കടംകൊണ്ട് ഗതിമുട്ടി; കോടികളുടെ വാഹനങ്ങള്‍ ലേലം ചെയ്‍ത് പാക്കിസ്ഥാന്‍

By Web TeamFirst Published Sep 19, 2018, 2:50 PM IST
Highlights

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള 102 ആഡംബര കാറുകള്‍ ലേലം ചെയ്ത് വിറ്റ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള 102 ആഡംബര കാറുകള്‍ ലേലം ചെയ്ത് വിറ്റ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. തിങ്കളാഴ്ചയാണ് ലേലം ആരംഭിച്ചത്. ഇതുവരെ ബെന്‍സ്, ബിഎംഡബ്ല്യു, ടൊയോട്ട, ജീപ്പ്, മിസ്തുബിഷി, ഹോണ്ട തുടങ്ങിയവരുടെ ആഡംബര വാഹനങ്ങളടക്കം ലേലം ചെയ്തു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ബാച്ചിലെ 70 കാറുകള്‍ നിലവിലെ സെക്കന്‍ഡ് ഹാന്‍ഡ്‌ മാര്‍ക്കറ്റ് വിലയെക്കാള്‍ വലിയ വിലയില്‍ ലേലം ചെയ്യാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് സര്‍ക്കാര്‍.

 കോടികള്‍ വില മതിക്കുന്ന അത്യാധുനിക ബോംബ്-ബുള്ളറ്റ് പ്രൂഫ് കാറുകളാണ് ഇനി ബാക്കിയുള്ളത്.  മെഴ്‌സിഡിസ് ബെന്‍സിന്റെ നാലും ബിഎംഡബ്ല്യുവിന്റെ എട്ടും അത്യാധുനിക സുരക്ഷാ സന്നാഹങ്ങളുള്ള വാഹനങ്ങള്‍ ഇതിലുണ്ട്. ഇതില്‍ ബെന്‍സിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്ക് മാത്രം 100 കോടി രൂപയോളം വില മതിക്കും. 

അതേ സമയം ആദ്യ ഘട്ടത്തില്‍ ലേലത്തിന് വെച്ച രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്ക് ആവശ്യക്കാരെത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ടുണ്ട്. 24 ബെന്‍സ്, എട്ട് ബിഎംഡബ്ല്യു, 40 ടൊയോട്ട, എട്ട് സുസുക്കി, അഞ്ച് മിസ്തുബിഷി, ഒമ്പത് ഹോണ്ട, രണ്ട് ജീപ്പ് തുടങ്ങിയ മോഡലുകളാണ് ലേലത്തിലുള്ളത്.. 

കാറുകള്‍ക്ക് പുറമേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്ത്രിമന്ദിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് കൂറ്റന്‍ കാളകള്‍, നാല് ഹെലികോപ്ടറുകളും സര്‍ക്കാര്‍ ലേലം ചെയ്യുന്നുണ്ട്. നിലവില്‍ 30 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് പാക് സര്‍ക്കാരിന് മേലുള്ളത്. ലേലം വഴി ഏകദേശം 200 കോടി പാക്കിസ്ഥാനി റുപിയാണ് (116 കോടി രൂപ) സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുക. 

click me!