ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍; കേരളത്തിലെ ആദ്യ ഇലക്ട്രിക് ഓട്ടോ

By Web DeskFirst Published Sep 14, 2017, 1:54 PM IST
Highlights

കേരളത്തിലെ തന്നെ ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷയാണ് സര്‍വ്വീസ് ആരംഭിച്ചു. വനംവകുപ്പിന്‍റെ കീഴില്‍ തേക്കടിയിലാണ് സര്‍വ്വീസ് തുടങ്ങിയത്. പെരിയാര്‍ വന്യജീവിസങ്കേതത്തിലെത്തുന്ന അംഗപരിമിതര്‍ക്ക് ആശ്വാസമായിട്ടാണ് ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി ഈസ്റ്റ് ഡിവിഷനിലെ തേക്കടി റേഞ്ചില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ഒരുമാസം മുമ്പ് തന്നെ എത്തിയിരുന്നു.  പക്ഷേ ബാറ്ററി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിനുണ്ടായ ആശയക്കുഴപ്പം കാരണം ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നതിന് കാലതാമസം നേരിട്ടു. ഒടുവില്‍ നിയമക്കുരുക്കുകളെല്ലാം മറികടന്ന് ബുധനാഴ്ച ഓട്ടോറിക്ഷയ്ക്ക് പെര്‍മിറ്റ് ലഭിക്കുകയായിരുന്നു.

ഒരുതവണ ചാര്‍ജ് ചെയ്താല്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ ഈ ബാറ്ററി ഓട്ടോറിക്ഷ ഓടിക്കാം. അഞ്ചുമണിക്കൂറാണ് ചാര്‍ജിങ് സമയം. കൂടുതല്‍ ബാറ്ററി വാഹനങ്ങള്‍ തേക്കടിയില്‍ എത്തിയ്ക്കുവാനും ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുവാനുമാണ് വനം വകുപ്പിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തേക്കടിയിലെ വാഹന പാര്‍ക്കിങ് ആന വച്ചാലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഇവിടെത്തുന്ന സഞ്ചാരികള്‍ വനം വകുപ്പിന്റെ ഡീസല്‍ ബസുകളിലാണ് തേക്കടിയിലേക്ക് പോകുന്നത്. ഈ ബസുകള്‍ ഒഴിവാക്കി ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളില്‍ സഞ്ചാരികളെ തേക്കടിയിലേക്ക് കൊണ്ടു പോകുനുള്ള തീരുമാനത്തിന്‍റെ ആദ്യഘട്ടമായാണ് ബാറ്ററി ഓട്ടോറിക്ഷ വാങ്ങിയത്.
 
ആദ്യ പടിയായി തേക്കടിയിലെത്തുന്ന അംഗപരിമിതര്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ ജീവനക്കാര്‍ക്കും വേണ്ടിയുമാണ് ഈ ബാറ്ററി ഓട്ടോറിക്ഷയുടെ സേവനം പ്രയോജനപ്പെടുത്തുക. കുമളിയില്‍നിന്നും ബോട്ട് ലാന്റിങ് വരെ 20 രൂപ മാത്രമാണ് അംഗപരിമിതരില്‍ നിന്നും ഈടാക്കുക.

click me!