്‍ കേടുപാടുകള്‍ ശരിയാക്കി 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ഡീലര്‍ഷിപ്പുകള്‍ വിറ്റഴിച്ചത്. അത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

click me!