ആ അപകടത്തോടെ ഒടുവില്‍ കെഎസ്ആര്‍ടിസി ഉണരുന്നു

By Web TeamFirst Published Aug 14, 2018, 11:36 PM IST
Highlights
  • പുതിയ തീരുമാനവുമായി കെഎസ്‍ആര്‍ടിസി

തിരുവനന്തപുരം: കൊല്ലം അപകടത്തോടെ കെഎസ്ആര്‍ടിസി ഉണരുന്നു. രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ലെന്നും ഉറങ്ങാന്‍ അനുവദിക്കുമെന്നും കെഎസ്ആര്‍ടസി തീരുമാനിച്ചു. 

ദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ ഡ്രൈവര്‍മാര്‍ മാറുന്നുവെന്ന് ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി 500 രാത്രികാല ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമോ, ക്രൂ ചേഞ്ച് സംവിധാനമോ പൂര്‍ണമായും നടപ്പാക്കുമെന്ന്  കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

കൊല്ലത്ത് കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെട മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ച് കൊല്ലം ആർടിഒ ഗതാഗത കമ്മീഷൺർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വാഹനാപകടത്തിന്‍റെ കാരണം കെഎസ്ആർടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കൊല്ലം ആർടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യം കൂടി കണക്കിലെടുത്താണ് ഡ്യൂട്ടി പരിഷ്കരണം  കര്‍ശനമായി നടപ്പാക്കാന‍ുള്ള തീരുമാനം. 

സെപ്റ്റംബര്‍ ഒന്നിനകം മുഴുവന്‍ രാത്രികാല ദീര്‍ഘദൂര സര്‍വീസും സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറ്റും. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കുമ്പോള്‍ ബസിലുണ്ടാവുക രണ്ട് ഡ്രൈവര്‍മാരായിരിക്കും. ഇവരില്‍ ഒരാള്‍ കണ്ടക്ടറുടെ ചുമതല വഹിക്കും. ഇതിനാവശ്യമായ പരിശീലനം നിലവില്‍ 720 പേര്‍ക്ക് നല്‍കിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ക്കുള്ള പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. 

നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ നിലവിലെ ഡ്രൈവറും കണ്ടക്ടറും മാറി തുടര്‍ന്നുള്ള സര്‍വീസിന് അവിടെനിന്നും പുതിയ ജീവനക്കാര്‍ കയറുന്നതാണ് ക്രൂചേഞ്ച്. ജോലികഴിഞ്ഞി ഇറങ്ങുന്നവര്‍ക്ക് തൃശൂര്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ വിശ്രമ സങ്കേതം തയ്യാറാക്കും. ജീവനക്കാര്‍ക്ക് വിശ്രമിക്കാനും വസ്ത്രംമാറാനും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. നിയമം അനുശാസിക്കുന്നത് എട്ട് മണിക്കൂര്‍ ജോലിയാണ്. സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂറും. ഇതിലധികം ഒരുകാരണവാശാലും ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി ഇനി അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

click me!