വിരൂപമായതിനാല്‍ ഇന്ത്യയില്‍ പരാജയപ്പെട്ട ചില ബൈക്കുകള്‍

Published : Dec 21, 2017, 07:10 PM ISTUpdated : Oct 04, 2018, 05:40 PM IST
വിരൂപമായതിനാല്‍ ഇന്ത്യയില്‍ പരാജയപ്പെട്ട ചില ബൈക്കുകള്‍

Synopsis

ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ ഒട്ടേറെ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ രാജ്യത്തെ നിരത്തുകളെ സജീവമാക്കുന്നുണ്ട്. ഈ നിര്‍മ്മാതാക്കളുടെ, രൂപത്തിലും ഭാവത്തിലും സാങ്കേതികവിദ്യയിലുമൊക്കെ നിരവധി മാറ്റങ്ങളുള്ള അനവധി മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളിലുണ്ട്.

എല്ലാ നിര്‍മ്മാതാക്കളുടെയും പ്രാഥമിക ലക്ഷ്യം ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതായതിനാല്‍ പരീക്ഷണങ്ങളാലും സമ്പന്നമാണ് ഇന്ത്യയിലെ ഇരുചക്രവാഹന വിപണി. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ നിര്‍മ്മാതാക്കളെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ഡിസൈന്‍ ചെയ്ത മോഡലുകള്‍ നിരത്തിലെത്തുമ്പോഴായിരിക്കും ജനം തള്ളിക്കളയുക. വിരൂപമെന്ന് പേരുകേട്ട, പരാജയപ്പെട്ട അത്തരം ചില ബൈക്ക് മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.


ഇന്ത്യന്‍ വിപണിയില്‍ യമഹ അവതരിപ്പിച്ച സ്‍പോര്‍ട്സ് ടൂറര്‍ മോട്ടോര്‍ സൈക്കിളായിരുന്നു ഫേസര്‍ 125. വിരൂപമായ ഹെഡ്‌ലാമ്പും ഗ്രാഫിക്‌സും ഫേസര്‍ 125 ന് കുപ്രസിദ്ധി നേടിക്കൊടുത്തു. അക്കാലത്തെ ഏറ്റവും കരുത്തുള്ള ബൈക്കുകളില്‍ ഒന്നായിട്ടും ഡ്രാഗണിന്‍റെ മുഖച്ഛായ എന്ന് ആക്ഷേപിക്കപ്പെട്ട ഫേസറിന് അധികകാലം വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ലെന്നതാണ് സത്യം.


2000ത്തിലാണ് ബജാജ് 92.2 സിസി എഞ്ചിന്‍ കരുത്തില്‍ BYKവിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ആഭ്യന്തര നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജിന് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയ മോട്ടോര്‍ സൈക്കിളാണ് BYK. മോപ്പഡിന്‍റെ പ്രതീതി ജനിപ്പിക്കുന്ന ബോഡിയും ഹെഡ്‌ലാമ്പിലെ അഭംഗിയുമൊക്കെ നിമിത്തം മാസങ്ങള്‍ക്കുള്ളില്‍ BYK കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ 2003 ലാണ് ലിബെറോയുടെ ആദ്യ തലമുറയെ അവതരിപ്പിക്കുന്നത്. പക്ഷേ ബൈക്കിന്‍റെ ഫ്രണ്ട് ഫെയറിംഗ് ചതിച്ചു.  ജനം തിരസ്‍കരിച്ചു. തുടര്‍ന്ന് രണ്ടാം തലമുറ ലിബെറോയില്‍ റെട്രോ റൗണ്ട് ഹെഡ്‌ലാമ്പുകള്‍ നല്‍കി യമഹ പുറത്തിറക്കിയ ലിബെറോ G5 വിപണിയില്‍ കുതിച്ചു കയറി.


2004ല്‍ പുറത്തിറങ്ങിയ കമ്മ്യൂട്ടര്‍ ബൈക്കായി സ്യൂസിന് 124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരുന്നു കരുത്ത് പകര്‍ന്നത്. അക്കാലത്ത് മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്ത സ്യൂസിനെയും ഡിസൈന്‍ ചതിച്ചു.  ഹെഡ് ലാമ്പിന്‍റെ ഡിസൈനിലെ അപാകതമൂലം അകാലമരണമായിരുന്നു ഈ ബൈക്കിന്‍റെ വിധി.


കൈനറ്റിക് സ്‌കൂട്ടറിന്‍റെതു പോലുള്ള രൂപമാണ് സുസുക്കി ഫിയറോക്ക് വിനയായത്. ആവശ്യത്തിലേറെ വീതിയേറിയ ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയും ഫിയറോയെ ആകര്‍ഷകമല്ലാതെയാക്കി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മനുഷ്യന്‍റെ രൂപമെന്നു പോലും ചില വാഹനപ്രേമികള്‍ ഫിയറോയെ വിശേഷിപ്പിച്ചു.


2003ലാണ് ഹീറോ ഹോണ്ട തങ്ങളുടെ ഫ്ലാഗ് ഷിപ്പ് മോഡലായ കരിഷ്‍മയെ അവതരിപ്പിക്കുന്നത്. കമ്പനിയുടെ ആദ്യത്തെ ഈ 220 സിസി മോഡല്‍ നിരത്തുകളില്‍ തരംഗമായി. എന്നാല്‍ 2014ല്‍ കരിഷ്‍മ ZMR അവതരിപ്പിച്ചെങ്കിലും ദയനീയമായിരുന്നു വിപണിയിലെ പ്രതികരണം. ഒന്നാംതലമുറ കരിഷ്‍മ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പൂത്തുലഞ്ഞു നിന്നപ്പോഴും പുത്തന്‍ കരിഷ്‍മയെ ആരും തിരിഞ്ഞു നോക്കിയില്ലെന്നതാണ് ശ്രദ്ധേയം


കൈനറ്റിക്കിന്റെ മോട്ടര്‍ സൈക്കിള്‍ സ്വപ്നങ്ങളുടെ ചിറകൊടിച്ച മോഡലായിരുന്നു GF170 ലേസര്‍ . സ്ട്രീറ്റ് മോട്ടോര്‍സൈക്കിളായാണ് GF170 ലേസറിനെ കൈനറ്റിക് അവതരിപ്പിച്ചത്. പക്ഷേ ഫെയറിംഗും ട്വിന്‍ ഹെഡ്‌ലാമ്പ് സെറ്റപ്പും ട്വിന്‍ പോഡ് ടെയില്‍ ലാമ്പും സൈഡ് മിററുകളുമൊക്കെ പിഴവുകള്‍ കൊണ്ട് ബൈക്കിനെ വിരൂപമാക്കി.


PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വിൽപ്പനയിൽ സ്പ്ലെൻഡർ തരംഗം; പിന്നാലെ ആരൊക്കെ?
ഹാരിയറിലും സഫാരിയിലും വമ്പൻ മൈലേജുള്ള പെട്രോൾ എഞ്ചിൻ ചേർത്ത് ടാറ്റ